NEWS
ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു
18/04/2026 03:55 PM IST
nila

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് മേഖലയിലെ നിയന്ത്രണം വീണ്ടും കർശനമാക്കി ഇറാൻ. ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നു കൊടുത്തിരുന്നു. എന്നാൽ, ഇറാനെതിരായ നാവിക ഉപരോധം ശക്തമായി തുടരുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചത്. ഇറാൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ സഞ്ചാരത്തിൽ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയതോടെ, തങ്ങളുടെ വാഗ്ദാനം ലംഘിച്ചതായി ഇറാൻ സൈനിക നേതൃത്വം ആരോപിച്ചു.
ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലും കടന്നുപോകില്ലെന്നും, ഗതാഗതം ഇപ്പോൾ കർശന നിരീക്ഷണത്തിലാണെന്നും അവർ വ്യക്തമാക്കി. ഇറാനിലേക്കുള്ള കപ്പലുകൾക്ക് സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നാണ് നിലപാട്. അതേസമയം, ഇറാനുമായി ബന്ധപ്പെട്ട ആണവ കരാറിൽ ഉൾപ്പെടെ സമ്പൂർണ ധാരണയെത്തുന്നതുവരെ ഉപരോധം തുടരാനാണ് അമേരിക്കയുടെ തീരുമാനം. ഇറാൻ ഇനി കടലിടുക്ക് അടയ്ക്കില്ലെന്ന് ഉറപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, ഐആർജിസിയുടെ അനുമതിയുള്ള വാണിജ്യ കപ്പലുകൾക്ക് മാത്രമേ ഇനി കടന്നുപോകാൻ സാധിക്കൂ എന്നും, അവയ്ക്ക് നിശ്ചിത ടോൾ അടയ്ക്കേണ്ടിവരുമെന്നും ഇറാന്റെ പാർലമെന്ററി നാഷണൽ സെക്യൂരിറ്റി കമ്മീഷൻ തലവൻ ഇബ്രാഹിം അസീസി അറിയിച്ചു. ലോകത്തെ എണ്ണയും വാതകവും എത്തിക്കുന്ന പ്രധാന പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്കിലൂടെ ഏകദേശം 20 ശതമാനം വിതരണമാണ് നടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി അവസാനം മുതൽ 47 ദിവസത്തോളം ഉണ്ടായ തടസ്സം ആഗോള എണ്ണവില ഉയരാൻ കാരണമായിരുന്നു. ഉപരോധം തുടർന്നാൽ കടലിടുക്ക് തുറക്കില്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും മുന്നറിയിപ്പ് നൽകി.
ഇതിനിടെ സംഘർഷം കുറയ്ക്കാൻ നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇറാനും യുഎസും തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദ് നഗരത്തിൽ തിങ്കളാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച തന്നെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ എത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










