
ടെഹ്‌റാൻ: അമേരിക്ക വെടിനിർത്തലിന് സന്നദ്ധമായതോടെ യുദ്ധത്തിൽ വിജയം അവകാശപ്പെട്ട് ഇറാൻ. രാജ്യമെങ്ങും വിജയാഘോഷ റാലികൾ സംഘടിപ്പിക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. “ഇറാനിയൻ ജനതയ്‌ക്കെതിരായ അന്യായ യുദ്ധത്തിൽ ശത്രുവിന് ചരിത്രപരമായ തോൽവി സംഭവിച്ചു” എന്നാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടത്. അമേരിക്കയെ തങ്ങളുടെ നിർദേശങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരാക്കിയെന്നും, ഇതോടെ ഇറാൻ തന്ത്രപരമായ വിജയം നേടിയെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച പത്ത് ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിക്കപ്പെടണം എന്നതാണ് ഇറാന്റെ നിലപാട്. ഈ ഉപാധികൾ അടിസ്ഥാനമാക്കി മാത്രമേ സമാധാനത്തിന് വഴിയൊരുങ്ങൂ എന്നും കൗൺസിൽ കൂട്ടിച്ചേർത്തു. “ഈ വിജയത്തിൽ മുഴുവൻ ഇറാനിയൻ ജനതയെയും അഭിനന്ദിക്കുന്നു. അന്തിമ തീരുമാനങ്ങൾ വരുന്നതുവരെ ക്ഷമയും ഏകോപനവും അനിവാര്യമാണ്,” പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിനകത്തെ ഐക്യവും സ്ഥിരതയും നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഏപ്രിൽ 11ന് ഇസ്ലാമാബാദിൽ ആരംഭിക്കാനാണ് തീരുമാനം. വെടിനിർത്തൽ കാലാവധി നീട്ടാനുള്ള സാധ്യതയും നിലനിൽക്കുന്നു.
അതേസമയം, ഇറാൻ പത്ത് ഉപാധികൾ മുന്നോട്ടുവച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർചർച്ചകൾ ഈ നിർദേശങ്ങളെ അടിസ്ഥാനമാക്കിയാകും നടക്കുക എന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഉപാധികളുടെ വിശദാംശങ്ങൾ അമേരിക്ക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല; ഇറാൻ ഇതിനകം അവ പുറത്തുവിടുകയും ചെയ്തു.
ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ
1. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് യുഎസ് ഉറപ്പുനൽകണം
2. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം തുടരണം
3. ഇറാന്റെ ആണവോർജ്ജം സമ്പുഷ്ടീകരിക്കാനുള്ള അവകാശം അംഗീകരിക്കണം
4. എല്ലാ പ്രാഥമിക ഉപരോധങ്ങളും പിൻവലിക്കണം
5. എല്ലാ ദ്വിതീയ ഉപരോധങ്ങളും പിൻവലിക്കണം
6. ഇറാനെതിരായ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ അവസാനിപ്പിക്കണം
7. ഇറാനെതിരായ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ബോർഡ് ഓഫ് ഗവർണേഴ്‌സ് പ്രമേയങ്ങൾ അവസാനിപ്പിക്കണം
8. യുദ്ധത്തിലെ നഷ്ടങ്ങൾക്ക് ഇറാന് നഷ്ടപരിഹാരം നൽകണം
9. മേഖലയിൽനിന്ന് യുഎസ് സേനയെ പിൻവലിക്കണം
10. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലും ശത്രുത അവസാനിപ്പിക്കണം.
ഈ നിർദേശങ്ങളും ഉപാധികളും യുഎസ് അംഗീകരിക്കുമോ എന്നത് വ്യക്തമല്ല. അമേരിക്ക യുദ്ധത്തിൽ സമ്പൂർണവിജയം നേടിയതായി ട്രംപും വൈറ്റ്ഹൗസും വ്യക്തമാക്കി. വെടിനിർത്തൽ കരാർ പ്രകാരം ഇറാന്റെ യുറേനിയം 'പൂർണമായും പരിപാലിക്കപ്പെടും' എന്ന് ട്രംപ് എഎഫ്പിയോട് പറഞ്ഞു. വെടിനിർത്തൽ അമേരിക്കയുടെ വിജയമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
'ഇത് പ്രസിഡന്റ് ട്രംപും നമ്മുടെ സൈന്യവും നേടിയെടുത്ത അമേരിക്കയുടെ വിജയമാണ്. ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ തുടക്കം മുതൽ, പ്രസിഡന്റ് ട്രംപ് 4-6 ആഴ്ചത്തെ ഓപ്പറേഷനായി കണക്കാക്കിയിരുന്നു. നമ്മുടെ യോദ്ധാക്കളുടെ കഴിവുകൾക്ക് നന്ദി, ഞങ്ങൾ 38 ദിവസത്തിനുള്ളിൽ ഞങ്ങളുടെ പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുകയും അതിൽ മുന്നേറുകയും ചെയ്തു. സൈന്യത്തിന്റെ വിജയത്തിലൂടെ പരമാവധി സമ്മർദ്ദം ചെലുത്താനായി, ഇത് ട്രംപിനും സംഘത്തിനും ചർച്ചകളിൽ ഏർപ്പെടാൻ അവസരം നൽകി. ഇപ്പോൾ നയതന്ത്രപരമായ പരിഹാരത്തിനും ദീർഘകാല സമാധാനത്തിനും വഴിയൊരുക്കിയിരിക്കുന്നു. കൂടാതെ, ട്രംപ് ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നു. അമേരിക്കയുടെ താൽപ്പര്യങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും സമാധാനം സ്ഥാപിക്കാനുമുള്ള ട്രംപിന്റെ കഴിവുകളെ ഒരിക്കലും വിലകുറച്ച് കാണരുത്', വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.











