
ടെഹ്റാൻ: അമേരിക്കൻ യുദ്ധവിമാനം തകർത്തെന്ന അവകാശവാദവുമായി ഇറാൻ. ബുഷെർ പ്രവിശ്യയിലെ ജാം മേഖലയ്ക്ക് മുകളിൽ കടന്നുകയറിയ ‘ശത്രുവിമാനം’ വെള്ളിയാഴ്ച പുലർച്ചെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്. ജാം കൗണ്ടി ഗവർണർ മസൂദ് തംഗേസ്താനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളും വാർത്ത പുറത്തുവിട്ടു. വ്യോമ പ്രതിരോധ സംവിധാനം ലക്ഷ്യം കൃത്യമായി തകർത്തതോടെ മേഖലയിലെ സാഹചര്യം നിയന്ത്രണവിധേയമായതായും റിപ്പോർട്ടുകളിൽ പറയുന്നു.
എന്നാൽ ഇറാന്റെ അവകാശവാദം അമേരിക്ക തള്ളി. മേഖലയിൽ പ്രവർത്തിച്ചിരുന്ന യുഎസ് വിമാനങ്ങളൊന്നും തകർക്കപ്പെട്ടിട്ടില്ലെന്നും എല്ലാ വ്യോമ ആസ്തികളും സുരക്ഷിതമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇറാൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്നും സെൻട്രൽ കമാൻഡ് എക്സിലൂടെ പ്രതികരിച്ചു.
ഇതിനിടെ ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുകയാണ്. ഹോർമുസ് കടലിടുക്കിന് സമീപം യുഎസുമായി ബന്ധമുള്ള നാല് കപ്പലുകളെ ഇറാൻ റെവല്യൂഷണറി ഗാർഡ് ലക്ഷ്യമിട്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. പിന്നാലെ ഇറാന്റെ സൈനിക ആവശ്യങ്ങൾക്ക് ധനസഹായമാകുന്ന എണ്ണ വ്യാപാര ശൃംഖലയെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. എണ്ണവരുമാനം ഉപയോഗിച്ച് ഇറാൻ സൈനിക ശേഷി വർധിപ്പിക്കുന്നത് തടയുക എന്നതാണ് ഉപരോധങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.










