
ടെഹ്റാൻ: അമേരിക്ക - ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. സമുദ്രത്തിനടിയിൽ 5,000 മീറ്ററിലധികം ആഴത്തിൽ തുടർച്ചയായി പത്തുദിവസം വരെ ദൗത്യം നടത്താൻ ശേഷിയുള്ള അമേരിക്കൻ ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ അവകാശപ്പെട്ടു. പിടിച്ചെടുത്ത ഡ്രോൺ സബ്മറൈന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു.
തങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്ക ആക്രമണം ഇറാൻ ആരോപിച്ചു. അമേരിക്കൻ നടപടികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തൽ.
അതിനിടെ, ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി 36 സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചു. ഇറാനുമായി ബന്ധമുള്ള സ്ഥാപനങ്ങളെയാണ് ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉപരോധ നടപടികൾക്കിടെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളായ ഖർഗ് ദ്വീപിലും ജസകിലുമുണ്ടായ ശക്തമായ സ്ഫോടനങ്ങളും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സ്ഫോടനങ്ങളുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പശ്ചിമേഷ്യയിൽ ഇതിനകം തന്നെ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പുതിയ സംഭവവികാസങ്ങൾ മേഖലയിൽ കൂടുതൽ പ്രതിസന്ധിക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തൽ.











