12:59pm 18 August 2026
NEWS
യുഎസ് സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം; വനിതകൾക്ക് ഇരട്ടി പ്രതിഫലം; ഇറാന്റെ പുതിയ പ്രഖ്യാപനം
17/08/2026  07:06 AM IST
nila
യുഎസ് സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം; വനിതകൾക്ക് ഇരട്ടി പ്രതിഫലം; ഇറാന്റെ പുതിയ പ്രഖ്യാപനം

ടെഹ്റാൻ: യുഎസ് സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. വനിതകളാണ് ഈ ദൗത്യം നിർവഹിക്കുന്നതെങ്കിൽ പാരിതോഷികം ഇരട്ടിയാക്കുമെന്നും ഇറാൻ സൈന്യം അറിയിച്ചു.

ഇറാൻ സൈനിക മേധാവി അമീർ ഹാതമിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാമ്പത്തിക സഹായ പദ്ധതിയിൽ പങ്കാളികളാകാൻ നിരവധി പേർ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പുതിയ പ്രഖ്യാപനമെന്ന് അമീർ ഹാതമി പറഞ്ഞു.

അതേസമയം, നിലവിൽ ഇറാനിൽ യുഎസ് സൈന്യം കരയുദ്ധം നടത്തുന്നില്ല. ഏപ്രിലിൽ യുഎസ് വിമാനം ഇറാനിൽ തകർന്നുവീണ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിനായി മാത്രമാണ് യുഎസ് സൈനികർ ഇറാൻ മണ്ണിൽ നേരിട്ട് എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ യുഎസ് സൈനികരെ എങ്ങനെയാണ് കൊല്ലുകയോ പിടികൂടുകയോ ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ഇറാൻ സൈന്യം വിശദീകരണം നൽകിയിട്ടില്ല.

ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് നിലവിലെ സംഘർഷം രൂക്ഷമായത്. തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനും വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുമായി പലതവണ നയതന്ത്ര നീക്കങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല.

നിലവിൽ ഇറാനിൽ യുഎസ് ഇടയ്ക്കിടെ വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും കരസേനയെ വിന്യസിച്ചിട്ടില്ല. യുദ്ധം തുടർന്നാൽ ഇറാനിൽ കരയുദ്ധത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img