
ദോഹ: ഹോർമുസ് കടലിടുക്കിലും മിഡിൽ ഈസ്റ്റ് മേഖലയിലുമായി മാർച്ചിലെ ആദ്യ വാരത്തിൽ മാത്രം 10 കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (IMO) വെളിപ്പെടുത്തി. ആക്രമിക്കപ്പെട്ട കപ്പലുകളിൽ പകുതിയും അമേരിക്ക, യു.എ.ഇ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുടെയുംl വിവിധ യൂറോപ്യൻ രാജ്യങ്ങളുടെയും പതാക വഹിച്ചവയാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.മാർച്ച് ആദ്യ വാരത്തിൽ നടന്ന പത്ത് ആക്രമണങ്ങളിൽ ഒന്ന് അമേരിക്കൻ കപ്പലിനും മറ്റൊന്ന് യു.എ.ഇ കപ്പലിനും നേരയായിരുന്നു. ബഹ്‌റൈൻ, ജിബ്രാൾട്ടർ (ബ്രിട്ടീഷ് ടെറിട്ടറി), മാൾട്ട (യൂറോപ്പ്), പാനമ തുടങ്ങിയ രാജ്യങ്ങളുടെ പതാക വഹിച്ച കപ്പലുകളും ആക്രമിക്കപ്പെട്ടു.മാർച്ച് ഒന്നിന് ബഹ്‌റൈൻ തുറമുഖത്ത് വെച്ച് അമേരിക്കൻ പതാക വഹിച്ച 'സ്റ്റെന ഇംപറേറ്റീവ്' (Stena Imperative) ആക്രമിക്കപ്പെട്ടു. ഇതിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയെ വധിച്ചതിന് പിന്നാലെയായിരുന്നു ഈ ആക്രമണമെന്നാണ് റിപ്പോർട്ട്.വിദേശ പതാകയുള്ള കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ ഉൾപ്പെട്ടിട്ടുണ്ട്.പാലാവു (Palau) പതാകയുള്ള 'സ്കൈലൈറ്റ്' എന്ന കപ്പലിലുണ്ടായിരുന്ന ബിഹാർ സ്വദേശി ക്യാപ്റ്റൻ ആശിഷ് കുമാർ കൊല്ലപ്പെട്ടു.
മാർഷൽ ഐലൻഡ്‌സ് കപ്പലായ 'എം.കെ.ഡി വ്യോമിലുണ്ടായിരുന്ന' ദീക്ഷിത് സോളങ്കി എന്ന ഇന്ത്യക്കാരനും കൊല്ലപ്പെട്ടു.
രാജസ്ഥാൻ സ്വദേശിയായ ദലീപ് സിംഗിനെ കാണാതായിട്ടുണ്ട്.അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ തുടർന്നാൽ മേഖലയിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാന്റെ മേജർ ജനറൽ അലി മുഹമ്മദ് നായിനി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവിൽ 66 ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലയിൽ സർവീസ് നടത്തുന്നുണ്ട്. യുദ്ധസാഹചര്യം കണക്കിലെടുത്ത് കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ കർശനമാക്കണമെന്നും ഡി.ജി ഷിപ്പിംഗ് (DG Shipping) നിർദ്ദേശിച്ചു.











