02:23am 08 September 2026
NEWS
അയത്തുള്ള അലി ഖമനെയിയുടെ ഖബറടക്കം നടത്താൻ ഇറാൻ തയ്യാറെടുക്കുന്നു
03/06/2026  08:50 AM IST
nila
അയത്തുള്ള അലി ഖമനെയിയുടെ ഖബറടക്കം നടത്താൻ ഇറാൻ തയ്യാറെടുക്കുന്നു

ടെഹ്റാൻ: മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇറാൻ ഒരുക്കം തുടങ്ങി. കൊല്ലപ്പെട്ട് മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് അയത്തുള്ള അലി ഖമനെയിയുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്നത്. മൂന്ന് ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിലാപയാത്രകൾ സംഘടിപ്പിക്കാനാണ് തീരുമാനം. അമേരിക്കയുമായുള്ള സമാധാന ചർച്ചകളിലെ പുരോഗതി കണക്കിലെടുത്താണ് തീരുമാനം. ചടങ്ങുകളുടെ കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഫെബ്രുവരി 28ന് അമേരിക്കൻ ആക്രമണത്തിൽ ഖമനെയി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിരുന്നുവെങ്കിലും, അതിനുശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളോ മറ്റ് വിവരങ്ങളോ പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. ഇപ്പോഴാണ് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകളെക്കുറിച്ചുള്ള ഔദ്യോഗിക തയ്യാറെടുപ്പുകൾ പുറത്തുവരുന്നത്.

തലസ്ഥാനമായ ടെഹ്റാനിലും വിശുദ്ധ നഗരങ്ങളായ ഖോം, മഷ്ഹദ് എന്നിവിടങ്ങളിലുമായി മൂന്ന് ദിവസങ്ങളിലായി വിലാപയാത്രകൾ നടക്കും. ഒന്നരക്കോടി മുതൽ രണ്ട് കോടി വരെ ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. ഇത് ഇറാൻ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുഅനുസ്മരണ പരിപാടികളിലൊന്നായി മാറാൻ സാധ്യതയുണ്ട്.

ഷിയാ വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള മുഹറം മാസത്തോടനുബന്ധിച്ചായിരിക്കും ചടങ്ങുകൾ നടക്കുക എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ഈ മാസം മധ്യത്തോടെ വിലാപയാത്രകൾ ആരംഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

ഇറാനിലെ ആത്മീയ നേതാക്കളുടെ സംസ്കാരച്ചടങ്ങുകൾ സാധാരണയായി വലിയ ജനപങ്കാളിത്തവും വികാരനിർഭരമായ അന്തരീക്ഷവും സൃഷ്ടിക്കാറുണ്ട്. ഖമനെയിയുടെ കാര്യത്തിൽ അതിന്റെ വ്യാപ്തി ഇതുവരെ കാണാത്ത രീതിയിലാകുമെന്നാണ് നിരീക്ഷകർ പറയുന്നത്.

അതേസമയം, യുദ്ധകാലത്ത് നിരവധി പ്രമുഖ നേതാക്കളുടെ ശവകുടീരങ്ങൾ പോലും ആക്രമണങ്ങൾക്ക് ഇരയായ സാഹചര്യത്തിൽ, ഖമനെയിയുടെ സംസ്കാരസ്ഥലവും ചടങ്ങുകളുടെ സുരക്ഷയും പ്രത്യേക പ്രാധാന്യം നേടുകയാണ്. അദ്ദേഹത്തെ മഷ്ഹദിൽ ഖബറടക്കാനാണ് നിലവിലെ സാധ്യതകൾ സൂചിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img