
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ മൃതദേഹം ജൂലൈ 9ന് സംസ്കരിക്കുമെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 4, 5 തീയതികളിൽ തലസ്ഥാനമായ ടെഹ്റാനിൽ പൊതുദർശനവും അനുസ്മരണച്ചടങ്ങുകളും നടക്കും. തുടർന്ന് ജന്മനാടായ മഷാദിലേക്ക് ഭൗതികശരീരം കൊണ്ടുപോകുകയും, അവിടെ ഇമാം റെസായുടെ ശവകുടീരത്തിന് സമീപം സംസ്കരിക്കുകയുമാണ് ചെയ്യുക.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ആക്രമണം നടന്ന സമയത്ത് അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയിക്കും പരുക്കേറ്റിരുന്നു. അധികാരം ഏറ്റെടുത്ത ശേഷം മുജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഖമനയിയുടെ മകൾ സഹ്ദ ഹദ്ദാദ് ആദിലും ഭർത്താവ് മിസ്ബാഹ് അൽ ഹുദ ബഗേരിയും ഇവരുടെ മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഖമനയി പങ്കെടുത്തിരുന്ന ഒരു ഉന്നതതല യോഗത്തിനിടെയാണ് ഓഫിസ് സമുച്ചയത്തെ ലക്ഷ്യമാക്കി ആക്രമണം നടന്നത്.
ഇറാൻ പ്രതിരോധമന്ത്രി അസീസ് നസീർസാദ, സൈനിക മേധാവി ജനറൽ അബ്ദുൽ റഹീം മൂസവി, സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാൻഡർ ജനറൽ മുഹമ്മദ് പക്‌പൂർ, ഖമനയിയുടെ ദീർഘകാല സൈനിക ബ്യൂറോ മേധാവിയായ മുഹമ്മദ് ഷിറാസി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
1981 മുതൽ 1989 വരെ ഇറാൻ പ്രസിഡന്റായിരുന്ന ഖമനയി, 1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവായിരുന്ന ആയത്തുല്ല ഖുമൈനിയുടെ നിര്യാണത്തെ തുടർന്ന് 1989ൽ രാജ്യത്തിന്റെ പരമോന്നത നേതാവായി ചുമതലയേറ്റിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ഇറാന്റെ രാഷ്ട്രീയ-മത നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങിയിരുന്നു.










