
ടെഹ്റാൻ: ആണവ വിഷയത്തിൽ അമേരിക്കയുടേത് ഇരട്ടത്താപ്പെന്ന് ഇറാന്റെ കുറ്റപ്പെടുത്തൽ. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വയ്ക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നത് അമേരിക്കയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇറാനെതിരായ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥിരം മിഷൻ പ്രസ്താവനയിൽ ആരോപിച്ചു.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രതികരണം. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥക്കിടെ സമാധാന ചർച്ചകൾ യുറേനിയം സമ്പുഷ്ടീകരണവും ആണവ നിർവ്യാപന കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളിലും കുടുങ്ങിക്കിടക്കുന്നതിനിടെയാണ് പുതിയ പ്രസ്താവന.
അന്താരാഷ്ട്ര ആണവോർജ ഏജൻസിയായ ആണവ നിർവ്യാപന ഏജൻസി (ഐ എ ഇ എ)യുടെ മേൽനോട്ടം തുടരുന്നിടത്തോളം യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കായുള്ളതാണെന്നും, അന്താരാഷ്ട്ര നിരീക്ഷണ സംവിധാനങ്ങളുടെ പരിധിക്കുള്ളിലാണ് പ്രവർത്തനങ്ങളെന്നും ഇറാൻ ആവർത്തിച്ചു.
അതേസമയം, സ്വന്തം ആണവായുധ ശേഖരം വർധിപ്പിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക മറ്റുരാജ്യങ്ങൾക്ക് നിയന്ത്രണങ്ങൾ നിർദേശിക്കുന്നത് അനീതിയാണെന്നും ഇറാൻ ആരോപിച്ചു. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പ്രസ്താവനയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രതിസന്ധിയിലായിരിക്കെ അമേരിക്കയെ സമ്മർദ്ദത്തിലാക്കാനുള്ള നയതന്ത്ര നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.










