
ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് പേൾ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രവും ശ്രീ അയ്യപ്പ കോളേജും സംയുക്തമായി ' നല്ല മലയാളം' ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിലും മുതിർന്നവരിലും ഭാഷാഭിരുചി വളർത്തി മാതൃഭാഷയുടെ വളർച്ചയ്ക്കും പ്രചാരണത്തിനുമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷ തെറ്റ് കൂടാതെ എഴുതുവാനും വായിക്കാനും പ്രയോഗിക്കാനുമുള്ള കഴിവ് കുട്ടികളിൽ വളർത്തിയെടുക്കാൻ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ വേണമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രകാശ് അധ്യക്ഷനായി. ഡോ. കീർത്തി സാഗർ, ഡോ.ബിന്ദു ജോൺ, രജനി ടി.നായർ എന്നിവർ ശില്പശാല നയിച്ചു. ഭാഷാപഠനകേന്ദ്രം സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, ഉപാധ്യക്ഷൻ എൻ.ജി.മുരളീധരക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് 'നല്ല മലയാളം' പ്രശ്നോത്തരിയിൽ ഡോ.എൽ.രമ്യ (ഒന്നാം സ്ഥാനം), ഡോ.പി.ജെ.വിഷ്ണു നമ്പൂതിരി (രണ്ടാം സ്ഥാനം), ശ്രീജ എസ്.പിള്ള (മൂന്നാം സ്ഥാനം) എന്നിവർ കരസ്ഥമാക്കി.











