10:16pm 09 May 2026
NEWS
ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ
09/05/2026  01:15 PM IST
nila
 ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ

 ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജനെ (62)യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിലുള്ള വസതിയിൽവെച്ചാണ് തനുജയെ കൊലപ്പെടുത്തിയത്. 

നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി കൽപ്പനയുടെ നേതൃത്വത്തിൽ കവർച്ചാ സംഘമാണ് തനുജയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.കൽപ്പന ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. 

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിനയ് രഞ്ജൻ റേ 2019ൽ ജയിൽ ഡിജിപി ആയാണ് വിരമിച്ചത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി അദ്ദേഹം ഒരാഴ്ച മുൻപ് ബെംഗളൂരുവിലേക്ക് പോയിരുന്നു. ഈ സമയത്ത് തനുജയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി ഒന്നാം നിലയിലെ കിടപ്പുമുറിയിലേക്ക് തനുജ ഉറങ്ങാൻ പോയി. മക്കൾ രണ്ടാമത്തെ നിലയിലുള്ള മുറികളിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മറ്റൊരു വീട്ടുജോലിക്കാരി എത്തി കോളിങ് ബെൽ അടിച്ചപ്പോൾ മകൾ സുനന്ദ വാതിൽ തുറന്നു. വീട്ടുജോലിക്കാരിയായ കൽപ്പനയെ കാണാതിരുന്നതിനെ തുടർന്ന് സുനന്ദ അമ്മയുടെ മുറിയിൽ പരിശോധിച്ചപ്പോഴാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ തനുജയെ തറയിൽ കണ്ടെത്തിയത്.

തനുജയുടെ വായിൽ രക്തം പുരണ്ട തുണി തിരുകിയ നിലയിലായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പുലർച്ചെ ഏകദേശം 2 മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കരുതുന്നു. ആസൂത്രിതമായ കൊലപാതകമാണെന്നും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനാണ് കൃത്യം നടത്തിയതെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

വിനയ് രഞ്ജന്റെ അമ്മയെ പരിചരിക്കാനാണ് കൽപ്പനയെ ജോലിക്കെടുത്തത്. വീട്ടിലെ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ ഇവർ മോഷണ സംഘത്തെ അകത്തു കയറ്റാൻ സഹായിച്ചതായാണ് പ്രാഥമിക നിഗമനം. ഇവർ ഒളിവിലാണ്. പുലർച്ചെ ഒരു മണിയോടെ മൂന്ന് പേർ വീട്ടിലേക്ക് കടക്കുന്നതും 2:30ഓടെ ബാഗുമായി പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പ്രതികൾ ജൂബിലി ഹിൽസിൽനിന്ന് ഓട്ടോറിക്ഷയിൽ നാമ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയതായും അവിടെനിന്ന് തെലങ്കാന എക്സ്പ്രസ്സിൽ നാഗ്പുർ ഭാഗത്തേക്ക് പോയതായും പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img