ഇതിപ്പോ എന്താ ഐഫോൺ ഫിംഗർ എന്നല്ലേ ആലോജിചിക്കുന്നത്. അമിതമായുള്ള ഫോൺ ഉപയോഗം കാരണം നമ്മുടെ കൈയിലെ ചെറുവിരലിന്റെ ഷേപ്പ് മാറുന്ന ഒരു അവസ്ഥയാണിത്. ചെറുവിരലിന്റെ അറ്റം മോതിരവിരലിനോട് അടുത്ത് വളഞ്ഞുനില്‍ക്കുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത്തരമൊരു പ്രവണത കണ്ടു വരുന്നുണ്ടെന്നാണ് പറയുന്നത്. ടിജെ ഷോ മാർച്ച് മാസത്തെ എപ്പിസോഡിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് ആദ്യമായി പറയുന്നത്. എന്നാൽ ഈ ഒരു അവസ്ഥ ഔദ്യോഗികമായി ആരിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റായ ആന്‍ഡ്രൂ ബ്രാക്കനും പറയുന്നുണ്ട്. പക്ഷെ ഇതല്ലാതെ അമിത ഫോൺ ഉപയോഗം കൊണ്ട് ക്യുബിറ്റല്‍ ടണല്‍ സിന്‍ഡ്രോം, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്ന് പറയുന്ന അവസ്ഥകൾ ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നുണ്ട്. സാധാരണ ഗതിയിൽ മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുമ്പോൾ കൈയ്ക്ക് ചെറിയ തരിപ്പും മരവിപ്പും വേദനയുമൊക്കെ അനുഭവപ്പെടാറുണ്ട്. എന്നാൽ അതൊന്നും നമ്മൾ അത്ര കാര്യമാക്കാറില്ല. പക്ഷെ അമിതമായുള്ള ഉപയോഗം സന്ധികളുടെ ആരോഗ്യത്തെ ബാധിക്കും എന്നുള്ളത് സത്യമാണ്. ഇതിനെല്ലാം കൂടി ഒരു പ്രതിവിധി മാത്രമേയുള്ളു..ഫോണിന്റെ ഉപയോഗം പരമാവധി കുറക്കുക.