06:49pm 27 October 2026
NEWS
ഐഫോൺ ഡ്യൂട്ടി തർക്കം: കൊച്ചിവിമാനത്താവളത്തിലെ പ്രവാസി വ്യവസായിയുടെ പ്രതിഷേധം ചർച്ചയാകുന്നു
27/10/2026  04:25 PM IST
nila
ഐഫോൺ ഡ്യൂട്ടി തർക്കം: കൊച്ചിവിമാനത്താവളത്തിലെ പ്രവാസി വ്യവസായിയുടെ പ്രതിഷേധം ചർച്ചയാകുന്നു

 

 

​കൊച്ചി/ദോഹ: പുതിയ ഐഫോണുമായി നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് കസ്റ്റംസിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവവും തുടർന്നുള്ള പ്രതിഷേധവും അന്താരാഷ്ട്ര യാത്രക്കാരുടെ വ്യക്തിഗത സാധനങ്ങളിലെ സുതാര്യതയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിവെച്ചു. എഡ്യുപോർട്ട് (Eduport) ലേണിംഗ് പ്ലാറ്റ്‌ഫോം സ്ഥാപകനും കോഴിക്കോട് സ്വദേശിയുമായ അജാസ് മുഹമ്മദാണ് ദുബായിൽ നിന്നും വാങ്ങിയ ഐഫോൺ 18 പ്രോയുമായി ബന്ധപ്പെട്ട് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം പ്രതിഷേധിച്ചത്.
​ഒക്ടോബർ 23-ന് അബുദാബിയിൽ നിന്നെത്തിയ അജാസിന്റെ പക്കൽ പഴയ ഫോണിന് പുറമെ പുതിയ ഫോണും ഉണ്ടായിരുന്നു. ഫോൺ സ്വന്തം ആവശ്യത്തിനുള്ളതാണെന്നും വ്യക്തിഗത ആവശ്യത്തിനുള്ള പുതിയതും പഴയതുമായ സാധനങ്ങൾ കൊണ്ടുവരാമെന്ന കസ്റ്റംസ് നിയമം ചൂണ്ടിക്കാണിച്ചും സംസാരിച്ചെങ്കിലും ഉദ്യോഗസ്ഥർ 75,000 രൂപയുടെ ഡ്യൂട്ടി ഫ്രീ പരിധി ചൂണ്ടിക്കാട്ടി നികുതി അടയ്ക്കണമെന്ന് നിർബന്ധിക്കുകയായിരുന്നു. തുടർന്ന് ടെർമിനലിലെ ചാർജിംഗ് പോയിന്റിന് സമീപം ഇരുന്ന് അജാസ് ജോലി ചെയ്തുകൊണ്ട് പ്രതിഷേധിച്ചു. പിന്നീട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തെ മാറ്റുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തു.
​കച്ചവട ആവശ്യത്തിനല്ലാതെ പ്രവാസികൾ സ്വന്തം ആവശ്യത്തിന് കൊണ്ടുപോകുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കൂടുതൽ വ്യക്തതയുള്ള നിയമങ്ങൾ വേണമെന്ന് ഖത്തറിലെ സാമൂഹിക പ്രവർത്തകനും പ്രവാസി ക്ഷേമ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമായ അബ്ദുൽ റൗഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു. ഓരോ യാത്രക്കാരനും വ്യക്തിഗത ആവശ്യത്തിനായി ഒന്നോ രണ്ടോ മൊബൈൽ ഫോണുകൾ കൈവശം വെക്കാൻ അനുമതി നൽകുന്ന വ്യക്തമായ സർക്കുലറുകൾ കേന്ദ്ര സർക്കാർ ഇറക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
​കസ്റ്റംസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും, പ്രവാസികളുടെ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് പൊതുതാൽപ്പര്യ ഹരജി നൽകാനും ഒരുങ്ങുകയാണ് അജാസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img