09:26pm 20 April 2026
NEWS
തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടി; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ ഐ - പാക് പ്രവർത്തനം നിർത്തി
20/04/2026  07:16 PM IST
nila
തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടി; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ ഐ - പാക് പ്രവർത്തനം നിർത്തി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിക്കു വേണ്ടി പ്രചാരണ തന്ത്രങ്ങൾ ഒരുക്കുന്ന ഐ–പാക് കമ്പനി താൽക്കാലികമായി ഗ്രൗണ്ട് പ്രവർത്തനങ്ങൾ നിർത്തിവച്ചു. നിയമപരമായ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് 20 ദിവസത്തേക്ക് പ്രവർത്തനം നിർത്താനുള്ള തീരുമാനം മാനേജ്‌മെന്റ് എടുത്തത്. ഞായറാഴ്ച രാത്രി ജീവനക്കാർക്ക് അയച്ച ഇമെയിലിലൂടെയാണ് ഇത് അറിയിച്ചത്. ഇതോടെ ബൂത്ത് തല പ്രവർത്തനങ്ങളിലും വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന നൂറുകണക്കിന് ജീവനക്കാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. 

ഐ–പാക് കമ്പനിയുടെ അസോഷ്യേറ്റ് ലെവൽ ജീവനക്കാർക്ക് നിർബന്ധിതമായി 20 ദിവസത്തെ അവധി എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മേയ് 11ന് ശേഷം സാഹചര്യം വിലയിരുത്തി തുടർനടപടി തീരുമാനിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ജോലിയുടെ ഭാവിയെ കുറിച്ച് ആശങ്കയിലാണ് പലരും. ഗ്രൗണ്ട് തല പ്രവർത്തനങ്ങൾ നിർത്തിയിട്ടുണ്ടെങ്കിലും, മുതിർന്ന ഉദ്യോഗസ്ഥർ തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി ചേർന്ന് പ്രചാരണ തന്ത്രങ്ങളും ഏകോപനവും തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഐ–പാക് ഡയറക്ടർമാരെ ലക്ഷ്യമിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണവും റെയ്ഡുകളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. അടുത്തിടെ കമ്പനിയുമായി ബന്ധപ്പെട്ട ഒരാളെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രചാരണ പ്രവർത്തനങ്ങൾ തടസപ്പെട്ടുവെന്ന വാർത്ത തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം പ്രചാരണം ശക്തമായി തുടരുകയാണെന്നാണ് പാർട്ടി പ്രതികരണം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ വിജയത്തിന് പിന്നിലെ പ്രധാന തന്ത്രശക്തിയായി ഐ–പാക് പ്രവർത്തിച്ചിരുന്നു. വോട്ടെടുപ്പ് അടുത്തിരിക്കെ കമ്പനിയുടെ ഈ ഇടവേള തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നത് രാഷ്ട്രീയ നിരീക്ഷകർ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img