
തിരുവനന്തപുരം: ചേന്തിയിൽ നടന്ന ശ്രീനാരായണ ജയന്തി പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ടാഴ്ച മുൻപേ താൻ പിന്മാറിയിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നതെന്ന് പ്രദേശത്തെ പ്രവർത്തകർ അറിയിക്കുകയും തുടർന്ന് പൊലീസ് റിപ്പോർട്ട് ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി ഉപേക്ഷിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചെമ്പഴന്തിയിലേക്ക് പോകുന്നതിനിടെ ചേന്തിയിൽ നേതാക്കളും പ്രവർത്തകരും നിൽക്കുന്നത് കണ്ടതിനെ തുടർന്നാണ് വാഹനത്തിൽ നിന്ന് ഇറങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്നെ ആരും തടഞ്ഞിട്ടില്ലെന്നും പുഷ്പാർച്ചന നടത്തണമെന്ന് പറഞ്ഞതിനെ തുടർന്നാണ് അവിടെ ഇറങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.
അതിനിടെയാണ് കേസിലെ കുറ്റാരോപിതനായ വ്യക്തി മോശമായി സംസാരിച്ചത്. അവിടെ വച്ച് പ്രശ്നമുണ്ടാക്കേണ്ടതില്ലെന്ന് കരുതി താൻ മടങ്ങിപ്പോവുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനിലിന്റെ ഭാര്യയും മുൻ കൗൺസിലറുമായിരുന്ന വ്യക്തി മരിച്ചപ്പോഴാണ് അവരുടെ വീട്ടിൽ പോയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വന്ദേമാതരം മുഴുവനായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടും മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസിന്റെയും സർക്കാരിന്റെയും നിലപാട് വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്നാണ്. അതിനാൽ സർക്കാർ പരിപാടികളിൽ മുഴുവൻ വന്ദേമാതരം ആലപിക്കാറില്ല.
എന്നാൽ ഉപരാഷ്ട്രപതിയും ഗവർണറും പങ്കെടുക്കുന്ന ചടങ്ങുകളിൽ അവരുടെ പ്രോട്ടോക്കോൾ അനുസരിച്ചാണ് വന്ദേമാതരം മുഴുവനായി ആലപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പരിപാടികളിലേക്ക് ഉപരാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.











