04:02pm 05 September 2026
NEWS
7.65 കോടിയുടെ നിക്ഷേപ തട്ടിപ്പ്: തായ് വാൻ സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
19/02/2025  08:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
7.65 കോടിയുടെ നിക്ഷേപ തട്ടിപ്പ്: തായ് വാൻ സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ചേർത്തല : ഓഹരി വിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു 7.65 കോടി രൂപാ തട്ടിയെടുത്ത കേസിൽ പിടിയിലായ തായ്‌വാൻ സ്വദേശികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ മുഖ്യ പ്രതികളും തായ് വാൻ സ്വദേശികളുമായവാങ് ചുൻ -വെയ് ( സുമോക 26) , ഷെൻ വെയ് -ഹോ (ക്രിഷ് 35) എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് ശേഷം ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ  ഹാജരാക്കിയത് . 27 ന് രാവിലെ 11 വരെയാണ്പോലീസ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് കേസിൽ മാറ്റർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താനാണ് പോലീസിൻ്റെ നീക്കം.കേസിൽ പിടിയിലായ കർണ്ണാടക സ്വദേശി ഭഗവാൻ റാം ഡി പട്ടേലിനെ (22) ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിൻ്റെവിദേശ ബന്ധം വ്യക്തമായതും തായ്‌വാൻ പൗരൻമാരിലേക്ക് അന്വേഷണം എത്തിയതും.സംസ്ഥാനത്ത്  രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ് കേസാണിത്. നാൽപതോളം അക്കൗണ്ടുകളിലുടെയാണ്  ചേർത്തലയിൽ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോക്ടർ ദമ്പതികളുമായ വിനായകൻ,  ഐഷ എന്നിവരിൽ സംഘം പണം തട്ടിയത്.ഇവരുമായി നിരന്തരം വാട്സാപ് ചാറ്റ് നടത്തി ഓഹരി വിപണിയിലെ ലാഭ വിവരങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്ത്ര പൂർവമായിരുന്നു കോടികൾ തട്ടിയത്. നൽകിയ തുക ഡോക്ടർ ദമ്പതികൾ തിരികെ  ചോദിച്ചപ്പോൾ രണ്ട് കോടി രൂപാ കൂടി  നൽകണമെന്ന് പറഞ്ഞു സംഘം ഭീഷണിപ്പെടുത്തി.ഇതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. നേരത്തെ കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങൾ പിൻ തുടർന്നപ്പോഴാണ് തട്ടിപ്പിൻ്റെ മുഖ്യ കണ്ണികളായ തായ് വാൻ സ്വദേശികളെ മറ്റൊരു കേസിൽ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തതായും സബർമതി ജയിലിൽ റിമാൻഡിലുണ്ടെന്നുമുള്ള വിവരം അറിയുന്നത്. തുടർന്ന് ഗുജറാത്തിലെത്തിയ കുറത്തികാട്  സി.ഐ. മോഹിതിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കസ്റ്റഡിയിൽ വാങ്ങി ആലപ്പുഴയിലെത്തിക്കുകയായിരുന്നു കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ നേരത്തെ അറസ്റ്റിലായി രുന്നു പിടിയിലായ രാജസ്ഥാൻ  സ്വദേശി നിർമ്മൽ ജയിൻ (22) ആണ്  വിദേശികളായ തട്ടിപ്പുകാരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതെന്ന്പോലീസ് കണ്ടെത്തി. തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസിയായി മാറ്റിയിരുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. കോടികളുടെതട്ടിപ്പായതിനാലും വിദേശകൾ ഉൾപെട്ടതിനാലും കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെടുമെന്ന് സുചനയുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ . എസ് . പി യുടെ അധിക  ചുമതലയുള്ള ആലപ്പുഴ ഡി വൈ എസ്. പി  എം. ആർ മധുബാബുവിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ഫോട്ടോ കാപ്ഷൻ : കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ തായ് വാൻ സ്വദേശികളെ ചേർത്തല കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.