
വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തിയ നടിക്കെതിരെ വനംവകുപ്പിന്റെ അന്വേഷണം. ഹിന്ദി–മറാഠി നടി ഛായാ കദമിനെതിരെയാണ് മഹാരാഷ്ട്ര വനംവകുപ്പ് അന്വേഷണം തുടങ്ങിയത്. ഒരു മറാഠി റേഡിയോ ചാനലിന് നൽകിയ വിഡിയോ അഭിമുഖത്തിൽ താൻ മുള്ളൻപന്നി, ഉടുമ്പ് എന്നിവയുടെ മാംസം കഴിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ മുംബൈ ആസ്ഥാനമായ പ്ലാന്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റി നടിക്കെതിരെ പരാതി നൽകുകയായിരുന്നു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ഡിഎഫ്ഒയ്ക്കും സംഘടന നൽകിയ പരാതിയെ തുടർന്നാണ് നടപടി. 1972ലെ വന്യജീവി നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വെളിപ്പെടുത്തൽ ശരിയെങ്കിൽ വന്യജീവികളെ വേട്ടയാടിയവർക്ക് എതിരെയും നടപടി വേണമെന്നും പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് മൊഴി രേഖപ്പെടുത്താനായാണ് നടിക്ക് വനംവകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. മുംബൈയിൽ ഇല്ലെന്നും നാലു ദിവസത്തിനു ശേഷം ഹാജരാകാമെന്നും നടി അറിയിച്ചതായി അധികൃതർ പറഞ്ഞു.











