12:06am 03 June 2026
NEWS
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ അന്വേഷണം നാഗർകോവിലിലേക്കും; അഖിലയുടെ തമിഴ്നാട് യാത്രകൾ പരിശോധിക്കും
02/06/2026  08:57 PM IST
nila
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ അന്വേഷണം നാഗർകോവിലിലേക്കും; അഖിലയുടെ തമിഴ്നാട് യാത്രകൾ പരിശോധിക്കും

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് പൊലീസ്. സംഭവദിവസം കുട്ടിയുടെ അമ്മ അഖില നാഗർകോവിലിൽ എത്തിയിരുന്നോയെന്ന് പരിശോധിക്കാൻ പ്രത്യേക സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. കൊലപാതകദിവസം നാഗർകോവിലിൽ ഒരു ഡാൻസ് പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് അഖില മൊഴി നൽകിയിരുന്നത്. ഇതിന് പുറമെ അഖിലയുടെ പതിവ് തമിഴ്നാട് യാത്രകളും അന്വേഷണ പരിധിയിലുണ്ട്.

കുഞ്ഞിന്റെ മരണത്തിന് കാരണമായത് നെഞ്ചിലേറ്റ ശക്തമായ ചവിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആക്രമണത്തിൽ അർഷിദിന്റെ ഏഴ് വാരിയെല്ലുകൾ ഒടിയുകയും ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി കോടതിയെ അറിയിച്ചു. തലയിൽ അഞ്ച് ഭാഗങ്ങളിലായി നീർക്കെട്ടും കണ്ടെത്തിയിട്ടുണ്ട്.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. കേസിൽ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം മുഖ്യപ്രതിയായ അഷ്‌കറിനെതിരെ സ്ത്രീകളിൽ നിന്ന് പണം തട്ടിയെന്ന പരാതികളിലും അന്വേഷണം നടക്കും. വിവാഹ വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. ഭക്ഷണം കഴിക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞ് അഷ്‌കർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. കൂടാതെ പൊള്ളലേറ്റതും മർദനമേറ്റതുമായ നിരവധി പരിക്കുകളും ശരീരത്തിലുണ്ടായിരുന്നു. ഇതിൽ പകുതിയിലേറെയും പഴക്കമുള്ള മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് ചോദ്യംചെയ്യലിൽ അഷ്‌കർ കുറ്റം സമ്മതിച്ചതായാണ് വിവരം. ഭക്ഷണം നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്നും അതോടെ കുട്ടിക്ക് ബോധം നഷ്ടമായെന്നുമാണ് ഇയാളുടെ മൊഴി. അർഷിദിനെ അഷ്‌കർ നിരന്തരം മർദിച്ചിരുന്നതായി അഖിലയും പ്രാഥമിക ചോദ്യംചെയ്യലിൽ സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img