
കൊച്ചി: കൊച്ചി നഗരത്തിലെ ലഹരിവേട്ടകൾക്ക് നേതൃത്വം നൽകുന്ന ഡാൻസാഫ് എസ്.ഐയെ ലക്ഷ്യമിട്ട് ലൈംഗികാതിക്രമവും കോഴ ആവശ്യപ്പെട്ടെന്നുമുള്ള ഗുരുതര പരാതികൾ ഉയർന്നതോടെ സിറ്റി പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. അതേസമയം, ലഹരിക്കടത്ത് ശൃംഖലയെ സംരക്ഷിക്കാൻ മാഫിയയുടെ ഭാഗമായുള്ള നീക്കമാണിതെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. തൃക്കാക്കരയിലെ ചെമ്പുമുക്കിലെ ഫ്ലാറ്റിൽ എം.ഡി.എം.എയുമായി പിടിയിലായ കെവിൻ മാത്യുവിന്റെ കേസുമായി ബന്ധപ്പെട്ടാണ് വിവാദത്തിന് തുടക്കമായത്. കെവിന് രാസലഹരി എത്തിച്ചുവെന്നാരോപിച്ച് കേസിൽ പ്രതിചേർക്കപ്പെട്ട യുവതിയാണ് എസ്.ഐയ്‌ക്കെതിരെ പരാതി നൽകിയത്.
കേസിൽ നിന്ന് ഒഴിവാക്കാൻ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും, അതിന് തയ്യാറാകാത്ത പക്ഷം 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. മുഖ്യമന്ത്രിയുടെയും കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെയും ഓഫീസുകളിലേക്ക് ഇ-മെയിൽ വഴിയാണ് പരാതി അയച്ചത്. പരാതിയിൽ വ്യക്തമായ വിലാസമില്ലെങ്കിലും, പരാതിയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ തുടർന്നതായി പൊലീസ് സ്ഥിരീകരിച്ചു.
മേയ് ആദ്യവാരത്തിൽ ഡാൻസാഫ് സംഘം കെവിൻ മാത്യുവിനെ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കെവിന്റെ മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചപ്പോൾ തൊടുപുഴ സ്വദേശിനിയായ യുവതിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തി. കെവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ കേസിൽ പ്രതിചേർക്കുകയും ചെയ്തു.
പരാതിയുടെ പശ്ചാത്തലത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം സിറ്റി നാർക്കോട്ടിക്‌സ് സെൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ യുവതിയുടെ ഔദ്യോഗിക മൊഴി രേഖപ്പെടുത്തിയിട്ടില്ല.
ഇതിനിടെ, തൊടുപുഴ സ്വദേശിനിയായ യുവതി ഒരു കോളേജ് അധ്യാപികയാണെന്നും, കെവിൻ മാത്യു അറസ്റ്റിലായതിന് പിന്നാലെ കേരളം വിട്ടിരിക്കാമെന്നുമാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. പരാതി യാഥാർഥ്യമാണോ, അല്ലെങ്കിൽ ലഹരിമാഫിയയുടെ തിരിച്ചടിയാണോ എന്നതടക്കമുള്ള എല്ലാ വശങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.










