04:48pm 21 October 2026
NEWS
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025; കേരളം കാത്തിരിക്കുന്നത് വ്യവസായ കുതിപ്പിന്
30/01/2025  04:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025; കേരളം കാത്തിരിക്കുന്നത് വ്യവസായ കുതിപ്പിന്

കൊച്ചി: ഫെബ്രുവരി 21, 22 തീയതികളിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ  (കെഎസ്ഐഡിസി) നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 കേരളത്തിൻ്റെ വ്യാവസായിക പുരോഗതിക്ക് നിർണ്ണായകമായ വൻകിട നിക്ഷേപങ്ങളും വലിയ പദ്ധതികളും കൊണ്ടുവരുമെന്ന് പ്രതീക്ഷ. 
കഴിഞ്ഞ ഏതാനും വർഷക്കാലയളവിൽ സംസ്ഥാനത്തിൻ്റെ വ്യാവസായിക അന്തരീക്ഷത്തിലും വളർച്ചയിലുമുണ്ടായ ഗണ്യമായ നേട്ടങ്ങൾ ഗ്ലോബൽ സമ്മിറ്റിൽ പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെയും സർക്കാരിൻ്റെയും വിലയിരുത്തൽ.
2023 ൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുത്തൻ വ്യവസായ നയ (ന്യൂ ഇൻഡസ്ട്രിയൽ പോളിസി -എൻ ഐ പി 2023)ത്തിന് ശേഷം നടക്കുന്ന സുപ്രധാന ഗ്ലോബൽ മീറ്റ് കൂടിയാണിത്.'സുസ്ഥിര വളർച്ചയ്ക്ക് ഉത്തരവാദിത്ത നിക്ഷേപം ' എന്നതാണ് എൻഐപി 2023 ൻ്റെ മുഖമുദ്ര.
 കേരളത്തിൻ്റെ വ്യാവസായ പരിസ്ഥിതി വലിയ മാറ്റങ്ങൾക്ക് വിധേയമതായി സർക്കാർ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിൽ വ്യവസായ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങൾ സംസ്ഥാനത്തെ തേടിയെത്തിയത് ഇതിന് ഉപോദ്ബലകമായി അവർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെൻ്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രെയ്ഡ് 2024 സെപ്റ്റംബറിൽ പുറത്തുവിട്ട എസ് ബി ആർ എ പി റേറ്റിംഗ്സ് പ്രകാരം ഏറ്റവും എളുപ്പത്തിൽ ബിസിനസ്സ് തുടങ്ങാൻ (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്) സാധിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം മുൻനിരയിലാണ്.
 സാങ്കേതികാധിഷ്ഠിത വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പരിസ്ഥിതി കേരളത്തിൽ വളർത്തിയെടുത്തിട്ടുണ്ട്. കേരളത്തിൻ്റെ കരുത്തായ ഉന്നത വിദ്യാസമ്പന്നരും പ്രൊഫഷണലുകളുമടങ്ങുന്ന തൊഴിൽ സമൂഹത്തിൻ്റെ സാധ്യതകൾ വ്യവസായങ്ങൾക്ക് പ്രയോജനപ്പെടുത്താനുതകുന്ന 'വർക്ക് ഫോഴ്സ് ഇനിഷ്യേറ്റീവ് ' പദ്ധതി കേരളം നടപ്പാക്കിയിട്ടുണ്ട്.

 കേരളത്തിൽ നേട്ടങ്ങൾ കൊയ്ത സംരംഭങ്ങൾ....

സ്റ്റാർട്ടപ്പുകളുടെയും എം എസ്എംഇകൾ  എന്നറിയപ്പെടുന്ന സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ  സംരംഭങ്ങളുടെയും കാര്യത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
നവീനവും പരീക്ഷണാത്മകവുമായ ഒട്ടേറെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ കേരളത്തിൽ വിജയകരമായി പ്രവർത്തിക്കുന്നു. ഇവയുടെ വിജയം കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കൂടുതൽ നിക്ഷേപത്തിന് വഴിതെളിച്ചിട്ടുണ്ട്.
2022-23 സാമ്പത്തിക വർഷം തുടക്കമിട്ട 'ഇയർ ഓഫ് എൻ്റർപ്രൈസസ് ഇനിഷ്യേറ്റീവി'ൽപ്പെടുത്തി ഇതേവരെ 3,75,000  സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇവയിൽ ഒരു ലക്ഷം സ്ത്രീ സംരംഭകരുടേതാണെന്ന പ്രത്യേകതയുമുണ്ട്.
ഈയവസരത്തിൽ കേരളത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ചില കമ്പനികൾ കൈവരിച്ച നേട്ടങ്ങൾ എടുത്തു പറയേണ്ടതാണ്. ആഗോള വിപണിയിൽ തന്നെ പ്രാതിനിധ്യമുള്ള സ്ഥാപനങ്ങളാണവ.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ന് മുന്നോടിയായി കേരള ശബ്ദം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി മധ്യകേരളത്തിലെ ചില വ്യവസായ സംരംഭങ്ങൾ സന്ദർശിച്ച്‌ അവയുടെ പ്രവർത്തനം വിലയിരുത്തി. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചാരണത്തിൻ്റെ മുനയൊടിക്കുന്ന പ്രവർത്തനങ്ങളാണ് അവ കാഴ്ചവയ്ക്കുന്നത്.

കാലടി മറ്റൂരിൽ പ്രവർത്തിക്കുന്ന കീർത്തി നിർമ്മൽ ഗുണനിലവാരമുള്ള മേൻമയേറിയ അരിയുൽപ്പന്നങ്ങളിലൂടെ പ്രശസ്തമാണ്. 1998 ഓഗസ്റ്റിൽ ജോൺസൺ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ ചെറുകിട വ്യവസായ സംരംഭമെന്ന നിലയിൽ തുടങ്ങിയ കീർത്തി ഇന്നിപ്പോൾ കേരളത്തിൽ ഏറ്റവും വലിയ റൈസ് ബ്രാൻഡായി വളർന്നു കഴിഞ്ഞു. "നിലവിൽ 900 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള സ്ഥാപനം ആയിരത്തോളം പേർക്ക് തൊഴിൽ നൽകുന്നുണ്ട്. ആറു മില്ലുകളിലായി 700 ടണ്ണാണ് പ്രതിദിന ഉൽപ്പന്നം. " - മാനേജിംഗ് ഡയറക്റ്റർ ജോൺസൺ വർഗ്ഗീസ് കേരള ശബ്ദത്തോട് പറഞ്ഞു.
 ലബോറട്ടറികൾക്കും ആശുപത്രികൾക്കും ആവശ്യമായ  മെഡിക്കൽ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്ന എറണാകുളം പട്ടിമറ്റത്തെ  ടെക്ക് അഗാപ്പെയ്ക്ക് എഷ്യൻ രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്കയിലും അമേരിക്കയിലും വിപണിയുണ്ട്. 1998ലാണ് അഗാപ്പെ ഡയഗോണി സ്റ്റിക്സ് പ്രവർത്തനം തുടങ്ങുന്നത്. നിലവിൽ 300 ൽപ്പരം വിതരണക്കാരും 957 ജീവനക്കാരുമുണ്ട്. എം. വൈ.യോഹന്നാൻ, തോമസ് ജോൺ, ജോൺ ജോസഫ്, മീനാ തോമസ് എന്നിവരാണ് സ്ഥാപകർ. 2023-24 സാമ്പത്തിക വർഷം 442 കോടി രൂപയായിരുന്നു വരുമാനം.

ലോകത്തെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന സംസ്കരണ കമ്പനിയായ സിന്തെറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപാണ് കോലഞ്ചേരി കടയിരുപ്പ് 1  ആസ്‌ഥാനമാക്കി സി.വി. ജേക്കബ്  ആരംഭിച്ചത്. 20 തൊഴിലാളികളായിരുന്നു തുടക്കത്തിൽ കമ്പനിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായിആയിരക്കണക്കിന് തൊഴിലാളികളും 1,800 കോടി വിറ്റുവരവുമുള്ള സ്‌ഥാപനമാണ് .
2024 ൽ 2580 കോടി രൂപയായിരുന്നു സിന്തെറ്റിൻ്റെ വരുമാനം.ഇന്ത്യയ്ക്ക് പുറമെ, ചൈന, വിയറ്റ്നാം, ശ്രീലങ്ക രാജ്യങ്ങളിലും ഉൽപ്പാദന കേന്ദ്രങ്ങയുണ്ട്. നെസ് ലേ, യൂണിലിവർ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ സിന്തെറ്റിൻ്റെ ഇടപാടുകാരാണ്. ഡോ. വിജു ജേക്കബ്ബാണ് എക്സിക്യൂട്ടീവ് ചെയർമാൻ.
ഏറ്റവും വലിയ ഒലിയോറെസിൻ നിർമ്മാതാവും സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിക്കാരുമായ അകേ ബയോ കിഴക്കമ്പലം മലയിടം തുരുത്തിലാണ്  സ്ഥിതി ചെയ്യുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img