05:21am 06 November 2026
NEWS
അക്ഷരങ്ങളോട് അധികാരികൾക്കുള്ള അസഹിഷ്ണുതക്ക് ദേശഭേദമില്ല
10/02/2025  01:55 PM IST
nila
അക്ഷരങ്ങളോട് അധികാരികൾക്കുള്ള അസഹിഷ്ണുതക്ക് ദേശഭേദമില്ല

അമേരിക്കൻ പ്രസിഡന്റിന്റെ കസേരയിലിരിക്കുന്ന ഇലോൺ മസ്കിന്റെ ചിത്രം കവർ പേജിൽ അച്ചടിച്ച ടൈം മാ​ഗസിനെതിരായ ട്രം‌പിന്റെ പരാമർശം മറ്റേതൊരു ഭരണാധികാരിയേയും പോലെ ട്രംപും വിമർശനങ്ങളെയും അക്ഷരങ്ങളെയും ഭയക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. അമേരിക്കൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഇലോൺ മസ്കാണെന്ന വ്യാഖ്യാനവുമായാണ് ഇക്കുറി ടൈം മാ​ഗസിൻ തങ്ങളുടെ കവർ ചിത്രം തയ്യാറാക്കിയത്. ഈ കവർചിത്രം കണ്ടിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ടൈം മാ​ഗസിൻ ഇപ്പോഴും പുറത്തിറക്കുന്നുണ്ടോ എന്ന മറുചോ​ദ്യമാണ് ട്രംപ് ഉയർത്തിയത്. 

ജാപ്പനീസ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയാണ് മാധ്യമപ്രവർത്തകർ ടൈം മാ​ഗസിന്റെ വിമർശനത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്. ടൈം മാ​ഗസിന്റെ കവർ കണ്ടോ എന്ന ചോദ്യത്തിന് "ഇല്ല... ടൈം മാഗസിൻ ഇപ്പോഴും ബിസിനസ്സിലാണോ? എനിക്കത് അറിയില്ലായിരുന്നു" എന്നായിരുന്നു ട്രംപിന്റെ മറുപടി. 

ലോകത്ത് എല്ലാ ഭാ​ഗത്തും ഭരണാധികാരികൾ ഭയക്കുന്നത് അക്ഷരങ്ങളെ തന്നെയാണ്. പത്രമാസികകൾ ഉയർത്തുന്ന വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാൻ അവർ തയ്യാറാകാറില്ല. അധികാരത്തിലെത്തും മുമ്പ് സഹിഷ്ണുതയേയും പത്രസ്വാതന്ത്ര്യത്തെയും എല്ലാംകുറിച്ച് വാചാലരാകുന്ന നേതാക്കൾ പോലും പിന്നീട് മാധ്യമങ്ങളുടെ വിമർശനങ്ങളോട് അസ​ഹിഷ്ണുത പ്രകടിപ്പിക്കാറുണ്ട്. കേരളത്തിലും അത്തരത്തിൽ വിമർശനം ഉയർത്തുന്ന മാധ്യമങ്ങളെ താറടിച്ച് കാണിക്കുന്ന രാഷ്ട്രീയ നേതാക്കളുണ്ട് എന്നതു ശ്രദ്ധേയമാണ്.

മാധ്യമങ്ങളും പുസ്കങ്ങളുമാണ് അധികാരകേന്ദ്രങ്ങളുടെ അഴിമതിയും പിടിപ്പുകേടുമെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്നത്. മാധ്യമങ്ങളും പുസ്കങ്ങളുമില്ലെങ്കിൽ തങ്ങളുടെ കൊള്ളരുതായ്മകൾ ജനം അറിയില്ലെന്നും ജീവിതകാലം മുഴുവൻ തങ്ങൾക്ക് അധികാരത്തിൽ തുടരാൻ കഴിയുമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. അതിനാലാണ് ലോകത്തിന്റെ എല്ലാ ഭാ​ഗങ്ങളിലും അധികാരികൾ അക്ഷരങ്ങളോട് ശത്രുത പ്രഖ്യാപിക്കുന്നത്. 

ഇന്ത്യയിൽ പത്രമാസികകൾ ആരും വായിക്കരുതെന്ന തരത്തിലുള്ള ചില നിലപാടുകൾ ഭരണകൂടം സ്വീകരിക്കുന്നത് നമുക്ക് കാണാൻ കഴിയും. റയിൽവെ സ്റ്റേഷനുകളിലെ ഹിഗ്ഗിൻബോതംസിന്റെ  ​ബുക്ക് സ്റ്റാളുകൾ മുഴുവനും അടച്ചുപൂട്ടിയത് അത്തരം ഒരു സമീപനത്തിന്റെ ഭാ​ഗമായി മാത്രമേ കാണാൻ കഴിയൂ. മുൻകാലങ്ങളിൽ ട്രെയിൻ യാത്രകളിൽ യാത്രക്കാർ വിരസത അകറ്റാൻ വിവിധ തരം പത്രമാസികകളും പുസ്തകങ്ങളും ഹിഗ്ഗിൻബോതംസിന്റെ  ​ബുക്ക് സ്റ്റാളുകളിൽ നിന്നും വാങ്ങിയിരുന്നു. എല്ലാ റയിൽവെ സ്റ്റേഷനുകളിലും സജീവമായിരുന്നു ഇത്തരം സ്റ്റാളുകൾ. എന്നാൽ, ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഈ സ്റ്റാളുകൾ കൂട്ടത്തോടെ പൂട്ടിയത്. ആരും ഒന്നുമറിയേണ്ട എന്ന അധികാര കേന്ദ്രത്തിന്റെ ധാർഷ്ട്യമായിരുന്നു അത്. 

അക്ഷരങ്ങളോട് അധികാരികൾക്കുള്ള അസഹിഷ്ണുത ലോകത്തിന്റെ എല്ലാ ഭാ​ഗത്തും ഒരുപോലെയാണ് എന്ന് തെളിയിക്കുന്നതാണ് ടൈം മാ​ഗസിനെ കുറിച്ചുള്ള ട്രംപിന്റെ പരാമർശം വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img