
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടേയും മകൻ മണിലാൽ ഗാന്ധിയുടെ പുത്രൻ അരുൺ മണിലാൽഗാന്ധിയുടെ മകനാണ് തുഷാർ അരുൺ ഗാന്ധി. മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയായി പ്രവർത്തിക്കുന്ന അദ്ദേഹം ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ അതിശക്തമായ ശബ്ദമാണ്.
മഹാത്മാഗാന്ധിയുടെ ചെറുമകൻ ഡോ. കാന്തി ഗാന്ധി ടെക്‌സ്‌റ്റൈൽ മിൽ തൊഴിലാളികളുടെ വെൽഫെയർ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച ലോക് സേവാ ട്രസ്റ്റിന്റെ പ്രസിഡന്റായി 1996 മുതൽ സേവനം അനുഷ്ഠിക്കുന്ന തുഷാർഗാന്ധി 1998-ലാണ് ഗുജറാത്തിലെ വഡോദര കേന്ദ്രമായി മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ സ്ഥാപിച്ചത്. പിന്നീട് ഇതിന്റെ ആസ്ഥാനം മുംബൈയിലേക്ക് മാറ്റി.
ഗാന്ധിവധം പ്രമേയമായി കമൽഹാസൻ രചനയും സംവിധാനവും നിർമാണവും നിർവഹിച്ച 'ഹേ റാം' എന്ന ചിത്രത്തിൽ തുഷാർഗാന്ധിയായി തന്നെ തുഷാർ ഗാന്ധി വേഷമിട്ടിരുന്നു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന തുഷാർ ഗാന്ധി 'ദി ലോസ്റ്റ് ഡയറി ഓഫ് കസ്തുർ, മൈ ബ', 'ലെറ്റസ് കിൽ ഗാന്ധി', 'ഗാന്ധിഹത്യ' തുടങ്ങിയ പുസ്തകങ്ങളുടെ കർത്താവാണ്.
സോണാൽ ദേശായിയാണ് തുഷാർഗാന്ധിയുടെ ഭാര്യ. വിവൻ ഗാന്ധി, കസ്തൂരിഗാന്ധി എന്നിവരാണ് തുഷാർഗാന്ധിയുടെ മക്കൾ.
ബീഹാർ തെരഞ്ഞെടുപ്പിലേക്കും ബീഹാറിലെ ഗ്രാമങ്ങളിലേക്കുള്ള യാത്രകളിലേക്കും പോകുന്നതിന് തൊട്ടുമുമ്പ് കേരളത്തിലെത്തിയ തുഷാർഗാന്ധി 'കേരളശബ്ദം' ലേഖകൻ മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിക്ക് അനുവദിച്ച അഭിമുഖം:
? നരേന്ദ്ര മോദി സർക്കാറിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖത്ത് ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചെറുമകനും മറുവശത്ത് ജവഹർലാൽ നെഹ്‌റുവിന്റെ ചെറുമകനുമുണ്ട്. ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യ സമരത്തിലേക്ക് നീങ്ങുകയാണോ
ബ്രിട്ടീഷുകാരിൽ നിന്നും നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ നമ്മൾ വീണ്ടും പോരാട്ടം നടത്തേണ്ടതുണ്ട്. വ്യക്തിപരമായ സ്വാതന്ത്ര്യം ഉൾപ്പെടെ കഴിഞ്ഞ 11 വർഷമായി വെല്ലുവിളി നേരിടുന്നുണ്ട്. രാജ്യത്തെ ജനങ്ങളിൽ നിന്നും സ്വാതന്ത്ര്യം എടുത്തു മാറ്റപ്പെടുന്ന അവസ്ഥയാണ് അനുഭവിക്കുന്നത്. സ്വാതന്ത്ര്യം ഒറ്റയടിക്ക് നശിപ്പിക്കുകയല്ല, ഓരോ കഷണമായി ജനങ്ങൾക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. നമ്മൾ സ്വാതന്ത്ര്യം നിലനിർത്താനും തിരിച്ചുപിടിക്കാനും തീർച്ചയായും പോരാടേണ്ടതുണ്ട്.
എന്നാൽ പാരമ്പര്യത്തിന്റെ ബന്ധങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങിയവരുടെ പാരമ്പര്യത്തേക്കാൾ സ്വാതന്ത്ര്യം നിലനിർത്തുക എന്നത് ഓരോ ഇന്ത്യക്കാരന്റേയും ഉത്തരവാദിത്വമാണ്. സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുന്ന ഏതൊരാളും ഇപ്പോഴെന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ ഗൗരവത്തോടെ ചിന്തിക്കുകയും പരിഗണിക്കുകയും വേണം.
? മഹാത്മാഗാന്ധിയുടെ ചെറുമകനെന്ന നിലയിൽ, ഇന്നത്തെ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ താങ്കളുടെ പങ്കിനെ താങ്കൾ എങ്ങനെ കാണുന്നു
മോഹൻദാസ് ഗാന്ധിയുടെ പ്രപൗത്രൻ എന്ന നിലയിലല്ല ഞാനീ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യക്കാരനെന്ന നിലയിലാണ്.
? ഇന്ന് ഇന്ത്യയിൽ ജനാധിപത്യ മൂല്യങ്ങൾ സമ്മർദ്ദത്തിലാണെന്ന് പലരും കരുതുന്നു. താങ്കളുടെ അഭിപ്രായത്തിൽ, ജനാധിപത്യം സംരക്ഷിക്കുന്നതിന് എന്ത് നടപടികൾ ആവശ്യമാണ്
സ്വാതന്ത്ര്യ സമരത്തിൽ രണ്ട് ഉത്കൃഷ്ടതയും മികവും ഇന്ത്യക്കാർ കാത്തുസൂക്ഷിച്ചിരുന്നു ഉത്തരവാദിത്വവും ത്യാഗവുമാണത്. ഇന്ത്യയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം വേണമെങ്കിൽ പോരാട്ടം നടത്തിയേ തീരുകയുള്ളു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം നേടുകയെന്ന ഉത്തരവാദിത്വത്തിൽ നിന്ന് അവർ മാറി നിൽക്കുകയോ അതിനുവേണ്ടി ത്യാഗങ്ങൾ അനുഭവിക്കേണ്ടി വരുമെന്നത് ഒഴിവാക്കുകയോ ചെയ്തില്ല. തങ്ങളുടെ ജീവൻ ത്യജിക്കാൻ പോലും അക്കാലത്ത് യുവാക്കൾ തയ്യാറായിരുന്നു. അതായിരുന്നു സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ സ്വഭാവം.
സ്വാതന്ത്ര്യ സമരത്തിൽ ഏർപ്പെട്ട നേതൃത്വത്തിലുള്ളവരെല്ലാം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. ഒരു നേതാവുപോലും മുമ്പിൽ നയിക്കാൻ ഇല്ലാതിരുന്നിട്ടും 1942-ആഗസ്റ്റ് ഒൻപതിന് ആരംഭിച്ച ക്വിറ്റ് ഇന്ത്യാ സമരം രണ്ടര വർഷം മുമ്പോട്ടു പോയി. അതോടെയാണ് ബ്രിട്ടീഷുകാർ തങ്ങൾക്ക് ഈ സമരം ജയിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞത്. ആ സമയത്ത് എല്ലാ ഇന്ത്യക്കാരും ഉത്തരവാദിത്വം പ്രകടിപ്പിക്കുകയും ത്യാഗമനോഭാവത്തോടെ മുമ്പോട്ടു വരികയും ചെയ്തു. ത്യാഗം എന്നാൽ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുക എന്നുമാത്രമല്ല അർഥമാക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും നേട്ടത്തിനും വേണ്ടി തങ്ങളുടെ സമയം ഉപയോഗപ്പെടുത്തുക എന്നുകൂടിയാണ് അതിനർഥം. ഇത്തരത്തിൽ പ്രവർത്തിക്കാൻ തയ്യാറായി മുമ്പോട്ടു വന്നവരായിരുന്നു നമ്മുടെ ശക്തി.
ഇപ്പോഴാകട്ടെ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യസ്‌നേഹം തുളുമ്പുന്ന വാക്കുകളും പ്രവർത്തികളും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ആരും അവരവരുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാകുന്നില്ല. ആരും ഒരു മിനുട്ട് സമയം പോലും രാജ്യത്തിനുവേണ്ടി നീക്കിവെച്ച് രാജ്യത്തിന് സേവനം ചെയ്യാനുള്ള ത്യാഗം പോലും കാണിക്കുന്നില്ല. സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമായ ബോധമില്ലാത്ത ആർക്കും സ്വാതന്ത്ര്യത്തെ വിലമതിക്കാനാവില്ല.
? ഇന്ത്യയുടെ പൂർണ്ണനിയന്ത്രണം ഏറ്റെടുക്കാൻ ബിജെപി-സംഘ് പരിവാർ സർക്കാർ ആസൂത്രിതമായ ഒരു തന്ത്രം നടപ്പിലാക്കുന്നതായി തോന്നുന്നു. ഇതിനെ എങ്ങനെ ചെറുക്കാൻ കഴിയും
ജനാധിപത്യ രാജ്യത്തിൽ ഏറ്റവും ശക്തി പൗരന്മാർക്കാണ്. ജനാധിപത്യത്തിലാണ് തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള അവകാശം പൗരന്മാർക്ക് ലഭിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് എതിർപ്പുകൾ നേരിടാതെ തങ്ങളുടെ അജണ്ടകൾ നടപ്പാക്കാനാവില്ല. ഈ നിലപാടിൽ നിന്നുവേണം അവസ്ഥകൾ മനസ്സിലാക്കാൻ. ബി.ജെ .പി രാഷ്ട്രീയ ഗെയിമാണ് കളിക്കുന്നത്. അവർ അധികാരത്തിൽ പിടിമുറുക്കാനും അത് പിടിച്ചെടുക്കാനുമാണ് ശ്രമിക്കുന്നത്. നമ്മൾ പൊതുജനങ്ങളും പൗരന്മാരും തിരിച്ചറിയേണ്ട കാര്യം ബി.ജെ.പി ഉൾപ്പെടെയുള്ള ഭരണാധികാരികളല്ല നമ്മുടെ പ്രഭുക്കന്മാരെന്നാണ്. നമ്മൾ ജനങ്ങളാണ് അവരുടെ പ്രഭുക്കൻമാർ. അത്തരം ചിന്ത ഉയരുന്നതോടെ നമുക്ക് ഭരണാധികാരികളുമായി ഇടപെടുന്നതിലെ വ്യത്യാസം മനസ്സിലാക്കാനും അവരെ തിരുത്താനും സാധിക്കും. പൊതുജനങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ ഏത് ഭരണകൂടത്തെയും തിരുത്താൻ സാധിക്കും. കാഴ്ചപ്പാടിലെ വ്യത്യാസം സൃഷ്ടിക്കുന്ന നിലപാടാണ് അത്. അതേസമയം അവരാണ് സർക്കാരെന്നും അവർക്കാണ് എല്ലാ അധികാരമെന്നും നമ്മൾ കരുതുകയാണെങ്കിൽ അതിനെ ജനാധിപത്യം എന്ന് വിളിക്കാനാവില്ല. ശരിയായ ജനാധിപത്യമെന്ത് എന്ന പാഠങ്ങൾ നമ്മൾ മറക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും എതിർ ശബ്ദങ്ങൾ ഉയർത്തുകയും ചെയ്യുക എന്നതാണ് പ്രധാനകാര്യം. എന്താണ് യാഥാർഥ്യമെന്നും എന്താണ് സത്യമെന്നും എന്താണ് രാജ്യത്തിന് ആവശ്യമെന്നും ജനങ്ങൾ മനസ്സിലാക്കണം.
? ആഗോളതലത്തിലും ഇന്ത്യയിലും ധ്രുവീകരണവും വിഭജന രാഷ്ട്രീയവും ഉയർന്നുവരുന്നതായി തോന്നുന്നു. അത്തരം പ്രവണതകളെ ചെറുക്കുന്നതിന് ഗാന്ധിജിയുടെ സന്ദേശം എന്തായിരിക്കും
നിർഭാഗ്യവശാൽ ലോകത്താകമാനം ജനാധിപത്യ ആശയങ്ങൾ ആക്രമിക്കപ്പെടുന്നുണ്ട്. ജനാധിപത്യത്തിന്റെ ദൗർബല്യങ്ങൾ ഉപയോഗപ്പെടുത്തി പല ഭരണാധികാരികളും തങ്ങളുടെ ആധിപത്യം സൃഷ്ടിക്കാൻ ശ്രമിക്കുകയും തങ്ങളുടേതായ സാമ്രാജ്യത്തിന് മുൻകൈ എടുക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടാൻ ശക്തരായ നേതാക്കളെ സൃഷ്ടിച്ചെടുക്കുകയും ഭരണാധികാരികളുടെ ഏകാധിപത്യ പ്രവണതകളെ എതിർക്കാൻ സാധിക്കുകയും വേണം. പലപ്പോഴും ഭരണാധികാരികൾ തങ്ങളുടെ ശക്തി ഉപയോഗിച്ച് എതിരാളികളെ അടിച്ചമർത്തുകയും ചെയ്യും. നിർഭാഗ്യകരമെന്ന് പറയട്ടെ ചരിത്രത്തിലുടനീളം ഏകാധിപത്യ പ്രവണത പ്രകടിപ്പിച്ചവരെല്ലാം തങ്ങളുടെ രാജ്യങ്ങളിൽ ശക്തരായ ഭരണാധികാരികളാണെന്ന്് പുറമേ കാണിക്കുകയും എതിർപ്പുകളെ തടയുകയും ചെയ്തിട്ടുണ്ട്. അവരാകട്ടെ രാജ്യത്തിന് വലിയ പ്രതിസന്ധികൾ വരുത്തിവെക്കുകയും ചെയ്തു. ഒരു ചെറിയ കാലഘട്ടത്തിൽ അവർ വലിയ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് ജനങ്ങൾക്ക് തോന്നും.
ഉദാഹരണത്തിന് ഹിറ്റ്‌ലറുടെ കാര്യെടുത്താൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മറ്റ് ബുദ്ധിമുട്ടുകളിൽ നിന്നും ജർമനിയെ മാറ്റി നിർത്താൻ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധിച്ചിട്ടുണ്ട്. ജർമ്മനിയെ ആകർഷകമായ രാജ്യമാക്കി മാറ്റിയെന്ന് കാണിക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ അധികം താമസിയാതെ ഹിറ്റ്‌ലറുടെ നയങ്ങൾ ജർമ്മനിയെ തകർക്കുകയും ചെയ്തു.
ചർച്ചിലിന്റെ കാര്യമെടുത്താലും ഇതുതന്നെ കാണാനാവും. യുദ്ധത്തെ ജയിക്കാൻ ചർച്ചിലിന് സാധിച്ചെങ്കിലും അദ്ദേഹം ബ്രിട്ടന്റെ ഭരണഘടനാപരവും വ്യവസ്ഥാപിതവുമായ ജനാധിപത്യമാണ് ദീർഘകാലത്തേക്ക് തകർത്തെറിഞ്ഞത്. യുദ്ധാനന്തരം ചർച്ചിൽ ഒഴിവാക്കപ്പെട്ടു.
റഷ്യയിലെ പുട്ടിന്റെ കാര്യവും ഇതേ രീതിയിൽ തന്നെ പരിഗണിക്കാനാവും. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി റഷ്യൻ ജനാധിപത്യത്തെ അദ്ദേഹം വളരെ ബുദ്ധിപൂർവ്വമാണ് ഉപയോഗപ്പെടുത്തുന്നത്. ജനാധിപത്യം ഉപയോഗിച്ച് ഏകാധിപത്യം നടപ്പാക്കാനാണ് റഷ്യയിൽ പുട്ടിൻ ശ്രമിക്കുന്നത്.
യൂറോപ്പിലാകമാനം നോക്കിയാലും ഈ അവസ്ഥ തന്നെ കാണാനാവും. ഭരണാധികാരികളെല്ലാം ശക്തരും ആകർഷണീയരുമാണ്. എന്നാൽ അവരാരും തങ്ങളുടെ രാജ്യങ്ങളുടെ നേട്ടത്തിനുള്ള കാര്യങ്ങളൊന്നും നിർവഹിക്കുന്നില്ല. ദീർഘവീക്ഷണത്തോടെ പരിഗണിച്ചാൽ അവരെല്ലാം രാജ്യങ്ങളെ തകർക്കുകയാണ് ചെയ്യുന്നത്.
'മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ൻ' എന്ന യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുദ്രാവാക്യം ശ്രദ്ധിക്കുക. അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം വളരെ ആകർഷകമായ മുദ്രാവാക്യമാണത്. എന്നാൽ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് നോക്കിയാൽ അദ്ദേഹം യുഎസിനെ ഒറ്റപ്പെടുത്തുകയും ലോകത്തെ മുഴുവൻ എതിരാക്കുകയുമാണ്. അത് ആ രാജ്യത്തിന് തകരാറാണ്. ഉടനെ അമേരിക്കക്കാർ ഇക്കാര്യം തിരിച്ചറിയും.
ഈ രീതിയിലാണ് ശക്തരായ നേതാക്കളെന്ന് കരുതുന്നവർ അവരുടെ രാജ്യങ്ങളെ തകർക്കുന്നത്. ശക്തരായ നേതാക്കൾ ഭരണാധികാരികളായി വന്നാൽ രാജ്യം ശക്തമാകുമെന്ന് പ്രതീക്ഷിക്കരുത്. അത്തരക്കാർ സ്വേഛാധിപതികളും സ്വാർഥരുമാണ്. നിർഭാഗ്യവശാൽ ഇത്തരം ജനാധിപത്യ രാജ്യങ്ങളിലെ പൗരന്മാരും സ്വാർഥരാവുകയാണ്. അവർ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾ മാത്രമാണ് ലക്ഷ്യമിടുകയും പരിഗണിക്കുകയും ചെയ്യുന്നത്.
? ഇന്ത്യയുടെ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ഭരണകൂടത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ ചർച്ചകൾ നടത്തുന്നുണ്ട്.
ഗാന്ധിജിയുടെ രാഷ്ട്രത്തിനായുള്ള ദർശനത്തിന്റെ വെളിച്ചത്തിൽ ഈ സംഭവവികാസങ്ങളെ താങ്കൾ എങ്ങനെ വ്യാഖ്യാനിക്കുന്നു
പഴയ കാലത്ത് വ്യക്തികൾ ത്യാഗത്തിന് പ്രാധാന്യം കൊടുത്തതെങ്കിൽ ഇപ്പോൾ ആരും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ത്യാഗത്തിന് തയ്യാറാവുന്നില്ല. ഭൂരിപക്ഷത്തിന്റെ നേട്ടങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ദൗർഭാഗ്യവശാൽ ജനാധിപത്യം തകർക്കുന്ന രീതിയിലാണ് നമ്മൾ മാതൃകയെന്ന് കരുതുന്ന പലരും പ്രവർത്തിക്കുകയും അഴിമതിയിലൂടെ നേട്ടമുണ്ടാക്കുകയും ചെയ്യുന്നത്. തങ്ങളാണ് ഭൂരിപക്ഷമെന്ന കാരണത്തിലൂടെ മറ്റുള്ളവർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്.
ഇന്ത്യയിലിപ്പോൾ ഭൂരിപക്ഷമാണ് എന്നതിനോടൊപ്പം ആൾക്കൂട്ടത്തിന്റെ ആധിപത്യം കൂടിയാണ് നടക്കുന്നത്. ആൾക്കൂട്ടങ്ങൾ ചേർന്നാണ് രാജ്യഭരണം നടത്തുന്നത്.
? ബീഹാറിൽ തിരഞ്ഞെടുപ്പ് അടുക്കുന്നു. രാജ്യത്തുടനീളം, വ്യാജ വോട്ടുകൾ സൃഷ്ടിക്കുന്നതിനായി വ്യാജ വിലാസങ്ങൾ ഉപയോഗിക്കുന്നതും വലിയ തോതിലുള്ള തിരഞ്ഞെടുപ്പ് തട്ടിപ്പും നാം കണ്ടിട്ടുണ്ട്. ഇപ്പോൾ, വോട്ടർമാരെ അടിച്ചമർത്തുന്നത് വർധിച്ചുവരുന്നതായി തോന്നുന്നു. ഇതിനെതിരെ ഇന്ത്യയ്ക്ക് എന്തുചെയ്യാൻ കഴിയും
ഇപ്പോൾ പുറത്തുവരുന്ന തെരഞ്ഞെടുപ്പ് തട്ടിപ്പ് രീതി ഇന്ത്യ ഇതിനു മുമ്പൊരിക്കലും കാണുകയോ നേരിടുകയോ ചെയ്തിട്ടില്ല. ബൂത്ത് പിടിത്തം, കള്ളവോട്ട് ചെയ്യൽ, ബാലറ്റ് പേപ്പറും പെട്ടിയും തട്ടിക്കൊണ്ടുപോവുക തുടങ്ങിയ അക്രമങ്ങൾ തെരഞ്ഞെടുപ്പുകളിൽ കണ്ടിട്ടുണ്ട്. ഇത്തരം സംഗതികളിൽ അക്രമികൾ പിടിക്കപ്പെടുകയും ചിലരെങ്കിലും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അങ്ങേയറ്റം വൈജാത്യം നിലനിൽക്കുന്ന രാജ്യമാണ് എന്നതിനാൽ പൂർണമായും സത്യസന്ധമായി തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയില്ല.
എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന കാര്യങ്ങൾ അങ്ങനെയല്ല. തെരഞ്ഞെടുപ്പ് പ്രക്രിയയാണ് തകർത്തിരിക്കുന്നത്. സുതാര്യവും സത്യസന്ധവുമായി തെരഞ്ഞെടുപ്പ് നടത്താൻ ഏൽപ്പിക്കപ്പെട്ട ഏജൻസി തന്നെയാണ് കൃത്രിമം നടത്തിയിരിക്കുന്നത്. അവരുടെ ഉദ്ദേശ്യവും ധാർമികതയും സംശയത്തിന്റെ നിഴലിലായി. ഭരണഘടനയ്ക്ക് അനുസൃതമായ തരത്തിലല്ല തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് എന്ന തോന്നലിലേക്ക് കാര്യങ്ങൾ എത്തിച്ചു. പകരം ഭരിക്കുന്ന പാർട്ടിയുടെ നേട്ടങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അവസ്ഥയാണുണ്ടായത്. അത് അപകടകരമായ അവസ്ഥയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ അഴിമതി നിറഞ്ഞതായാൽ അതിനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനാവും. എന്നാൽ ധാർമിക നടപടികളുടെ കാര്യം അങ്ങനെയല്ല.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രിം കോടതി പറഞ്ഞ കാര്യം ഈ സാഹചര്യത്തിൽ പ്രാധാന്യം അർഹിക്കുന്നുണ്ട്. തെറ്റാണ് ചെയ്തതെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയെന്നും അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനന്തരഫലങ്ങൾ അനുഭവിക്കുക എന്നാണ് സുപ്രിംകോടതി പറഞ്ഞതിന്റെ അർഥം. സുപ്രിംകോടതി നേരിട്ടിങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും വരികൾക്കിടയിലൂടെ വായിച്ചാൽ ഈ അർഥം ലഭിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ചോദ്യങ്ങൾ ഉയർത്തുന്നവയും അവരുടെ ഉദ്ദേശ്യങ്ങളിൽ സംശയം ഉളവാക്കുന്നതുമാണ്. കഴിഞ്ഞ ഒന്നര വർഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചാൽ ഇതു മനസ്സിലാകും. അവർക്കെതിരെ ഉയരുന്ന ഏതൊരു ചോദ്യത്തേയും അവർ അവഗണിക്കുകയോ അല്ലെങ്കിൽ ധിക്കാരത്തോടെയോ ആണ് സമീപിച്ചിരിക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണ്. ജനാധിപത്യത്തിൽ ആരും ചോദ്യങ്ങൾക്ക് അതീതരല്ല.
? ശ്രദ്ധാപൂർവ്വമായ വിശകലനം സൂചിപ്പിക്കുന്നത് ഇന്ത്യ സാമ്പത്തികമായും സാമൂഹികമായും ധാർമ്മികമായും സാംസ്‌കാരികമായും അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്ന്. എന്നാൽ ഭരണകക്ഷികൾ നേരെ വിപരീതമാണ് അവതരിപ്പിക്കുന്നത്. മാധ്യമങ്ങൾ അവരുടെ വക്താക്കളായി പ്രവർത്തിക്കുന്നു. ഇത് വിജയിക്കാവുന്ന ഒരു യുദ്ധമാണോ
നമ്മുടെ ഭരണാധികാരികൾ രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയല്ല, അവരുടെ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നിട്ടവർ മനോഹരമെന്ന് വിശേഷിപ്പിക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വർധിച്ചുകൊണ്ടിരിക്കുകയാണ്. പൗരന്മാരെന്ന നിലയിലുള്ള അവകാശങ്ങൾ നഷ്ടപ്പെടുന്ന ജനങ്ങളുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതേസമയത്തു തന്നെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. മേക്കപ്പ് ഉപയോഗിച്ച് ത്വക് രോഗം മറച്ചുവെക്കുന്നതുപോലെയാണ് ഈ അവസ്ഥ. തൽക്കാലത്തേക്ക് രോഗം മറച്ചുവെക്കാമെങ്കിലും ആത്യന്തികമായ രോഗശാന്തി ഉണ്ടാകുന്നില്ല.
ബീഹാറിന്റെ കാര്യം തന്നെ എടുത്തു നോക്കിയാൽ പ്രസ്തുത സംസ്ഥാനത്തിന്റെ മികവുറ്റ ഭാഗങ്ങൾ എടുത്തുകാണിക്കപ്പെടുന്നുണ്ട്. എന്നാൽ ബീഹാറിലുടനീളം ഞാൻ നടത്തിയ യാത്രകളിൽ അവിടുത്തെ ദൈന്യമുഖങ്ങളും വികസനമില്ലായ്മയും കണ്ടിട്ടുണ്ട്. ചംപാരൻ ഗ്രാമത്തിൽ ഞാൻ കണ്ടത് ഉദാഹരണമായി പറയാം. 1917-ൽ മഹാത്മാഗാന്ധി ചംപാരനിൽ കണ്ട അതേ അവസ്ഥ തന്നെയാണ് ഇപ്പോൾ ഞാൻ സന്ദർശനം നടത്തിയപ്പോഴും കണ്ടത്. അവിടുത്തെ സാഹചര്യങ്ങൾക്കൊന്നും മാറ്റങ്ങളുണ്ടായിട്ടില്ല. ഇത് ബീഹാറിലെ ഓരോ ജില്ലയിലും കാണാനാവും. ബീഹാറിൽ മാത്രമല്ല രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതേ കാഴ്ച തന്നെയാണ് നമുക്കു മുമ്പിലുണ്ടാവുക. വികസനത്തിന്റെ നേട്ടങ്ങളെല്ലാം രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരുപോലെ ലഭ്യമാകണം. നഗരത്തിലെ സൗകര്യങ്ങളും വികസനങ്ങളും ഗ്രാമങ്ങളിൽ അനുഭവിക്കാനാവുന്നില്ല.
ഗ്രാമങ്ങളിൽ വൈദ്യുതബന്ധം തകരാറിലായാൽ അവർ രണ്ടും മൂന്നും ദിവസമൊക്കെ അത് തിരികെ വരാൻ കാത്തിരിക്കേണ്ടി വരുന്നുണ്ട്. അത് സാധാരണമാണെന്ന് കരുതി അവർ ആ അവസ്ഥ സ്വീകരിക്കുകയാണ് ചെയ്യുക. എന്നാൽ മുംബൈ പോലൊരു നഗരത്തിൽ വൈദ്യുതി ബന്ധം ഇല്ലാതായാൽ ഒരു നിമിഷം പോലും വൈകാൻ ജനങ്ങൾ അനുവദിക്കുകയില്ല. ഒരേ രാജ്യത്ത് ജീവിക്കുന്ന രണ്ട് തരത്തിലുള്ള ജനങ്ങളുടെ അനുഭവങ്ങളാണിത്. ഇതാണ് ഇന്ത്യയുടെ അവസ്ഥ. ഇൻക്രെഡിബിൾ ഇന്ത്യ എന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് പ്രഖ്യാപിക്കുകയൊക്കെ ചെയ്യും.
ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന കാര്യം അദ്ദേഹം പറഞ്ഞതെല്ലാം മഹാത്മാ ഗാന്ധി നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങളാണെന്നതാണ്. പ്രധാനമന്ത്രി ആത്മനിർഭർ ഭാരത് എന്നു പ്രഖ്യാപിക്കുമ്പോൾ സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാ ഗാന്ധി സ്വദേശി എന്നാണ് പറഞ്ഞത്. 1916-17 കാലത്ത് മഹാത്മാഗാന്ധി പ്രഖ്യാപിച്ച ഈ കാര്യം സ്വാതന്ത്ര്യ സമരത്തിലുടനീളം ഉപയോഗപ്പെടുത്തിയിരുന്നു.
എന്നാൽ ഏറ്റവും വിരോധാഭസമെന്ന് പറയട്ടെ മഹാത്മാഗാന്ധിയിൽ നിന്നും ആശയങ്ങൾ കടമെടുത്ത് അവതരിപ്പിച്ച അതേ വേദിയിൽ തന്നെയാണ് പ്രധാനമന്ത്രി ആർ.എസ്.എസിനെ പുകഴ്ത്തി സംസാരിച്ചതും. ഇതാണ് ഈ സർക്കാരിന്റെ ഇരട്ടമുഖം.
? ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ, താങ്കൾ അദ്ദേഹത്തോട് എന്താണ് ചോദിക്കുക? പൗരന്മാരായ നമ്മോട് അദ്ദേഹം എന്തായിരിക്കും ചോദിക്കുക
എനിക്ക് ഗാന്ധിജിയോടും ഗാന്ധിജിക്ക് നമ്മളോടും ചോദിക്കാനുണ്ടാവുക ഒരേ ചോദ്യം തന്നെയായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. എവിടെയാണ് ഞങ്ങൾക്ക് തെറ്റുപറ്റിയതെന്ന ചോദ്യമായിരിക്കും ഞാനദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യം. അദ്ദേഹം നമ്മളോട് ചോദിക്കുന്ന ചോദ്യവും അതു തന്നെയായിരിക്കും -എവിടെയാണ് നിങ്ങൾക്ക് തെറ്റുപറ്റിയത്?
ഇപ്പോൾ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും കാരണം നിങ്ങളുണ്ടാക്കിയ തെറ്റുകളുടെ മാത്രം ഫലങ്ങളാണ്, മറ്റാരുടേതുമല്ല. ഇപ്പോഴത്തെ ബി ജെ പി സർക്കാർ പറയുന്നതും വാദിക്കുന്നതും അവർ വ്യത്യസ്തരാണെന്നാണ്. കഴിഞ്ഞ 11 വർഷം പരിശോധിച്ചാൽ അക്കാര്യം തിരിച്ചറിയാനാവും. അവർ സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. 2014-ന് മുമ്പുള്ള കാര്യങ്ങളാണ് ഇന്ത്യയുടെ എല്ലാ പിന്നാക്കാവസ്ഥയ്ക്കും കാരണമെന്ന് അവർ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ കഴിഞ്ഞ 11 വർഷമായി ഭൂതകാലത്തെ അപകീർത്തിപ്പെടുന്നതല്ലാതെ എന്താണ് ബി.ജെ.പി യും നരേന്ദ്ര മോദിയുടെ സർക്കാരും ചെയ്തത്. ഇത്രയും ദീർഘമായ കാലം ലഭിച്ചിട്ടും ജനങ്ങളെ വിഡ്ഢികളാക്കുകയും തങ്ങൾ മാറ്റം കൊണ്ടുവരികയും ചെയ്യുന്നു എന്നുപറയുകയും ചെയ്യുകയാണ് സർക്കാർ. സ്വാതന്ത്ര്യ സമര സേനാനികൾ പോരാടി നേടിയ ഓരോ കാര്യങ്ങളും അവർ ഇന്ത്യയിൽ നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ എല്ലാ കാര്യത്തിനും കുറ്റപ്പെടുത്തുന്നതുപോലെയല്ല ഗാന്ധിജി ഈ ചോദ്യത്തിന് ഉത്തരം നൽകുക. എവിടെയാണ് തെറ്റുപറ്റിയതെന്ന ചോദ്യത്തിന് തങ്ങളുടെ ഉള്ളിലേക്ക് തന്നെ നോക്കാനും കണ്ണാടിയിൽ നോക്കി ഉത്തരം കണ്ടുപിടിക്കാനുമായിരിക്കും അദ്ദേഹം പറയുക.
(9447725649)










