03:11am 01 October 2026
NEWS
ആർത്തിയും അഹങ്കാരവും ടോമിൻ ജെ. തച്ചങ്കരിയെ തടവറയിലെത്തിച്ചപ്പോൾ; ടോമിൻ ജെ.തച്ചങ്കരിയുടെ പ്രതികാരത്തിനിരയായി കൊടും പീഡനങ്ങൾ നേരിട്ട ബോബി കുരുവിള 'കേരളശബ്ദ'ത്തോട്
30/09/2026  01:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആർത്തിയും അഹങ്കാരവും ടോമിൻ ജെ. തച്ചങ്കരിയെ തടവറയിലെത്തിച്ചപ്പോൾ; ടോമിൻ ജെ.തച്ചങ്കരിയുടെ പ്രതികാരത്തിനിരയായി കൊടും പീഡനങ്ങൾ നേരിട്ട ബോബി കുരുവിള കേരളശബ്ദത്തോട്

ഇതുകാലത്തിന്റെ കാവ്യനീതി എന്നുപറയാം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന ഡി.ജി.പി ആയിരുന്നയാൾ അനധികൃത സ്വത്തുസമ്പാദനക്കേസിൽ ജയിലിൽ പോകേണ്ടി വന്നിരിക്കുന്നു.

ഒരുപാടു പുതിയ വലകൾ പൊട്ടിച്ചു രക്ഷപ്പെട്ട വമ്പൻസ്രാവ് ഒരു പഴയ വലയിൽ കുടുങ്ങി എന്നു വിശേഷിപ്പിക്കാം. മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിയുടെ ഇന്നത്തെ അവസ്ഥയെ അങ്ങനെയേ വിശേഷിപ്പിക്കാൻ കഴിയൂ. 1987 ബാച്ച് ഐപിഎസ് ഓഫീസറായ ഇദ്ദേഹം 2023 ൽ പിരിഞ്ഞതുവരെയുള്ള മുപ്പത്താറുവർഷത്തെ സർവീസുകാലം കേരള പോലീസിന്റെ ചരിത്രത്തിലെ കറുത്ത പാടാണെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. അത്രത്തോളം ഹീനമായ ചെയ്തികളാണ് സർവീസിലുള്ള കാലത്ത് അദ്ദേഹം ചെയ്തുകൂട്ടിയത്. സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ നിരവധി കഥകൾ ഈ മുൻ ഡിജിപിയെക്കുറിച്ചുണ്ട്.

സർവീസിൽ കയറിയ കാലത്ത് അധികാര ദുർവിനിയോഗത്തിലൂടെ ആദ്യം ചെയ്ത പ്രതികാരം മുൻകാമുകിയുടെ കുടുംബത്തോടാണെന്നു പറയപ്പെടുന്നുണ്ട്. കാമുകി എന്നു പറയുന്നത് ശരിയല്ല. ആ കുട്ടിക്ക് ഇയാളോട് അടുപ്പം ഉണ്ടായിരുന്നില്ലത്രെ. വൺവേ പ്രണയം. ചെറുപ്പത്തിൽ തന്നെ ഇദ്ദേഹത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞതുകൊണ്ട്  വിവാഹാലോചനയിൽനിന്നും അവർ പിന്മാറുകയായിരുന്നത്രേ. തെളിവുകൾ ഇല്ലാത്തതുകൊണ്ട് അതെക്കുറിച്ചു കൂടുതൽ വിശദീകരിക്കുന്നില്ല. പക്ഷേ നിസ്സാരമായ കാര്യങ്ങൾക്കുപോലും നീചമായ പ്രതികാരമനോഭാവം വച്ചുപുലർത്തുന്നയാളാണെന്നതിൽ തർക്കമില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആലപ്പുഴ മാമ്പുഴക്കരി കരുവേലിത്തറവാട്ടിൽ കുരുവിളയുടെയും അദ്ദേഹത്തിന്റെ മക്കളായ ബോബിക്കും അലക്‌സാണ്ടർക്കും ഉണ്ടായ അനുഭവങ്ങളാണ്.

ഒട്ടേറെപ്പേരെ തന്റെ അധികാരവും ആൾ ബലവും കൊണ്ടു ടോമൻ ജെ.തങ്കച്ചരി ദ്രോഹിച്ചിട്ടുണ്ടുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും ഭയം മൂലം അതൊന്നും പരസ്യമായി പറയുകയോ പരാതികൊടുക്കുകയോ ചെയ്തിരുന്നില്ല. പരാതി കൊടുത്താലും ഫലമുണ്ടായിരുന്നില്ലെന്നും ചിലർ പറയുന്നു.

അധികാര ദുർവിനിയോഗം കൊണ്ടും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകൊണ്ടും തച്ചങ്കരി ശതകോടികളുടെ സ്വത്തു സമ്പാദിച്ചിട്ടുള്ളതായിട്ടാണ് അറിയുന്നത്. അതിലേക്കൊന്നും ഇനിയും അന്വേഷണം എത്തിയിട്ടില്ല. പക്ഷേ ഇനിയുള്ള അന്വേഷണം അതെക്കുറിച്ചാകാൻ സാധ്യതയുണ്ട്. കാരണം ഇപ്പോൾ തച്ചങ്കരിയെ ജയിലിലേക്കയച്ച കേസിനു പിന്നിൽ ഉണ്ടായിരുന്നവരുടെ അടുത്ത ലക്ഷ്യം അതാണത്രെ. മൂന്നു വ്യാഴവട്ടക്കാലം നീണ്ട നിയമ പോരാട്ടത്തിന്റെ വിജയകരമായ  പരിസമാപ്തിയാണ് കഴിഞ്ഞ ദിവസത്തെ വിജിലൻസ് കോടതിവിധി എന്നുപറയാം. ഇതൊരു അവസാനമല്ലെന്നും തുടക്കം മാത്രമാണെന്നുമാണ് മനസ്സിലാക്കാൻ കഴിയുന്നത്. മുപ്പത്താറുവർഷം വിവിധ കോടതികളിലായി നിയമപോരാട്ടം നടത്തി വിജയിച്ച ബോബി കുരുവിള ഭാവി പരിപാടികളെക്കുറിച്ച് 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.

? വലിയ നിയമപ്പോരാട്ടമാണു നിങ്ങൾ നടത്തിയതെന്ന് എല്ലാവർക്കുമറിയാം. ഒരുപാട് ഉദ്യോഗസ്ഥർ ഇവിടെ അനധികൃത സ്വത്തു സമ്പാദിച്ചതായി പറയപ്പെടുന്നുണ്ട്. അതൊക്കെ അവഗണിച്ച് ടോമിൻ ജെ തങ്കച്ചരിയെ മാത്രം ലക്ഷ്യമാക്കാൻ കാരണമെന്തായിരുന്നു.

ആ മനുഷ്യൻ ഞങ്ങളോടു ചെയ്ത ദ്രോഹങ്ങൾ. അതു പൂർണ്ണമായും അറിഞ്ഞാൽ ഇപ്പോൾ അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള ശിക്ഷ പോലും കുറവാണെന്നു നിങ്ങൾ പറയും. കൊടും ക്രിമിനലുകളോടു പോലും ചെയ്യാത്ത കാര്യങ്ങളാണ് ഞങ്ങളോടു ചെയ്തത്.

? തച്ചങ്കരി എന്തിനാണു നിങ്ങളെ ദ്രോഹിച്ചത്? എന്തായിരുന്നു നിങ്ങൾ തമ്മിലുള്ള പ്രശ്‌നം?

ഞങ്ങൾ തമ്മിൽ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ നേരിട്ടു കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ല.

? പിന്നെങ്ങനെയാണ് നിങ്ങൾ പറഞ്ഞ ദ്രോഹങ്ങൾ ഉണ്ടായത്.

ഏതാണ്ടു പത്തുമുപ്പത്താറുകൊല്ലം മുമ്പുള്ള സംഭവമാണ്. അന്ന് അപ്പനുള്ള കാലമാണ്. ഞങ്ങളൊക്കെ ചെറുപ്പം കഷ്ടിച്ച് 20-22 വയസ്സൊക്കെയേയുള്ളൂ. അന്ന് തച്ചങ്കരിയുടെ ബന്ധുവായ ഒരു യുവാവുമായി ചെറിയ വഴക്കുണ്ടായി. നാട്ടിൻ പുറങ്ങളിൽ അതൊക്കെ സാധാരണമാണല്ലോ. പരസ്പരം ഉന്തും തള്ളും ഉണ്ടായതൊഴിച്ചാൽ ഇരുഭാഗത്തുനിന്നും മറ്റ് അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ല. ഇതു പോലീസ് കേസായി. രാമങ്കരി സ്റ്റേഷനിലായിരുന്നു കേസ്. ഒരു നിസ്സാരപ്രശ്‌നം എന്ന നിലയിൽ അന്നത്തെ രാമങ്കരി എസ്.ഐ. രണ്ടുകൂട്ടരെയും വിളിച്ച് അനുരഞ്ജനത്തിനു ശ്രമിച്ചു. അതു തികച്ചും യുക്തിപൂർവവും പക്വവുമായ ഒരു നടപടിയായിരുന്നു. 

പക്ഷേ സംഭവം അവിടെ തീർന്നില്ല. തച്ചങ്കരി അതിൽ ഇടപെട്ടു വിഷയം സങ്കീർണ്ണമാക്കി. കേസെടുപ്പിച്ചു. പിന്നെ പോലീസിന്റെ ഒരു തേർവാഴ്ചയായിരുന്നു. ഈ സംഭവം കേസാക്കിയാലും കാര്യമില്ലല്ലോ. അതുകൊണ്ട് ഞങ്ങൾ അവരെ കൊല്ലാൻ ശ്രമിച്ചെന്നും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി എന്നും പറഞ്ഞു കള്ളക്കേസു ചമച്ചു. വധശ്രമം അതീവ ഗുരുതരമായ കുറ്റകൃത്യമാണല്ലോ. ഞങ്ങൾ ശരിക്കും പെട്ടു എന്നുപറഞ്ഞാൽ മതിയല്ലോ. ഞങ്ങളുടെ നിരപരാധിത്വം ആരോടു പറയാൻ. എതിർഭാഗത്തു നിൽക്കുന്നത് അധികാരമുള്ള ഒരു ഐപിഎസ് ഓഫീസറാണ്. അതുകൊണ്ടുതന്നെ പോലീസും അവരുടെ ഭാഗത്തെ നിൽക്കൂ. 

അക്കാലത്ത് ശിവജി എന്നൊരു കൊടും ക്രിമിനലിനെ പിടികൂടാനായി ഒരു പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. ക്രൂരതയ്ക്കു പേരുകേട്ട ഒരു വിഭാഗം പോലീസുകാരാണ് അതിൽ ഉണ്ടായിരുന്നത്. തച്ചങ്കരി അവരുടെ തലവനും. ഈ സ്‌ക്വാഡിനെയാണ് ഞങ്ങൾക്കെതിരെ അഴിച്ചുവിട്ടത്. രാവും പകലുമെന്നില്ലാതെ, യാതൊരു തത്വദീക്ഷയുമില്ലാതെ അന്വേഷണത്തിന്റെ പേരിൽ ഞങ്ങളുടെ വീട്ടിലെത്തി ശല്യം ചെയ്തു. ഒടുവിൽ എന്റെ പിതാവ് ഡിജിപിക്കു പരാതികൊടുത്തു. ഡിജിപി ക്രൈംബ്രാഞ്ചിനു വിടുകയും അവർ സത്യസന്ധമായി അന്വേഷിച്ചു വസ്തുതകൾ മനസ്സിലാക്കുകയും ചെയ്തു. ആ സ്‌ക്വാഡുതന്നെ പിന്നീടു പിരിച്ചുവിടുകയും ചെയ്തു. പക്ഷേ അതുവരെ ഞങ്ങൾ അനുഭവിച്ച വേദനയ്ക്കും നാണക്കേടിനും  കണക്കില്ല. 

ഞങ്ങൾ എന്തുചെയ്തിട്ടാണ്? വാസ്തവത്തിന്റെ ഒരു കണികപോലുമില്ലാത്ത ഒരു കള്ളക്കേസിന്റെ പേരിലാണ് ഇങ്ങനെ ദ്രോഹിച്ചതെന്നോർക്കണം. അന്നുമുതൽ ഞങ്ങൾ ഇയാളുടെ പിന്നാലെയുണ്ട്. പക്ഷേ അധികാരവും അളവറ്റ പണവും സ്വാധീനവുമുള്ള ഇയാളെ കീഴ്‌പ്പെടുത്തുക എളുപ്പമായിരുന്നില്ല. പക്ഷേ നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്കു വിശ്വാസമുണ്ടായിരുന്നു.

? ഈ കേസിൽ 2013 ൽ കുറ്റപത്രം സമർപ്പിച്ചതാണല്ലോ? വിചാരണയും വിധിയുമൊക്കെ ഇത്രയെറേ വൈകിയത് എന്തുകൊണ്ടാണ്.

അയാളുടെ പണവും സ്വാധീനവും എന്നു പറയേണ്ടിവരും. പ്രത്യേകിച്ചും രാഷ്ട്രീയക്കാരുമായുള്ള ബന്ധം. കുറ്റപത്രം സമർപ്പിച്ച കേസിൽ പുനരന്വേഷണം എന്നത് അത്യപൂർവ്വ സംഭവമാണ്. പക്ഷേ മുൻ സർക്കാരിന്റെ കാലത്ത് ഇയാളുടെ സ്വാധീനം മൂലം അതു സംഭവിച്ചു. ഇയാളുടെ അപേക്ഷയെ മാനിച്ച് കേസ് വീണ്ടും അന്വേഷിക്കണമെന്ന് സർക്കാർ ഉത്തരവായി. 2021 ൽ ആണ് സർക്കാർ ഉത്തരവിടുന്നത്. ഇതിനെതിരെ ഞങ്ങൾ ഹൈക്കോടതിയിൽ പോയി. ഹൈക്കോടതി സിംഗിൾ ബഞ്ച് സർക്കാർ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ഞങ്ങൾ ഇതിനെതിരെ ഡിവിഷൻ ബഞ്ചിൽ പരാതിനൽകി. 

അതു ശരിക്കും ഒരു വഴിത്തിരിവായിരുന്നു. ജസ്റ്റിസ് ഡോ. എ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് അതിരൂക്ഷമായ  ഭാഷയിലാണ് സർക്കാർ ഉത്തരവിനെ വിമർശിച്ചത്. ആ ഉത്തരവു റദ്ദാക്കി എന്നു മാത്രമല്ല, ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു. ഇതിനിടയിൽ പല കാര്യങ്ങൾ പറഞ്ഞ് സുപ്രീംകോടതിയിലൊക്കെ തച്ചങ്കരി പോയിരുന്നു. അതൊന്നും ഫലവത്തായില്ല. ഡിവിഷൻ ബഞ്ച് വിധി വന്നതോടെ കേസ് നടത്തിപ്പു ധൃതഗതിയിലായി. 13 വർഷങ്ങൾ വെറുതെ നീട്ടിയ കേസ് ആറുമാസം കൊണ്ടു തീർക്കേണ്ടി വന്നു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ കൊണ്ടുമാത്രമാണ് ഇപ്പോഴെങ്കിലും കേസ് തീർന്നത്.

? തൃശ്ശൂർ വിജിലൻസ് കോടതിയിലാണല്ലോ കുറ്റപത്രം സമർപ്പിച്ചത്. അതു പിന്നീടു മൂവാറ്റു പുഴയ്ക്കും കോട്ടയത്തേക്കും മാറാനുണ്ടായ കാരണമെന്താണ്?

അത് എനിക്കും അറിയില്ല. തികച്ചും ദുരൂഹമാണെങ്കിലും കോട്ടയം വിജിലൻസ് കോടതി വളരെ കൃത്യമായ രീതിയിൽ കേസ് കൈകാര്യം ചെയ്തല്ലോ.

? കേസ് തടസ്സപ്പെടുത്താനും നിങ്ങളെ ഇതിൽ നിന്നു പിന്തിരിപ്പിക്കാനും പല ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടായതായി അറിഞ്ഞിരുന്നു. എങ്ങനെ അതൊക്കെ അതിജീവിച്ചു.

ഒരുപാടു രീതിയിൽ ശ്രമങ്ങളുണ്ടായി. ഭീഷണി വിലപ്പോവില്ലെന്നു കണ്ടപ്പോൾ പ്രലോഭനമുണ്ടായി. കുട്ടനാട് എംഎൽഎ ആയിരുന്ന തോമസ് ചാണ്ടി നേരിട്ട് വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നു. എത്ര ലക്ഷം രൂപ വേണമെങ്കിലും നഷ്ടപരിഹാരം നൽകാമെന്നും പറഞ്ഞിരുന്നു. സാമ്പത്തികം കൊണ്ടു പരിഹരിക്കാവുന്നതല്ലല്ലോ ഞങ്ങൾക്കുണ്ടായ നഷ്ടവും മാനഹാനിയും. അതു കൊണ്ടുതന്നെ ചുട്ട മറുപടി അയാൾക്കു കൊടുത്തു. പിന്നീടു പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാനായി ശ്രമം. ഭരണം മാറിയതുകൊണ്ട് അതു സാധിച്ചില്ല. ഞങ്ങളുടെ ഭാഗവും കേൾക്കാൻ ആളുണ്ടായി. അതുകൊണ്ട് മാറ്റാൻ സാധിച്ചില്ല.

? പബ്ലിക് പ്രോസിക്യൂട്ടറെ സ്വാധീനിക്കാനും ശ്രമിച്ചിട്ടുണ്ടാകുമല്ലോ.

എന്താ സംശയം? പക്ഷേ പ്രൊഫഷനോടു നീതി പുലർത്തുന്ന, അന്തസ്സുള്ളയാളായിരുന്നു വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ശ്രീകാന്ത്. ഒരു പ്രലോഭനത്തിനും വഴങ്ങാത്ത മാന്യനായ ഇദ്ദേഹത്തെപ്പോലുള്ളവർ നമ്മുടെ നീതിന്യായസംവിധാനത്തിനുതന്നെ അഭിമാനമാണ്.

? 2003 മുതൽ 2007 വരെയുള്ള നാലുവർഷത്തെ സ്വത്തുസമ്പാദനം മാത്രമാണല്ലോ അന്വേഷണവിധേയമായിട്ടുള്ളത്. മുപ്പത്താറു കൊല്ലത്തിനിടയിലൊന്നും സ്വത്തുസമ്പാദനം അന്വേഷിച്ചില്ലേ.

അങ്ങനെയാണ് ഞങ്ങൾ പരാതികൊടുത്തിരുന്നത്. എന്തുകൊണ്ടോ നാലുവർഷക്കാലത്തെ മാത്രമേ അന്വേഷിച്ചുള്ളൂ. ബാക്കി കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ പരാതി കൊടുക്കുകയാണ്. നാടിനെയും സമൂഹത്തെയും വഞ്ചിക്കുന്ന ഇത്തരക്കാരെ വെറുതെ വിടാൻ കഴിയുമോ?

? ടോമിൻ ജെ.തച്ചങ്കരി അനധികൃതമായി എത്ര സ്വത്തു സമ്പാദിച്ചിണ്ടാവും എന്നാണ് നിങ്ങൾ കരുതുന്നത്.

അതിനെക്കുറിച്ച് വ്യക്തമായി അറിയില്ല. ഇതേക്കുറിച്ച് പല കേന്ദ്രങ്ങളിലും ഞങ്ങൾ അന്വേഷിച്ചു. ഏതാണ്ട് പതിനായിരം കോടിയുടെ ആസ്തി ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഒരുപക്ഷേ ശരിയായിരിക്കാം. മൂന്നാറിലെ കാറ്ററിംഗ് കോളേജ് നിൽക്കുന്ന സ്ഥലം ഉൾപ്പെടെ ഏതാണ്ട് 400 ഏക്കർ സ്ഥലം മൂന്നാറിലുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനുതന്നെ എത്ര കോടികൾ വിലവരും. അനേകം  റിസോർട്ടുകൾ, കരിങ്കൽ ക്വാറികൾ, എസ്റ്റേറ്റുകൾ, വിദേശത്തെ സ്വത്തുകൾ (ഇതിന്റെ കണക്കു ലഭിക്കുക എളുപ്പമല്ല) ഇങ്ങനെ നോക്കിയാൽ മേൽപ്പറഞ്ഞ തുക അതിശയോക്തി ആകണമെന്നില്ല. ഉണ്ടായാലും ഇനി ഞങ്ങളുടെ അന്വേഷണം അതെക്കുറിച്ചാണ്.

എറണാകുളത്തെ റയാൻ സ്റ്റുഡിയോ അറിയാമല്ലോ. അവിടെ സെന്റിന് എത്രലക്ഷം വിലയുണ്ടെന്ന്. തമ്മനം ഭാഗത്തൊക്കെ പതിനഞ്ചും ഇരുപതും ലക്ഷമാണ് സെന്റിന് വില. അവിടെ നാലേക്കർ സ്ഥലത്താണ് റയാൻ സ്റ്റുഡിയോ സ്ഥാപിച്ചിരിക്കുന്നത്. അതിന്റെ എതിർവശത്തുതന്നെ അഞ്ചേക്കർ സ്ഥലം വേറെയും ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്തായാലും അതെല്ലാം ഞങ്ങൾ പുറത്തുകൊണ്ടുവരും.

? ക്വാറി സംബന്ധമായി മണികണ്ഠൻ എന്നൊരാളുമായി പ്രശ്‌നമുണ്ടാവുകയും അയാളെ അറസ്റ്റു ചെയ്യുകയുമൊക്കെയുണ്ടായില്ലേ.

ഉവ്വ്. നൂറുകണക്കിന് ഏക്കർ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അതെന്നാണ് അന്ന് കേട്ടിട്ടുള്ളത്. ഇങ്ങനെ ഒരുപാട് പേരെ ദ്രോഹിച്ചിരുന്നതായും പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ ആരും അതൊന്നും പുറത്തുപറയാനോ എതിർക്കാനോ ധൈര്യപ്പെട്ടില്ല. അതാണ് ഇത്രയും വർഷക്കാലം ഒരു പോറൽപോലും എൽക്കാതെ സർവീസിൽ തുടരാൻ സാധിച്ചത്. 

? അടുത്ത നീക്കമെന്താണ്.

നേരത്തെ പറഞ്ഞതുതന്നെ. തട്ടിച്ചും വെട്ടിച്ചും ഭീഷണപ്പെടുത്തിയും സമ്പാദിച്ചുകൂട്ടിയ സ്വത്തുക്കളുടെ വിവരങ്ങൾ പുറത്തുകൊണ്ടുവരിക. കോട്ടയം ജില്ലയുടെ കിഴക്കൻഭാഗങ്ങളായ ഇല്ലിക്കൽകല്ല്, മുന്നിലവ് തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഭൂമിയും ക്വാറിയുമൊക്കെ ഉള്ളതായി അറിയുന്നുണ്ട്.അതു സംബന്ധിച്ച് കിട്ടാവുന്ന തെളിവുകൾ ശേഖരിച്ച് കേസു കൊടുക്കണം. ദീർഘകാലം ജനങ്ങളെ ദ്രോഹിച്ച് മദിച്ചു കഴിഞ്ഞില്ലേ? ശിഷ്ടകാലം തടവറയിൽ കഴിയാനുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. അവ പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img