11:20am 26 October 2026
NEWS
മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
26/10/2026  10:08 AM IST
nila
മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ചെങ്ങന്നൂർ: കോട്ടയം റെയിൽവേ സ്റ്റേഷനിൽ കുമരകം സ്വദേശിനിയായ യാത്രക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം, പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ടുപേരെ മോഷ്ടിച്ച അഞ്ച് മൊബൈൽ ഫോണുകളുമായി പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജില്ലയിലെ ധാലൂരി സ്വദേശി നജ്റൺ സോഹൽ റാണ (24), അസം മൊറിഗാവ് ജില്ലയിലെ കച്ചാറാബോറി സ്വദേശി മോട്ടിബുർ റഹ്മാൻ (25) എന്നിവരെയാണ് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് തിരുവനന്തപുരം വിഭാഗവും കോട്ടയം റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്.
ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ.ജെ., എസ്.ഐ. പ്രൈസ് മാത്യു, എ.എസ്.ഐ.മാരായ വിജയകുമാർ, സിജോ സേവ്യർ, ഹെഡ് കോൺസ്റ്റബിൾമാരായ ജോസ് എസ്.വി., വിപിൻ ജി., നിഖിൽ നാഥ് എന്നിവരും റെയിൽവേ പോലീസ് ഇൻസ്പെക്ടർ വിപിൻ കുമാർ, എസ്.ഐ. ശ്യാമകുമാരി എന്നിവരും അന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും പങ്കെടുത്തു.
കോട്ടയം റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ച് കുമരകം സ്വദേശിനിയായ യാത്രക്കാരിയുടെ തോളിൽ തൂക്കിയിരുന്ന ബാഗിന്റെ സൈഡ് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന റെഡ്മി 9 മൊബൈൽ ഫോൺ മോഷണം പോവുകയായിരുന്നു. തുടർന്ന് യാത്രക്കാരി കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പരാതിയിൽ പരാമർശിച്ച സമയത്തെ അടിസ്ഥാനമാക്കി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും കോട്ടയം റെയിൽവേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പരിശോധനയിൽ പരാതിക്കാരിയുടെ മോഷണം പോയ മൊബൈൽ ഫോൺ ഉൾപ്പെടെ അഞ്ച് മൊബൈൽ ഫോണുകൾ പ്രതികളുടെ കൈവശത്തുനിന്ന് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു പ്രതിയെയും കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികൾ സ്ഥിരമായി ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനുകളിൽ കയറി യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നതാണ് പതിവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ട്രെയിനുകളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇവർ മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിറ്റുകിട്ടുന്ന പണം മദ്യത്തിനും ലഹരിവസ്തുക്കൾക്കുമായി ചെലവഴിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ആർ.പി.എഫ്. ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫിന്റെയും റെയിൽവേ എസ്.പി. കൃഷ്ണകുമാറിന്റെയും നിർദേശാനുസരണമാണ് അന്വേഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img