
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ അക്ക്വാറ്റിക് വാക്സിൻ ഡെവലപ്മെന്റ് “ഇമ്മ്യൂൺ ഇൻസൈറ്റ്സ് ഇൻ അക്ക്വാകൾച്ചർ: ഹാൻഡ്സ്-ഓൺ വർക്ക്ഷോപ്പ് ഓൺ ഫിഷ് വാക്സിൻ ഡിസൈൻ ആൻഡ് മോളിക്യുലർ ഇമ്മ്യൂണോളജി അസ്സേയ്സ്” എന്ന വിഷയത്തിൽ ത്രിദിന അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചു.
മലേഷ്യയിലെ യൂണിവേഴ്സിറ്റി ഓഫ് പുത്രയിലെ ഡോ. ഇൻ സൽവാനി ശില്പശാല ഉദ്ഘാടനം ചെയ്തു. ഐഐടി റൂർക്കിയിലെ ഡോ. ഗോപിനാഥ് പകിരിസാമി, മലേഷ്യയിലെ ഡോ. മൊഹമ്മദ് ടെർമിസി ബിൻ യൂസഫ്, കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. പുന്നാടത്ത് പ്രീതം, എമിരിറ്റസ് പ്രൊഫസർ ഡോ. മുഹമ്മദ് ഹാത്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ശില്പശാലയിൽ പങ്കെടുത്തു.
അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) പിന്തുണ നൽകിയ പരിപാടി ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CTEP പ്രോഗ്രാം), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റ് (KSCSTE) എന്നിവയുടെ സഹകരണത്തോടെയായിരുന്നു. കൂടാതെ യൂണിവേഴ്സിറ്റി ഓഫ് പുത്ര, മലേഷ്യയുടെ ലബോറട്ടറി എക്സ്ചേഞ്ച് സന്ദർശനത്തിനായുള്ള സർട്ടിഫിക്കേഷൻ ലെറ്ററുകൾ രണ്ട് ഗവേഷക വിദ്യാർത്ഥികൾക്ക് കൈമാറി. ശില്പശാല സുസ്ഥിര അക്ക്വാകൾച്ചറിനായി മത്സ്യ വാക്സിൻ വികസന രംഗത്ത് ദേശീയ-അന്താരാഷ്ട്ര സഹകരണങ്ങൾക്ക് വേദി ഒരുക്കി. കുസാറ്റിലെ ഫിഷ് വാക്സിൻ സെന്ററുമായി ചേർന്ന് പ്രവർത്തിക്കാൻ വിദ്യാർത്ഥികൾക്ക് ഈ ശില്പശാല മികച്ച നെറ്റ്വർക്കിംഗ് അവസരമായി.
ഇതിനോടകം യുണൈറ്റഡ് കിംഗ്ഡം, ജർമനി, നോർവേ, തായ്ലൻഡ്, മലേഷ്യ, ദക്ഷിണാഫ്രിക്ക, തായ്വാൻ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് സെന്റർ ഓഫ് എക്സല്ലൻസ് വിവിധ അന്താരാഷ്ട്ര പദ്ധതികൾ നടപ്പിലാക്കി വരുന്നു. ബാക്ടിവാക് നെറ്റ്വർക്ക് (യുകെ), ഐവിഎവിവിഎൻ നെറ്റ്വർക്ക് (യുകെ), ഡി.എഫ്.ജി, ബി.ബി.എസ്.ആർ.സി, ഡി.എസ്.ടി തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
അത്യാധുനിക മോളിക്യുലർ സാങ്കേതികവിദ്യകളും ഇമ്മ്യൂണോളജി ഗവേഷണവും പാത്തജൻ ജീനോമിക്സും സംയോജിപ്പിച്ച് നവീനവും പരിസ്ഥിതി സൗഹൃദവുമായ മത്സ്യ വാക്സിനുകൾ വികസിപ്പിക്കുകയാണ് സെന്റർ ഓഫ് എക്സല്ലൻസിന്റെ ലക്ഷ്യം. ഇതിലൂടെ ആന്റിബയോട്ടിക്കുകളും മറ്റ് രാസവസ്തുക്കളും ഉപയോഗിക്കുന്നത് കുറച്ച്, രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന വാക്സിനുകൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് പോലുള്ള വെല്ലുവിളികൾ നേരിടുന്നതിനും മത്സ്യകൃഷിയുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ഈ പ്രവർത്തനങ്ങൾ നിർണായകമാണ്.
കൂടാതെ വ്യവസായ രംഗത്തുള്ള പങ്കാളികൾ, അക്ക്വാകൾച്ചർ സമൂഹങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവരുമായി സഹകരിച്ച് ബയോസെക്യൂരിറ്റി നടപടികൾ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് ലഭ്യവും ചെലവ് കുറഞ്ഞതുമായ വാക്സിനുകൾ വികസിപ്പിക്കാനും സെന്റർ ഓഫ് എക്സല്ലൻസ് പ്രവർത്തിച്ചു വരുന്നു.
Photo Courtesy - Google








