
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് (CIFNET) ഡയറക്ടർ ശ്രീ. എം. ഹബീബുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിന് കീഴിലുള്ള സെന്റർ ഓഫ് എക്സലൻസ് ഫോർ അക്വാട്ടിക് വാക്സിൻ ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ “മോളിക്യുലാർ ആൻഡ് ജീനോമിക് അപ്രോച്ചസ്: സർവൈലൻസ് സ്ട്രാറ്റജീസ് ഫോർ ആന്റിമൈക്രോബിയൽ സ്റ്റീവാർഡ്ഷിപ്പ്” എന്ന വിഷയത്തിൽ ആസിയാൻ (ASEAN) രാജ്യാന്തര ശില്പശാല സംഘടിപ്പിച്ചു.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് (CIFNET) ഡയറക്ടർ ശ്രീ. എം. ഹബീബുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. ബംഗ്ലാദേശ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ഫിഷറീസ് ഡീൻ പ്രൊഫ. ഡോ. എം.ഡി. അലി റെസ ഫറൂഖ്, യൂണിവേഴ്സിറ്റി ഓഫ് പുത്ര മലേഷ്യയിലെ പ്രൊഫ. ഡോ. മുഹമ്മദ് നൂർ അമൽ ബിൻ അസ്മായി, ബംഗ്ലാദേശിലെ ചട്ടോഗ്രാം വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. ഇഷ്റത്ത് സഹാൻ അങ്ക, കുസാറ്റ് എമിരറ്റസ് പ്രൊഫസർ പ്രൊഫ. ഡോ. മുഹമ്മദ് ഹാത്ത, കുസാറ്റ് ഫാക്കൽറ്റി ഓഫ് മറൈൻ സയൻസസ് ഡീൻ പ്രൊഫ. ഡോ. ബിജോയ് നന്ദൻ, ശില്പശാല കൺവീനർ ഡോ. പുന്നാടത്ത് പ്രീതം എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി ഓഫ് പുത്ര മലേഷ്യയിലെ മുഹമ്മദ് ഫർഹാൻ നസറുദിൻ, ഡോ. മുഹമ്മദ് അസം മുഹമ്മദ് സയൂതി, ഡോ. അന്നാസ് സല്ലെ എന്നിവരും പങ്കെടുത്തു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 31 പേർ ശില്പശാലയിൽ പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഗവേഷണ വകുപ്പിന്റെ പിന്തുണയോടെ സംഘടിപ്പിച്ച ശില്പശാലയ്ക്ക് ബയോടെക്നോളജി വകുപ്പും ശാസ്ത്ര-വ്യാവസായിക ഗവേഷണ കൗൺസിലും (CSIR) സഹ-സ്പോൺസർമാരായി. ഉദ്ഘാടന സമ്മേളനത്തിനുശേഷം മലേഷ്യ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ ശ്രീ. എം. ഹബീബുള്ള ശില്പശാല മാനുവൽ പ്രകാശനം ചെയ്തു.
ആന്റിമൈക്രോബിയൽ പ്രതിരോധവുമായി (AMR) ബന്ധപ്പെട്ട അപകടസാധ്യതകൾ, അവബോധം, ഉയർന്ന സ്വാധീനമുള്ള ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രൊഫ. ഡോ. എം.ഡി. അലി റെസ ഫറൂഖ്, പ്രൊഫ. ഡോ. ഇഷ്റത്ത് സഹാൻ അങ്ക, പ്രൊഫ. ഡോ. മുഹമ്മദ് നൂർ അമൽ ബിൻ അസ്മായി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. AMR നിർണയത്തിനും അതിന്റെ നിയന്ത്രണത്തിനുള്ള ചികിത്സാ സമീപനങ്ങൾക്കും സഹായകമായ വിവിധ മോളിക്യുലാർ, ഇമ്യൂണോളജിക്കൽ പരിശോധനാ രീതികളിൽ പ്രഭാഷണങ്ങളും പ്രായോഗിക പരിശീലനവും ശില്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു.
Photo Courtesy - Google









