
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി ശില്പശാല ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്പാർക്ക് (SPARC) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന "അക്വാകൾച്ചർ രോഗനിയന്ത്രണത്തിൽ നാനോ മെറ്റീരിയലുകളും ആന്റിമൈക്രോബിയൽ പെപ്റ്റൈഡുകളും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന അന്താരാഷ്ട്ര ശില്പശാലയ്ക്ക് തുടക്കമായി. സുസ്ഥിര അക്വാകൾച്ചറും ജലശുദ്ധീകരണവും ലക്ഷ്യമിട്ടുള്ള ഇന്ത്യ-കൊറിയ സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ജുനൈദ് ബുഷിരി ശില്പശാല ഉദ്ഘാടനം ചെയ്തു. അക്വാകൾച്ചർ മേഖലയിലും പരിസ്ഥിതി സുസ്ഥിരതയിലും ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാൻ അന്തർദേശീയ സഹകരണവും അന്തർവിഷയ ഗവേഷണവും നവീകരണവും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കുസാറ്റ് മറൈൻ സയൻസസ് ഫാക്കൽറ്റി ഡീനും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ എമിരിറ്റസ് പ്രൊഫസറുമായ സീനിയർ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദൻ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്പാർക്ക് പദ്ധതിയുടെ ദേശീയ കോ-ഓർഡിനേറ്ററും ഐ.ഐ.ടി. ഖരഗ്പൂർ പ്രൊഫസറുമായ പ്രൊഫ. റബിബ്രത മുഖർജി, ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഡീപ് ഓഷ്യൻ മിഷൻ ഡയറക്ടർ ഡോ. എം. വി. രാമണമൂർത്തി, റിപ്പബ്ലിക് ഓഫ് കൊറിയയിലെ ക്യുങ്‌പുക്ക് നാഷണൽ സർവകലാശാല പ്രൊഫസറും സ്പാർക്ക് പദ്ധതിയുടെ അന്തർദേശീയ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ശിൽപശാല ചെയർമാനുമായ പ്രൊഫ. ഹ്യുൻവൂങ് പാർക്ക് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കുസാറ്റ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), കാലിക്കറ്റ് സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (പഞ്ചാബ്), അസം വെറ്ററിനറി ആൻഡ് ഫിഷറി സർവകലാശാല, നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (ഗോവ) തുടങ്ങി രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വ്യവസായ മേഖലയിൽ നിന്നുമായി ഏകദേശം 150 പേർ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.
നാനോ മെറ്റീരിയലുകൾ, ആന്റിമൈക്രോബിയൽ പെപ്റ്റൈഡുകൾ, അക്വാകൾച്ചർ രോഗനിയന്ത്രണം, നൂതന ജലശുദ്ധീകരണ സാങ്കേതികവിദ്യകൾ, സുസ്ഥിര അക്വാകൾച്ചർ രീതികൾ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിലെയും റിപ്പബ്ലിക് ഓഫ് കൊറിയയിലെയും പ്രമുഖ വിദഗ്ധർ അടുത്ത രണ്ട് ദിവസങ്ങളിലായി പ്രഭാഷണങ്ങൾ നടത്തും. ശാസ്ത്രീയ അറിവിന്റെ കൈമാറ്റം, അന്തർദേശീയ ഗവേഷണ സഹകരണം ശക്തിപ്പെടുത്തൽ, അക്വാകൾച്ചർ, മറൈൻ ബയോടെക്നോളജി മേഖലകളിലെ നൂതന ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകൽ എന്നിവയാണ് ശിൽപശാലയുടെ ലക്ഷ്യം.
സ്പാർക്ക് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. സ്വപ്ന പി. ആന്റണിയുടെ നേതൃത്വത്തിലാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ് മേധാവിയും സ്പാർക്ക് പദ്ധതിയുടെ കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ. ഡോ. സജീവൻ ടി. പി. സഹനേതൃത്വം വഹിക്കുന്നു. ഡോ. ചൈതന്യ ഇ. ആർ., ഡോ. വിഷ്ണു വേണുഗോപാൽ എന്നിവർ ശിൽപശാലയുടെ കോ-ഓർഡിനേറ്റർമാരാണ്.
Photo Courtesy - Google









