
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം സംഘടിപ്പിക്കുന്ന “Statistical Modelling, Simulation, and Applications in Data Science” എന്ന വിഷയത്തിലുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിന് സർവകലാശാല മിനി സെമിനാർ ഹാളിൽ തുടക്കമായി.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമൂഹികവും ശാസ്ത്രീയവുമായ വെല്ലുവിളികൾ നേരിടുന്നതിൽ സ്റ്റാറ്റിസ്റ്റിക്സും ഡാറ്റ സയൻസും വഹിക്കുന്ന നിർണായക പങ്ക് അദ്ദേഹം വിശദീകരിച്ചു.
ഉദ്ഘാടന ചടങ്ങിൽ കുസാറ്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ഡോ. കെ. സി. ജെയിംസ് രചിച്ച “Hands On Linear & Integer Programming with Python” എന്ന പുസ്തകം പ്രകാശനം ചെയ്തു. സിദ്ധാന്തപരമായ ആശയങ്ങളെ പ്രായോഗിക കംപ്യൂട്ടേഷണൽ സമീപനങ്ങളുമായി ഏകോപിപ്പിക്കുക എന്നതാണ് പുസ്തകത്തിന്റെ ലക്ഷ്യം.
സമ്മേളനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സമ്മേളനത്തിന്റെ കോർഡിനേറ്ററുമായ ഡോ. പ്രിൻസി ടി, സീനിയർ പ്രൊഫസറും വിഭാഗ മേധാവിയുമായ ഡോ. ആശ ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീദേവി ഇ. പി, ഫാക്കൽട്ടി ഓഫ് സയൻസ് ഡീൻ ഡോ. വി. ശിവാനന്ദൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിലെ പ്രൊഫസർ എമിരിറ്റസ് പ്രൊഫ്. ബോവാസ് എബ്രഹാമിനെ സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും കുസാറ്റുമായുള്ള അന്താരാഷ്ട്ര അക്കാദമിക് സഹകരണം ശക്തിപ്പെടുത്തിയതിനുള്ള അംഗീകാരമായി ആദരിച്ചു. ഈ അവസരത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ സ്ഥാപക പ്രൊഫസറും കുസാറ്റിന്റെ മുൻ വൈസ് ചാൻസലറുമായ, ഡോ. എൻ. ഉണ്ണികൃഷ്ണൻ നായർ അന്താരാഷ്ട്ര അക്കാദമിക് ബന്ധങ്ങൾ വികസിപ്പിക്കുന്നതിൽ പ്രൊഫ. എബ്രഹാം വഹിച്ച പങ്കിനെക്കുറിച്ച് അനുസ്മരിച്ചു.
സമ്മേളനം ജനുവരി 16-ന് സമാപിക്കും.
Photo Courtesy - Google







