
ദോഹ: ഖത്തറിലെ ആകാശനിരീക്ഷകർക്ക് ഇന്ന് (ജനുവരി 11) അപൂർവ ദൃശ്യവിരുന്നാണ് ഒരുങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station – ISS) ഇന്ന് വൈകുന്നേരം നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
ഖത്തർ ഐഎസ്എസിന്റെ സഞ്ചാരപഥത്തിലായതിനാൽ, വൈകുന്നേരം 5.24-ന് തെക്കുപടിഞ്ഞാറൻ ആകാശത്തിരയിൽ പ്രത്യക്ഷപ്പെടുന്ന ബഹിരാകാശ നിലയം, ആകാശത്തിലൂടെ സഞ്ചരിച്ച് 5.30-ഓടെ വടക്കുകിഴക്കൻ ദിശയിൽ അപ്രത്യക്ഷമാകുമെന്ന് അറിയിപ്പിൽ പറയുന്നു. ഏകദേശം ആറു മിനിറ്റ് നേരം ഐഎസ്എസ് ഖത്തർ ആകാശത്ത് കാണാൻ സാധിക്കും.
മിന്നുന്ന വെളിച്ചമുള്ള, അതിവേഗത്തിൽ സഞ്ചരിക്കുന്ന പ്രകാശബിന്ദുവായി ഐഎസ്എസ് പ്രത്യക്ഷപ്പെടുമെന്നും, വിമാനങ്ങളിലേതുപോലെ മിന്നുന്ന ലൈറ്റുകൾ ഇല്ലായിരിക്കുമെന്നുമാണ് വിശദീകരണം.
നാസയുടെ ‘Spot the Station’, ‘ISS Detector’ തുടങ്ങിയ മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് ഐഎസ്എസിന്റെ സഞ്ചാരം തത്സമയം പിന്തുടരാനാവുമെന്നും അധികൃതർ അറിയിച്ചു.











