
ദോഹ: ഈ വർഷം ഒക്ടോബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സെർച്ച് ആൻഡ് റെസ്ക്യൂ (USAR) അഭ്യാസപ്രകടനത്തിന്റെ ആതിഥേയത്വത്തിനും സംഘാടനത്തിനുമായി ആഭ്യന്തര സുരക്ഷാ സേനയായ 'ലഖ്‌വിയ'യും (Lekhwiya) യുണൈറ്റഡ് നേഷൻസിന്റെ ഇൻസരാഗും (INSARAG) തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് കോർഡിനേഷൻ ഓഫീസിന് കീഴിലുള്ള രാജ്യാന്തര സമിതിയാണ് ഇൻസരാഗ് (International Search and Rescue Advisory Group).
ലഖ്‌വിയ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ മുഹമ്മദ് മെസ്ഫർ അൽ ഷഹ്വാനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, ലഖ്‌വിയക്ക് വേണ്ടി അഡ്മിനിസ്ട്രേഷൻ ആൻഡ് സപ്ലൈ അസിസ്റ്റന്റ് കമാൻഡർ ബ്രിഗേഡിയർ മുബാറക് ഷെരീദ അൽ കാബിയും ഇൻസരാഗിന് വേണ്ടി ഗ്ലോബൽ ചെയർപേഴ്സൺ അംബാസഡർ ഡൊമിനിക് സ്റ്റിൽഹാർട്ടും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.അന്താരാഷ്ട്ര സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുടെ സന്നദ്ധതയും അടിയന്തര ഘട്ടങ്ങളിലെ പ്രതികരണ ശേഷിയും വർദ്ധിപ്പിക്കുകയാണ് ഈ സംയുക്ത അഭ്യാസപ്രകടനത്തിലൂടെ ലക്ഷ്യമിടുന്നത്.പ്രകൃതിദുരന്തങ്ങളും വലിയ പ്രതിസന്ധികളും നേരിടുന്നതിൽ യു.എൻ സംവിധാനങ്ങളുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുന്ന ഖത്തറിന്റെ നേതൃത്വപരമായ പങ്കിനുള്ള വലിയൊരു അംഗീകാരമായാണ് ഈ ആഗോള അഭ്യാസപ്രകടനത്തിന്റെ വേദിയായി രാജ്യം തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര തലത്തിൽ മുൻനിരയിലുള്ള 'ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന്റെ' പ്രൊഫഷണൽ മികവും ഈ നേട്ടത്തിന് അടിവരയിടുന്നു.










