
ദോഹ: ഏപ്രിൽ 24-ന് ആചരിക്കുന്ന അന്താരാഷ്ട്ര ബഹുതല ശാക്തീകരണ-സമാധാന നയതന്ത്ര ദിനത്തോടനുബന്ധിച്ച്, ആഗോള സമാധാന രംഗത്ത് ഖത്തർ നടത്തുന്ന സജീവ ഇടപെടലുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. യുദ്ധങ്ങളും സംഘർഷങ്ങളും ഒഴിവാക്കി, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താനുള്ള ഖത്തറിന്റെ ശ്രമങ്ങൾ ലോകത്തിന് ഒരു വഴിവിളക്കായി മാറിയിരിക്കുകയാണ്.
സെപ്റ്റംബർ 2024-ൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന ഉച്ചകോടിയിൽ ലോകനേതാക്കൾ അംഗീകരിച്ച 'ഭാവിയിലേക്കുള്ള ഉടമ്പടി' (Pact for the Future), സമാധാനത്തിനും സുസ്ഥിര വികസനത്തിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ ശരിവെക്കുന്നതായിരുന്നു.നയതന്ത്ര രംഗത്ത് ഖത്തറിന്റെ ഏറ്റവും ഒടുവിലത്തെ വലിയ നേട്ടം, ഇസ്താംബൂളിൽ നടന്ന ഇന്റർ-പാർലമെന്ററി യൂണിയൻ (IPU) ജനറൽ അസംബ്ലിയിൽ ഖത്തർ അവതരിപ്പിച്ച 'അടിയന്തര പ്രമേയം' വൻ ഭൂരിപക്ഷത്തോടെ പാസാക്കിയതാണ്. "മധ്യപൂർവ്വേഷ്യയിലും മറ്റ് പ്രദേശങ്ങളിലും വെടിനിർത്തൽ കരാറുകൾ നടപ്പിലാക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും ഏകോപിതമായ പാർലമെന്ററി പരിശ്രമങ്ങൾ ആവശ്യമാണ്" എന്നതായിരുന്നു പ്രമേയം.ഒരു അറബ് രാജ്യം സമർപ്പിച്ച അടിയന്തര പ്രമേയം ഐ.പി.യു അജണ്ടയിൽ ഉൾപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്.ഇസ്താംബൂളിൽ നടന്ന 152-ാമത് ഐ.പി.യു ജനറൽ അസംബ്ലിയിൽ ഈ നിർദ്ദേശത്തിന് വലിയ പിന്തുണ ലഭിച്ചു.
ഖത്തർ ഷൂറാ കൗൺസിലാണ് ഈ നീക്കത്തിന് നേതൃത്വം നൽകിയത്.നേട്ടം പെട്ടെന്നുണ്ടായ ഒന്നല്ല, മറിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഖത്തർ നയതന്ത്ര രംഗത്ത് പുലർത്തുന്ന വിശ്വസ്തതയുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. സംഘർഷങ്ങൾക്കിടയിൽ മധ്യസ്ഥത വഹിക്കാനും കക്ഷികളെ ചർച്ചയുടെ മേശയിലേക്ക് കൊണ്ടുവരാനുമുള്ള ഖത്തറിന്റെ കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഖത്തർ യൂണിവേഴ്സിറ്റി പ്രൊഫസർഡോ. അലി ബക്കീർപറഞ്ഞു










