09:09pm 13 November 2026
NEWS
അന്താരാഷ്ട്ര മാരിടൈം സെമിനാറിന് (29-01-26) തുടക്കം
28/01/2026  05:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അന്താരാഷ്ട്ര മാരിടൈം സെമിനാറിന്  (29-01-26) തുടക്കം

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്‌സ് (ഇന്ത്യ)യും  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗുമായി(ഡിജി ഷിപ്പിങ്) ചേര്‍ന്ന് നടത്തുന്ന അന്താരാഷ്ട്രാ മാരിടൈം സെമിനാറിന് ഇന്ന് തുടക്കം(ജനുവരി 29- 30). വിവാന്റ മറൈന്‍ഡ്രൈവ്് കൊച്ചിയില്‍ രാവിലെ 9.30ന് കേന്ദ്രമന്ത്രി  സര്‍ബാനന്ദ സോണോവാള്‍ വെര്‍ച്ച്വലായി ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എം.ഡി മധു എസ് നായര്‍, ഡിജിഎസ് ചീഫ് സര്‍വെയര്‍ അജിത്കുമാര്‍ സുകുമാരന്‍, കൊച്ചിന്‍ പോര്‍ട്ട് അഥോറിട്ടി ചെയര്‍പേഴ്‌സണ്‍ ബി. കാശി വിശ്വനാഥന്‍, ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ് എംഡി പി.കെ. മിശ്ര, അഡ്മിറല്‍ രജനീഷ് ശര്‍മ്മ, ഐഎംഇഐ പ്രസിഡന്റ് കൗശിക് സീല്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളാകും. 

മുതിര്‍ന്ന വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന ഉദ്ഘാടന സെഷന്‍, നാല് സാങ്കേതിക പ്രബന്ധ അവതരണ സെഷനുകള്‍, നാല് ഉന്നതതല പാനല്‍ ചര്‍ച്ചാ സെഷനുകള്‍, സമുദ്ര നവീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വ്യവസായ പ്രദര്‍ശനങ്ങള്‍, കൊച്ചി കായല്‍ നെറ്റ്വര്‍ക്കിംഗ് ക്രൂയിസ്, സമാപന സമ്മേളനം തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഇന്ത്യയുടെ സമുദ്രമേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ കൊമാര്‍സെം 2026 നിര്‍ണായക പങ്ക് വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നയരൂപകര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, അക്കാദമീഷ്യന്മാര്‍, സമുദ്രമേഖലയിലെ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. 'മാരിടൈം ഇന്ത്യ- നൂതനാശയങ്ങളും സഹകരണങ്ങളും' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഇന്ത്യയെ ഒരു ആഗോള മാരിടൈം ശക്തിയായി മാറ്റുന്നതിനുള്ള നൂതന ആശയങ്ങളും സഹകരണ സാധ്യതകളും സെമിനാറില്‍ ചര്‍ച്ച ചെയ്യും.

സമുദ്രമേഖലയില്‍ നയങ്ങളും സാങ്കേതികവിദ്യയും വ്യവസായവും ഒരുമിച്ച് മുന്നോട്ട് പോകാന്‍ സഹായിക്കുന്ന ഒരു ആഗോള വേദിയാകും കൊമാര്‍സെം 2026 എന്ന് കൊമാര്‍സെം 2026 ചെയര്‍മാന്‍ എസ്. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇന്ത്യയുടെ സമുദ്രമേഖല വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്നും ഈ മാറ്റങ്ങള്‍ക്ക് വേഗം നല്‍കാന്‍ കൊമാര്‍സെം 2026 സഹായകമാകുമെന്നും ഡിജി ഷിപ്പിംഗിലെ ചീഫ് സര്‍വേയര്‍ അജിത് കുമാര്‍ സുകുമാരന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img