
ദോഹ: 'അണുബാധ പ്രതിരോധത്തിന്റെ തലമുറകൾ ഭൂതകാലം. വർത്തമാനകാലം. സംരക്ഷണം' (Generations of Infection Prevention | Past. Present. Protected) എന്ന പ്രമേയത്തിൽ ഒക്ടോബർ 18 മുതൽ 24 വരെ അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരാചരണത്തിന്റെ (IIPW) ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) തയ്യാറെടുക്കുന്നു.കാലഘട്ടങ്ങളിലൂടെയുള്ള അണുബാധ പ്രതിരോധത്തിന്റെ യാത്രയെയാണ് ഈ പ്രമേയം പ്രതിഫലിപ്പിക്കുന്നത്. പാരമ്പര്യമായി ലഭിച്ച അറിവുകൾ, ഭൂതകാലത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ, ആധുനിക ശാസ്ത്രീയ പ്രയോഗങ്ങൾ എന്നിവയിലൂടെ രോഗികൾ, ആരോഗ്യ പ്രവർത്തകർ, സമൂഹങ്ങൾ, ഭാവി തലമുറകൾ എന്നിവരെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ആരോഗ്യ പ്രവർത്തകരിലും സന്ദർശകരിലും അടിസ്ഥാന അണുബാധ പ്രതിരോധ മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, കൈകളുടെ ശുചിത്വം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട മര്യാദകൾ, പരിസ്ഥിതി ശുചീകരണം തുടങ്ങിയ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, അണുബാധ പ്രതിരോധ രംഗത്തെ ഇസ്ലാമിക നാഗരിക-വൈദ്യശാസ്ത്ര പൈതൃകം ആധുനിക രീതികളുമായി ബന്ധിപ്പിക്കുക തുടങ്ങിയവയാണ് ഈ പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ അണുബാധ പ്രതിരോധവും നിയന്ത്രണവും ഒരു പ്രധാന സ്തംഭമാണെന്ന് PHCC ഹെൽത്ത് പ്രൊട്ടക്ഷൻ മാനേജർ ഡോ. ഖാലിദ് എലവാദ് വ്യക്തമാക്കി. ശുചിത്വം, ഐസൊലേഷൻ, രോഗകാരണങ്ങൾ ഒഴിവാക്കൽ എന്നിവയിൽ തുടങ്ങി വ്യക്തികളെയും സമൂഹങ്ങളെയും സംരക്ഷിക്കുന്ന സമഗ്രമായ ഒരു സംവിധാനമായി അണുബാധ പ്രതിരോധം വളർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ കേന്ദ്രങ്ങളിൽ വിവിധ വിദ്യാഭ്യാസ-സംവാദ പരിപാടികൾ, ലക്ചറുകൾ, ശിൽപശാലകൾ, ബോധവൽക്കരണ മത്സരങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പ്രതിദിന അവതരണങ്ങൾ എന്നിവയിലൂടെ ജീവനക്കാർ, രോഗികൾ, സന്ദർശകർ, സ്കൂൾ വിദ്യാർത്ഥികൾ, ഹോം ഹെൽത്ത് കെയർ സേവനങ്ങൾ സ്വീകരിക്കുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്കൂൾ ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായും ഹോം ഹെൽത്ത് കെയർ സർവീസുകളുമായും സഹകരിച്ചാണ് വിദ്യാർത്ഥികളിലേക്കും വീടുകളിലേക്കും ഈ സന്ദേശങ്ങൾ എത്തിക്കുന്നത്.
പ്രചാരണ പരിപാടിയുടെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങളിലെ സ്ക്രീനുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അറബിയിലും ഇംഗ്ലീഷിലുമുള്ള ബോധവൽക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കും. ജീവനക്കാർക്ക് ദിവസേന ഇമെയിൽ സന്ദേശങ്ങളും ലഭ്യമാക്കും. പരിപാടികളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി രോഗികളിൽ നിന്നും സന്ദർശകരിൽ നിന്നും ഫീഡ്‌ബാക്ക് ശേഖരിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.










