01:03am 08 November 2026
NEWS
വനമാണ് മനുഷ്യന്റെ എല്ലാമെല്ലം; ഇന്ന് ലോക വനദിനം

21/03/2025  08:07 AM IST
nila
വനമാണ് മനുഷ്യന്റെ എല്ലാമെല്ലം; ഇന്ന് ലോക വനദിനം

ഇന്ന് ലോക വന ദിനം. വനങ്ങളും ഭക്ഷണങ്ങളും എന്നതാണ് ഈ വർഷത്തെ വനദിനത്തിന്റെ പ്രമേയം. മാനവ രാശിയുടെ നിലനിൽപ്പിന് തന്നെ വനങ്ങൾ എത്രത്തോളം അത്യാവശ്യമാണ് എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ വർഷത്തെ വന ദിനത്തിലെ സന്ദേശത്തിലൂടെ ചെയ്യുന്നത്. മരം ഒരു വരമെന്ന് ചൊല്ലിപഠിച്ച നാം വനം നമ്മുടെ ജീവനും ജീവിതവുമാണെന്ന് തിരിച്ചറിയേണ്ട കാലമാണിത്. വനത്തോട് നാം ചെയ്യുന്ന ചൂഷണത്തിനെല്ലാം ഉരുൾപൊട്ടലായും വന്യജീവി ആക്രമണങ്ങളായുമെല്ലാം കാലം കണക്കു ചോദിക്കുന്നുണ്ട്. 

ഭക്ഷ്യസുരക്ഷ, പോഷകാഹാരം, ഉപജീവനമാർഗ്ഗം എന്നിവയിൽ വനങ്ങളുടെ നിർണായക പങ്കിനെ ചൂണ്ടിക്കാട്ടുന്നതാണ് ഈ വർഷത്തെ വനദിനത്തിന്റെ പ്രമേയം. ഭക്ഷണം, ഇന്ധനം, വരുമാനം, തൊഴിൽ എന്നിവ നൽകുന്നതിനൊപ്പം, വനങ്ങൾ മണ്ണിന്റെ ഫലഭൂയിഷ്ഠതയെ നിലനിർത്തുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും ചെയ്യുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ വനങ്ങൾ മനുഷ്യന് മാത്രമല്ല, സകല ജീവജാലങ്ങൾക്കും ആഹാരം നൽകാൻ പ്രാപ്തിയുള്ള അക്ഷയഖനി തന്നെയാണ്. 

വനത്തെ ആശ്രയിക്കുന്ന സമൂഹങ്ങളുടെ, പ്രത്യേകിച്ച്  ആദിവാസി ജനതയുടെ നിലനിൽപ്പിന് അവ അത്യന്താപേക്ഷിതമാണ്. കൂടാതെ കാർബൺ സംഭരിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിന് വനങ്ങൾ നൽകുന്ന സംഭാവനയും വിസ്മരിക്കാൻ കഴിയുന്നതല്ല. കേവലം ഒരു ദിവസത്തെ ഓർമ്മപ്പെടുത്തലിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല വനങ്ങളുടെ സംരക്ഷണവും വ്യാപനവും എന്നതാണ് ഏറ്റവും പ്രധാനം. ഒരു വർഷം ശരാശരി ഒരു കോടി ഹെക്ടർ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നറിയുമ്പോഴാണ് നാം ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ തന്നെ എത്രത്തോളം അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്ന് മനസിലാകുന്നത്.

 അന്താരാഷ്ട്ര വനവർഷം 2011 നോട് അനുബന്ധിച്ചാണ് ഐക്യരാഷ്ട്ര സഭ മാർച്ച് 21 നെ ലോക വനദിനമായി പ്രഖ്യാപിച്ചത്. ഇന്നത്തെയും ഭാവിതലമുറയുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി വനത്തിന്റെയും വനത്തിനു പുറമെയുള്ള ജൈവ വൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ പരിപാടികൾ വനദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും സംഘടിപ്പിക്കാറുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img