
കാക്കനാട് രാജഗിരിവാലി ക്യാമ്പസില്‍ നടന്ന മൂന്നാമത് അന്താരാഷ്ട്ര ആല്‍ഗല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് പ്രൊഫ. കെ. മോഹന്തി ഉദ്ഘാടനം ചെയ്യുന്നു.ഡോ. ബിനോയ് ജോസഫ്, പ്രൊഫ. സത്യ മോഹന്തി, ഡോ. സബീല ബീവി എന്നിവര്‍ സമീപം.
കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും, ഐ.ഐ.ടി. ഗുവാഹത്തിയും സി.എസ്.ഐ.ആര്‍ - നീരി നാഗ്പൂരും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര ആല്‍ഗല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് 2025 കാക്കനാട് രാജഗിരി വാലി ക്യാമ്പസില്‍ നടന്നു. നഗ്‌ന നേത്രങ്ങളാല്‍ കാണാന്‍ ബുദ്ധിമുട്ടുള്ള ജലത്തിന് പച്ച നിറം നല്‍കുന്ന പ്രകൃതിയുടെ ദാനമാണ് ആല്‍ഗ എന്ന സസ്യവിഭാഗം. ആധുനിക ഗവേഷണങ്ങള്‍ക്കൊടുവില്‍ ആരോഗ്യ സമൃദ്ധമായ ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും മരുന്നുകളുടെ നിര്‍മ്മാണത്തിനും ഇന്ന് ആല്‍ഗകള്‍ മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകരും ശാസ്ത്രജ്ഞരും പങ്കെടുത്ത സമ്മേളനത്തില്‍ ആല്‍ഗയെ ആസ്പദമാക്കി ബയോടെക്നോളജി, ബയോഎനര്‍ജി, പരിസ്ഥിതി മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡിപ്പാര്‍ട്മെന്റ് ഓഫ് ബയോടെക്നോളജി (ഡി.ബി.ടി), കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (കെ.എസ്.സി.എസ്.ടി.ഇ), അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എ.എന്‍.ആര്‍.എഫ്.), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ബിനോയ് ജോസഫ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഡോ. സബീല ബീവി, സയന്റിസ്റ്, രാജഗിരി ബയോ സയൻസ്, , സ്വാഗതം ആശംസിച്ചു. ഐ.ഐ.ടി. ഗുവാഹത്തിയിലെ പ്രൊഫ. കെ. മോഹന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ വിശാലമായ തീരപ്രദേശങ്ങളും ശുദ്ധജല തടാകങ്ങളുടെ സാന്നിദ്ധ്യവും ആല്‍ഗ വ്യവസായത്തിന് വലിയ സാധ്യതകള്‍ തുറന്ന് നല്‍കുന്നതായി പ്രൊഫ. കെ. മോഹന്തി വ്യക്തമാക്കി. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ആല്‍ഗ കൃഷി ചെയ്യുന്നതിനും സമാനമായ ബിസിനസ് അവസരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആല്‍ഗ ഗവേഷണ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സമ്മേളനത്തില്‍ ആദരിച്ചു. ഡോ. കാഞ്ചന്‍ സാംഭ്വാനിക്ക് (ഐ.സി.ടി, മുംബൈ) എമര്‍ജിംഗ് കരിയര്‍ അവാര്‍ഡ്, ഡോ. പൂനം ചൗധരിക്ക് (ഐ.ഐ.ടി, റൂറ്കി) എര്‍ലി കരിയര്‍ അവാര്‍ഡ്, ഡോ. എസ് ദുര്‍ഗാദേവി (എന്‍.ഐ.ടി, തിരുച്ചിറപ്പള്ളി), ഡോ. സോണിയ ചൗധരി (ഐ.ഐ.ടി, റൂറ്കി) എന്നിവര്‍ക്ക് സംയുക്തമായി മികച്ച പി.എച്ച്.ഡി. തീസിസ് അവാര്‍ഡ്, കാക്കനാട് രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ റോബീ കെ. മാത്യുവിന് മികച്ച മാസ്റ്റര്‍ തീസിസ് അവാര്‍ഡ് എന്നിവ ലഭിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റര്‍, ഓറല്‍ പ്രെസന്റേഷന്‍ മത്സരങ്ങളും സംഘടിപ്പിച്ചു. ഗവേഷണ നവീകരണങ്ങള്‍ അവതരിപ്പിക്കുന്നതിനും യുവ ഗവേഷകര്‍ക്ക് തങ്ങളുടെ കണ്ടെത്തലുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഈ മത്സരങ്ങള്‍ വേദിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും, ഇന്ത്യയിലെ ഐ.ഐ.ടി, എന്‍.ഐ.ടി, സി.എസ്.ഐ.ആര്‍, സ്ഥാപനങ്ങള്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയിലെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുത്തു. കൂടാതെ 35ല്‍ അധികം ക്ഷണിത പ്രഭാഷകര്‍ ആല്‍ഗല്‍ ബയോടെക്നോളജി, മാലിന്യജല ശുദ്ധീകരണം, കാര്‍ബണ്‍ സീക്വെസ്ട്രേഷന്‍, ബയോഎനര്‍ജി, ആല്‍ഗ അടിസ്ഥാന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രാദേശികമായി ആല്‍ഗ കൃഷി ചെയ്യുന്നവര്‍ക്കും ഈ മേഖലയില്‍ ചെറുകിട സ്വയംതൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും വലിയ അവസരങ്ങളാണ് സമ്മേളനം ഒരുക്കിനല്‍കിയത്. സമ്മേളനത്തില്‍, ഭാവിയില്‍ ആല്‍ഗല്‍ ഗവേഷണ മേഖലയില്‍ കൂടുതല്‍ ദേശീയ-അന്തര്‍ദേശീയ സഹകരണങ്ങള്‍ രൂപപ്പെടുത്താനും, നവീന ഗവേഷണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ശിപാര്‍ശകള്‍ നിര്‍ദേശിച്ചു.
രണ്ട് ദിവസങ്ങളിലായി ശാസ്ത്രീയ ചര്‍ച്ചകളും ഗവേഷണ പ്രദര്‍ശനങ്ങളും നിറഞ്ഞ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ രാജഗിരി ബിസിനസ് സ്‌കൂള്‍ & രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ സി.എം.ഐ അധ്യക്ഷത വഹിച്ചു. അടുത്ത വർഷത്തെ അന്താരാഷ്ട്ര സിമ്പോസിയം നാഗ്പു ർ നാഷണൽ എൻവയൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്ടിട്യൂട്ടിൽ 2026, ഒക്ടോബർ 29 ന് നടക്കുമെന്ന് പ്രഖ്യാപിച്ചു.
Photo Courtesy - Google







