
തിരുവനന്തപുരം: അനിവാര്യത ഇല്ലാതിരുന്നിട്ടും രോഗികളുടെ ഇൻഷുറൻസ് കവറേജ് ലക്ഷ്യമിട്ട് ചില സ്വകാര്യ ആശുപത്രികൾ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി നടത്തുന്നതായി ഗുരുതര ആക്ഷേപം. ഇൻഷുറൻസ് തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാമെന്നതിനാലും രോഗികൾക്ക് നേരിട്ട് സാമ്പത്തിക ബാദ്ധ്യത വരാത്തതിനാലും ചെറിയ നെഞ്ചുവേദനയുമായി എത്തുന്നവർക്ക് പോലും വലിയ തുക ഈടാക്കി ആൻജിയോപ്ലാസ്റ്റി നടത്തുന്ന പ്രവണതയേറുന്നതായാണ് പരാതി.
അടിയന്തരമായി സ്റ്റെന്റ് ഇടണമെന്നും, ഗുണനിലവാരമുള്ള സ്റ്റെന്റുകൾക്ക് വിലകൂടുതലാണെങ്കിലും ഇൻഷുറൻസ് പരിരക്ഷയുള്ളതിനാൽ പണം മുടക്കേണ്ടി വരില്ലെന്നും ബോധ്യപ്പെടുത്തി ആശുപത്രികൾ രോഗികളെ സമ്മതിപ്പിക്കുകയാണ് പതിവ്. ചില കമ്പനികളുടെ ഒത്താശയോടെ ഇൻഷുറൻസ് ക്ലെയിമുകൾ പാസായി കിട്ടാറുണ്ടെങ്കിലും, ഈ പ്രവണത കർശനമായി പരിശോധിക്കുന്ന കമ്പനികളും സജീവമാണ്.
സ്റ്റെന്റിനും കമ്മിഷൻ മാഫിയ!
ആൻജിയോപ്ലാസ്റ്റിക്കിടെ ഉപയോഗിക്കുന്ന സ്റ്റെന്റുകളുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള കമ്മീഷൻ ഇടപാടുകളും നടക്കുന്നുണ്ട്. വിലകൂടിയ സ്റ്റെന്റുകൾ ഉപയോഗിക്കാൻ ഡോക്ടർമാരെ പ്രേരിപ്പിക്കുന്നതിനായി നിർമ്മാണ കമ്പനികൾ വൻ ഓഫറുകളാണ് നൽകുന്നത്. വിലകൂടിയ സ്റ്റെന്റുകൾ തിരഞ്ഞെടുക്കുന്ന ഡോക്ടർമാർക്ക് വിദേശ യാത്രകൾ, സമ്മാനങ്ങൾ, വിവിധ പരിപാടികളുടെ സ്പോൺസർഷിപ്പ് എന്നിവ കമ്പനികൾ വാഗ്ദാനം ചെയ്യുന്നു. ഇത് അനാവശ്യമായി വിലകൂടിയ സ്റ്റെന്റുകൾ രോഗികളിൽ ഉപയോഗിക്കാൻ ഇടയാക്കുന്നതായും, അതുവഴി ആശുപത്രി ബിൽ കുത്തനെ ഉയരുന്നതായും ആക്ഷേപമുണ്ട്.











