
തിരുവനന്തപുരം: കനത്ത മഴ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഇൻഷുറൻസ് പോളിസിയിലെ 'വെള്ളപ്പൊക്കം, വെള്ളക്കെട്ട്' എന്നീ വകുപ്പുകളിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകാമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (SCDRC) വിധിച്ചു. ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ (പ്രസിഡന്റ്), ജുഡീഷ്യൽ അംഗം അജിത് കുമാർ ഡി, കെ.ആർ രാധാകൃഷ്ണൻ (അംഗം) എന്നിവരടങ്ങിയ SCDRC ബെഞ്ച്, പാലക്കാട് സ്വദേശി നൽകിയ അപ്പീൽ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഉത്തരവുകൾ ഉദ്ധരിച്ച് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാരം നിഷേധിച്ച ജില്ലാ കമ്മീഷന്റെ ഉത്തരവിനെതിരെയാണ് പരാതിക്കാരൻ അപ്പീൽ നൽകിയിരുന്നത്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ₹32,500 നഷ്ടപരിഹാരമായും ₹5,000 കോടതിച്ചെലവായും നൽകണമെന്ന് ബെഞ്ച് ഉത്തരവിട്ടു.
പരാതിക്കാരൻ ₹5,898.90 ഒറ്റത്തവണ പ്രീമിയം അടച്ച് ഒരു സ്റ്റാൻഡേർഡ് ഫയർ ആൻഡ് സ്പെഷ്യൽ പെരിൽസ് പോളിസി എടുത്തിരുന്നു. ഇത് അദ്ദേഹത്തിന്റെ വീട്, മതിൽ, കിണർ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നതായിരുന്നു. പോളിസിയുടെ കാലാവധിയിൽ, കനത്ത മഴയിൽ മതിലിടിഞ്ഞുവീണു. ഇൻഷുറൻസ് കമ്പനി നിയോഗിച്ച സർവേയർ ₹32,500 നഷ്ടം കണക്കാക്കി. എന്നാൽ, മഴയോ കനത്ത മഴയോ പോളിസിയിൽ ഉൾപ്പെടുന്ന അപകടസാധ്യതയല്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി ക്ലെയിം നിരസിക്കുകയായിരുന്നു.
കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ടൈഫൂൺ, ഹരിക്കെയ്ൻ, ടെമ്പസ്റ്റ്, ടൊർണാഡോ, വെള്ളപ്പൊക്കം അല്ലെങ്കിൽ വെള്ളക്കെട്ട് എന്നിവ കാരണം നേരിട്ടുണ്ടാകുന്ന നാശനഷ്ടങ്ങൾക്കാണ് കവറേജെന്നും, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം അല്ലെങ്കിൽ മറ്റ് പ്രകൃതിക്ഷോഭങ്ങൾ എന്നിവ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്പനി വാദിച്ചു. ജില്ലാ കമ്മീഷൻ കമ്പനിയുടെ വാദം ശരിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മീഷന്റെ പുതിയ വിധി.











