
തിരുവനന്തപുരം: എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരിച്ചുനൽകാൻ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനോട് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നിർദേശം നൽകി. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട മെഡിക്കൽ കോളേജുകൾക്ക് നിർദേശം നൽകാൻ ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനോടാണ് (ഡിഎംഇ) കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എംബിബിഎസ് കോഴ്സിന്റെ കാലാവധി നാലര വർഷമാണെങ്കിലും ചില കോളേജുകൾ അഞ്ച് വർഷത്തേക്കുള്ള ഫീസ് ഈടാക്കിയെന്ന പരാതിയെ തുടർന്നാണ് നടപടി. കോഴ്സ് ദൈർഘ്യത്തിന് അനുസരിച്ച് നാലര വർഷത്തേക്കുള്ള ഫീസ് മാത്രമേ വിദ്യാർത്ഥികളിൽ നിന്ന് വാങ്ങാവൂ എന്ന് എൻഎംസി നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു.
എന്നാൽ ഈ നിർദേശം ലംഘിച്ച് അധിക ഫീസ് ഈടാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന്, വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ ആറുമാസത്തെ അധിക ഫീസ് തിരികെ നൽകാൻ കമ്മീഷൻ നിർദേശിച്ചു. സംസ്ഥാനത്തെ ഏകദേശം 3,000 വിദ്യാർത്ഥികളിൽ നിന്ന് 3.5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ അധികമായി ഈടാക്കിയെന്നാണ് വിലയിരുത്തൽ. അധികമായി പിരിച്ച തുക മുഴുവൻ തിരിച്ചുനൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.










