
ദോഹ: അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ (IEI), ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് (IDC), കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ എന്നിവയുമായി സഹകരിച്ച് ആരോഗ്യ അവബോധ സെഷനും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഏപ്രിൽ 30-ന് വൈകുന്നേരം ദോഹയിലെ ഒലീവ് ഇന്റർനാഷണൽ സ്കൂളിലായിരുന്നു പരിപാടി.
ആരോഗ്യ ബോധവൽക്കരണവും മുൻകരുതൽ ചികിത്സയുടെ പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്. പരിപാടിയിൽ എൻജിനീയർ സജീത് ജോർജ് സ്വാഗതം ആശംസിച്ചു. IEI ഖത്തർ ചാപ്റ്റർ ചെയർമാൻ എൻജിനീയർ അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ച ചടങ്ങിൽ IDC പ്രസിഡന്റ് ഡോ. റിനി കെ. ഷൗക്കത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.ഡോ. റിനി കെ. ഷൗക്കത്ത് (പ്രസിഡന്റ്, IDC & ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ്, ഖത്തർ ആംഡ് ഫോഴ്സ്)
ഡോ. അന്വർ മുഹമ്മദ് (ജനറൽ പ്രാക്ടീഷണർ, ഖത്തർ റെഡ് ക്രസന്റ്)
ഡോ. സോണി ദാസ് (ഡെർമറ്റോളജിസ്റ്റ്, ഖത്തർ റെഡ് ക്രസന്റ്)
ഡോ. ഷഫീഖ് താപ്പി (നെഫ്രോളജിസ്റ്റ്, ഹമദ് മെഡിക്കൽ കോർപ്പറേഷൻ)എന്നീ
വിദഗ്ധരായ ഡോക്ടർമാർവിവിധ ആരോഗ്യ വിഷയങ്ങളിൽ
ക്ലാസുകൾക്ക് നേതൃത്വം നൽകി.ലൈഫ് സ്റ്റൈൽ രോഗങ്ങൾ, ചർമ്മസംരക്ഷണം, വൃക്കരോഗങ്ങൾ, പൊതുവായ ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ഡോക്ടർമാർ വിശദമായ അവതരണങ്ങൾ നടത്തി. തുടർന്ന് നടന്ന സംവാദത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകി.
കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിലെ പ്രതിനിധികൾ പങ്കെടുത്തവർക്കായി രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ തുടങ്ങിയ അടിസ്ഥാന മെഡിക്കൽ പരിശോധനകൾ നടത്തി.
ഒലീവ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് തോമസ്, ഹെഡ്മിസ്ട്രസ് മിസ് പൂനം, IEI എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻജിനീയർ പോൾ ജേക്കബ്, എൻജിനീയർ സഞ്ജയ് ജെയിൻ, എൻജിനീയർ പ്രൊഫ. ദിൽബ മിഡ്‌ലാജ് എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പരിപാടിയിൽ പങ്കെടുത്തു.
സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെ (CSR) ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് IEI സെക്രട്ടറി എൻജിനീയർ പോൾ ജേക്കബ് അറിയിച്ചു. പ്രിൻസിപ്പൽ ജേക്കബ് തോമസ് സമാപന പ്രസംഗം നടത്തി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ സ്ഥാപനങ്ങൾക്കും IEI ഖത്തർ ചാപ്റ്റർ നന്ദി രേഖപ്പെടുത്തി.










