
തിരുവനന്തപുരം: നാഗർകോവിൽ വെള്ളിച്ചന്തയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ നാലുപേരെ കുളച്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തടിക്കാരക്കോണം സ്വദേശി അജൻ (20), വിവേക് (32), പരപ്പുവിള സ്വദേശി ദിനേശ്, നാഗർകോവിൽ സ്വദേശി ജെരീഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴിയാണ് വിദ്യാർഥിനി അജനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇതിനിടെ അജൻ ലോഡ്ജിൽ മുറിയെടുത്ത് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
ഇക്കാര്യം വിദ്യാർഥിനി ബന്ധുവായ വിവേകിനോട് പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് വിവേക് കഴിഞ്ഞ മാസം വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് മദ്യം നൽകിയ ശേഷം വിവേകും സുഹൃത്തുക്കളായ ദിനേശും ജെരീഷും ചേർന്ന് പീഡിപ്പിച്ചെന്നാണ് പൊലീസ് കേസ്.
വിദ്യാർഥിനിയുടെ പരാതിയിൽ അന്വേഷണം നടത്തിയ കുളച്ചൽ പൊലീസ് നാലുപേരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.










