
ന്യൂഡൽഹി: അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് മികച്ച അവസരവുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ-ഷീ (INSPIRE-SHE) സ്കോളർഷിപ്പ്. 2026 വർഷത്തേക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 12,000 വിദ്യാർഥികൾക്കാണ് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കുക. താൽപര്യമുള്ളവർക്ക് ഡിസംബർ ഏഴ് രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
യുവതലമുറയിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ഗവേഷണ രംഗത്തേക്ക് കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്. അർഹരായ കൂടുതൽ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്ന തരത്തിൽ പരിഷ്കരിച്ച മാനദണ്ഡങ്ങളോടെയാണ് ഇത്തവണ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്.
എത്ര രൂപ ലഭിക്കും?
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 5,000 രൂപ വീതം ഒരു വർഷം 60,000 രൂപ സ്കോളർഷിപ്പായി ലഭിക്കും. ഇതിന് പുറമെ മൂന്നും നാലും വർഷങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി പ്രതിവർഷം 20,000 രൂപയുടെ മെന്റർഷിപ്പ് ഗ്രാന്റും അനുവദിക്കും. രാജ്യത്തെ അംഗീകൃത സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ നടത്തുന്ന ഗവേഷണ പ്രോജക്ടുകൾക്കാണ് ഈ തുക വിനിയോഗിക്കാനാകുക.
ആർക്കൊക്കെയാണ് അർഹത?
2025-ൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ 17 മുതൽ 22 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിഎസ്സി, ബിഎസ്, നാല് വർഷത്തെ ബിഎസ്സി റിസർച്ച്, ഇന്റഗ്രേറ്റഡ് എംഎസ്സി, എംഎസ് കോഴ്സുകൾക്ക് പഠിക്കുന്നവരായിരിക്കണം.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ബയോടെക്നോളജി, മൈക്രോബയോളജി, എൻവയോൺമെന്റൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, എർത്ത് സയൻസസ് തുടങ്ങിയ വിഷയങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.
പ്ലസ് ടു പരീക്ഷയിൽ അതത് വിദ്യാഭ്യാസ ബോർഡുകളുടെ ആദ്യ ഒരു ശതമാനത്തിനുള്ളിൽ ഇടം നേടിയവർക്ക് അപേക്ഷിക്കാം. ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ്, നീറ്റ് പരീക്ഷകളിൽ ആദ്യ 10,000 റാങ്കിനുള്ളിൽ എത്തിയവർക്കും എൻടിഎസ്ഇ സ്കോളർമാർക്കും അന്താരാഷ്ട്ര ഒളിമ്പ്യാഡ് മെഡൽ ജേതാക്കൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
എങ്ങനെ അപേക്ഷിക്കാം?
ഇൻസ്പയർ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റായ online-inspire.gov.in വഴി മാത്രമാണ് സമർപ്പിക്കേണ്ടത്. ആദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, നിർദിഷ്ട എൻഡോഴ്സ്മെന്റ് ഫോം എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷ പൂർത്തിയാക്കാം.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങളും ഔദ്യോഗിക നിർദേശങ്ങളും പരിശോധിക്കേണ്ടതാണ്. ആവശ്യമായ രേഖകൾ ഉൾപ്പെടുത്താതെയോ വിവരങ്ങൾ പൂർണമായി നൽകാതെയോ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്. ഡിസംബർ ഏഴ് രാത്രി 11.59 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം.










