
ചെങ്ങന്നൂർ: അപകടസാധ്യത കൂടുതലുള്ള പേരിശ്ശേരി മേഖലയിലെ വിവിധ റോഡുഭാഗങ്ങളിൽ കോൺവെക്സ് മിററുകളും മുന്നറിയിപ്പ് സൈൻബോർഡുകളും സ്ഥാപിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. മാവേലിക്കര–ചെങ്ങന്നൂർ റോഡിലെ പേരിശ്ശേരി ഭാഗത്തെ ഗമാലിയത്ത് ഊന്നുകല്ലിങ്കൽ മേഖല, പേരിശ്ശേരി കുരിശുമൂട്–മുണ്ടൻകാവ് റോഡിലെ കുരിശുമൂട് ജംഗ്ഷൻ, പേരിശ്ശേരി വലിയപള്ളി പാഴ്സനേജ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നടപടി ആരംഭിച്ചിരിക്കുന്നത്.
ഇത്തരം പ്രദേശങ്ങളിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കോൺവെക്സ് മിററുകളും മുന്നറിയിപ്പ് സൈൻബോർഡുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ അനുമതി നൽകുന്നതിനും സ്ഥലങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി ബന്ധപ്പെട്ട അധികാരികൾ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
പരിശോധനയ്ക്കിടെ പുലിയൂർ മൂന്നാം വാർഡ് അംഗം
റേച്ചൽ ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു. അപകടഭീഷണി നിലനിൽക്കുന്ന വളവുകളിലും തിരക്കേറിയ ജംഗ്ഷനുകളിലും സുരക്ഷാ സംവിധാനങ്ങൾ അനിവാര്യമാണെന്ന് പ്രദേശവാസികളും ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ വർധിപ്പിക്കുകയും വാഹനയാത്രികർക്കും കാൽനടയാത്രികർക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.











