08:45am 21 May 2026
NEWS
ഐ.ഒ.എസ് സാഗർ പര്യടനം കഴിഞ്ഞ് കൊച്ചിയിൽ തിരിച്ചെത്തിയ ഐ.എൻ.എസ് സുനേനയ്ക്ക് രാജകീയ വരവേൽപ്പ്
20/05/2026  04:03 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഐ.ഒ.എസ് സാഗർ പര്യടനം കഴിഞ്ഞ് കൊച്ചിയിൽ തിരിച്ചെത്തിയ ഐ.എൻ.എസ് സുനേനയ്ക്ക് രാജകീയ വരവേൽപ്പ്

കൊച്ചി: 16 രാജ്യങ്ങളിലെ നാവികരുമായി പര്യടനം നടത്തി ഇന്ത്യൻ ഓഷ്യൻ ഷിപ്പ് സാഗർ (ഐ.ഒ.എസ് സാഗർ) കൊച്ചിയിൽ തിരിച്ചെത്തി. നാവിക സേനയുടെ ഐ.എൻ.എസ് സുനേന എന്ന കപ്പലാണ് ഐ.ഒ.എസ് സാഗർ എന്ന പേരിൽ പര്യടനം നടത്തിയത്. ഇന്ത്യൻ ഓഷ്യൻ റീജിയനിലെ നാവിക സേനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ഒ.എസ് സാഗർ സംഘടിപ്പിച്ചത്. 

ദക്ഷിണനാവിക സേനയുടെ നേതൃത്വത്തിൽ ഐ.ഒ.എസ് സാഗറിന് രാജകീയ വരവേൽപ്പാണ് ഒരുക്കിയത്. ബുധനാഴ്ച രാവിലെ കൊച്ചി അഴിമുഖത്തേക്ക് നേവൽ ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകളുടെ അകമ്പടിയോടെ ആനയിച്ചു. സതോൺ നേവൽ കമാൻഡിലെ മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. യാത്രാവേളയിൽ ഉടനീളം കപ്പലിലെ വിവിധ രാജ്യങ്ങളിൽപ്പെട്ട നാവികർ കാണിച്ച പ്രൊഫഷണലിസത്തെയും ഒത്തൊരുമയേയും സതോൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന പ്രശംസിച്ചു. ഇന്ത്യൻ ഓഷ്യൻ റീജിയണിലെ നാവിക സേനകൾ തമ്മിൽ പരസ്പര സഹകരണവും മാറിടൈം വെല്ലുവിളികൾ ഒത്തൊരുമയോടെ നേരിടാനുള്ള പ്രവർത്തനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ഒ.എസ് സാഗർ പര്യടനം സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശിക തലത്തിൽ വിവിധ രാജ്യങ്ങളുടെ നാവികസേനകൾ തമ്മിൽ പരസ്പര സഹകരണത്തേോടെ പ്രവ‌ത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. 

ഏപ്രിൽ 2ന് മുംബൈയിൽ നിന്ന് കേന്ദ്ര പ്രതിരോധസഹമന്ത്രിയാണ് ഐ.ഒ.എസ് സാഗർ ഫ്ലാഗ് ഓഫ് ചെയ്തത്. പര്യടനത്തിന്റെ ഭാഗമായി മാലി, ജക്കാർത്ത, സിംഗപ്പൂര്, യാംഗൂൺ, കോളംബോ, ഫുക്കേറ്റ്, ചാറ്റോഗ്രാം തുറമുഖങ്ങൾ സന്ദർശിച്ചു. പര്യടനത്തിന് മുന്നോടിയായി 16 രാജ്യങ്ങളിലെ നാവികർ ദക്ഷിണനാവിക സേനാ ആസ്ഥാനമായ കൊച്ചിയിൽ രണ്ടാഴ്ച നീണ്ട പരിശീലനം നടത്തിയിരുന്നു. ബംഗ്ലാദേശ്, ഇന്ത്യോനേഷ്യ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മാലദ്വീപ്, മൊസാംബിക്ക്, മ്യാൻമാ്ർ, സെയ്ഷലിസ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, താൻസാനിയ, തായ്ലൻഡ്, ടിമോർ, യു.എ.ഇ രാജ്യങ്ങളിലെ നാവികസേനാംഗങ്ങളാണ് ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കൊപ്പം പങ്കെടുത്തത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img