12:48am 10 November 2026
NEWS
ഇന്ത്യന്‍ സമുദ്ര മേഖലയിലെ സൗഹൃദ ദൗത്യം വിജയകരം; ആഹ്‌ളാദം പങ്കിട്ട് ഐഎന്‍എസ് സുനൈന കൊച്ചിയില്‍


09/05/2025  10:32 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യന്‍ സമുദ്ര മേഖലയിലെ സൗഹൃദ ദൗത്യം വിജയകരം; ആഹ്‌ളാദം പങ്കിട്ട് ഐഎന്‍എസ് സുനൈന കൊച്ചിയില്‍

കൊച്ചി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത നാവിക സൈന്യ സംഘത്തെ പങ്കു ചേര്‍ത്തുള്ള ഒരു മാസം നീണ്ടുനിന്ന സൗഹൃദ പര്യടന ദൗത്യത്തിനു ശേഷം ഐഎന്‍എസ് സുനൈന കൊച്ചിയില്‍ വിജയാഘോഷത്തോടെ തിരിച്ചെത്തി. പ്രത്യേക ദൗത്യത്തിനു വേണ്ടി  ഇന്ത്യന്‍ മഹാസമുദ്ര കപ്പല്‍ (ഐഒഎസ്) സാഗറായി നാമമാറ്റത്തിനു വിധേയമായിരുന്നു ഇന്ത്യന്‍ നാവികസേനയുടെ 105 മീറ്റര്‍ നീളമുള്ള ഓഫ്ഷോര്‍ പട്രോള്‍ വെസ്സലായ ഐഎന്‍എസ് സുനൈന.

കൊമോറോസ്, കെനിയ, മഡഗാസ്‌കര്‍, മാലിദ്വീപ്, മൗറീഷ്യസ്, മൊസാംബിക്ക്, സീഷെല്‍സ്, ശ്രീലങ്ക, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ദൗത്യത്തിന്റെ ഭാഗമായിരുന്ന 44 അന്താരാഷ്ട്ര ക്രൂ അംഗങ്ങള്‍. രണ്ട് ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റുകളുടെ അകമ്പടിയോടെ വിന്യസിക്കപ്പെട്ടിരുന്ന ഐഎന്‍എസ് സുനൈനയെ നാവിക ബാന്‍ഡ് സഹിതം തികഞ്ഞ ആവേശത്തോടെയാണ് കൊച്ചിയില്‍ സ്വീകരിച്ചത്. നാവിക താവളത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ദക്ഷിണ നാവിക കമാന്‍ഡിന്റെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ വി ശ്രീനിവാസ് ക്രൂവിനെ അഭിനന്ദിച്ചു.

ഐഒഎസ് സാഗറിന്റെ കന്നി സംരംഭത്തിനു തുടക്കമിട്ട് ഏപ്രില്‍ 5 ന് കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്‌ളാഗ് ഓഫ് ചെയ്തു.ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, നിരവധി നാവിക ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഡാര്‍-എസ്-സലാം, നകാല, പോര്‍ട്ട് ലൂയിസ്, പോര്‍ട്ട് വിക്ടോറിയ, മാലെ എന്നിവിടങ്ങളില്‍ ഐഒഎസ് സാഗര്‍ തുറമുഖ സന്ദര്‍ശനം നടത്തി. ടാന്‍സാനിയ, മൊസാംബിക്, മൗറീഷ്യസ്, സീഷെല്‍സ് എന്നീ പ്രധാന ഇന്ത്യന്‍ മഹാസമുദ്ര മേഖലാ രാജ്യങ്ങളുടെ സംയുക്ത നാവിക അഭ്യാസങ്ങള്‍,  സാംസ്‌കാരിക വിനിമയങ്ങള്‍ എന്നിവയില്‍ പങ്കാളിത്തം വഹിച്ചു.

മൊസാംബിക്കില്‍, മൊസാംബിക് നാവികസേനയുമായി ചേര്‍ന്നുള്ള നിരവധി സഹകരണ പ്രവര്‍ത്തനങ്ങളും കമ്മ്യൂണിറ്റി ഇടപെടലുകളും നടന്നു. ഐഒഎസ് സാഗറിലെ സംഘം മൗറീഷ്യസ് പോലീസ് സേനയുമായി ഇടപഴകുകയും മൗറീഷ്യസ് കോസ്റ്റ് ഗാര്‍ഡുമായി ഏകോപിത പട്രോളിംഗ് നടത്തുകയും ചെയ്തു. സീഷെല്‍സിലെ പോര്‍ട്ട് വിക്ടോറിയയിലേക്കുള്ള സന്ദര്‍ശനം ക്രോസ്-ഡെക്ക് സന്ദര്‍ശനങ്ങള്‍, പരിശീലന കൈമാറ്റങ്ങള്‍, സംയുക്ത യോഗ സെഷനുകള്‍, സീഷെല്‍സ് പ്രതിരോധ സേനയുമായുള്ള സമുദ്ര ഇടപെടല്‍ എന്നിവയാല്‍ ശ്രദ്ധേയമായി. 

കൊച്ചിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കപ്പല്‍ മാലിദ്വീപില്‍ ഒരു സഹകരണ സമുദ്ര സുരക്ഷാ, പ്രാദേശിക ഔട്ട്‌റീച്ച് ദൗത്യം നടത്തി. മാര്‍ച്ച് 25 ന് കൊച്ചിയില്‍ സംയോജിത തുറമുഖ, കടല്‍ പരിശീലന ഘട്ടത്തോടെയാണ് ഐഒഎസ് സാഗറിന്റെ യാത്ര ആരംഭിച്ചത്. 'ഒരു സമുദ്രം ഒരു ദൗത്യം' എന്നതായിരുന്നു ഐഒഎസ് സാഗറിന്റെ ടാഗ്ലൈന്‍. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള പ്രാദേശിക സമുദ്ര സഹകരണം ശക്തിപ്പെടുത്തുന്നതിനായി, ഏപ്രില്‍ 13 മുതല്‍ 18 വരെ ഇന്ത്യയും ടാന്‍സാനിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച ഐക്യം 2025 ല്‍ ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കേസരി എന്നിവയ്ക്കൊപ്പം ഐഒഎസ് സാഗറും പങ്കെടുത്തു.
 
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img