03:52am 03 November 2026
NEWS
പത്തുമാസത്തെ സമുദ്രപര്യടനം പൂര്‍ത്തിയാക്കി ഐഎന്‍എസ് സുദര്‍ശിനി കൊച്ചിയില്‍ തിരിച്ചെത്തി
02/11/2026  08:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പത്തുമാസത്തെ സമുദ്രപര്യടനം പൂര്‍ത്തിയാക്കി ഐഎന്‍എസ് സുദര്‍ശിനി കൊച്ചിയില്‍ തിരിച്ചെത്തി
HIGHLIGHTS

22,000 നോട്ടിക്കല്‍ മൈലിലധികം യാത്ര; 11 രാജ്യങ്ങളിലെ 17 തുറമുഖങ്ങളില്‍ സന്ദര്‍ശനം; നാവികസേനയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ പരിശീലനക്കപ്പലായ ഐഎന്‍എസ് സുദര്‍ശിനി പത്തുമാസം നീണ്ട 'ലോകയാന്‍ 26' സമുദ്രപര്യടനം വിജയകരമായി പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തി. 22,000 നോട്ടിക്കല്‍ മൈലിലധികം ദൂരം വിവിധ സമുദ്രങ്ങളിലൂടെ സഞ്ചരിച്ച കപ്പലിന് ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി.

വാട്ടര്‍ കാനണ്‍ സല്യൂട്ടോടെയും നാവികസേനാ ബാന്‍ഡിന്റെ വാദ്യമേളങ്ങളോടെയുമായിരുന്നു കപ്പലിന്റെ വരവേല്‍പ്പ്. ദീര്‍ഘയാത്രയ്ക്കുശേഷം തിരിച്ചെത്തിയ നാവികരെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും ബന്ധുക്കളും എത്തിയിരുന്നു.

ദക്ഷിണ നാവിക കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേനയുടെ അധ്യക്ഷതയിലായിരുന്നു ഫ്‌ളാഗ്-ഇന്‍ ചടങ്ങ്.

ചടങ്ങില്‍ സംസാരിച്ച അദ്ദേഹം കപ്പലിലെ ജീവനക്കാരുടെ അസാധാരണമായ അര്‍പ്പണബോധം, സഹനശക്തി, പ്രൊഫഷണലിസം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയെ അഭിനന്ദിച്ചു. രാജ്യത്തിനും ഇന്ത്യന്‍ നാവികസേനയ്ക്കും അഭിമാനകരമായ നേട്ടമാണ് ഈ യാത്രയിലൂടെ കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സമുദ്രപരിശീലനം, നാവിക വൈദഗ്ധ്യം, പ്രവര്‍ത്തനസജ്ജത എന്നിവയില്‍ ഇന്ത്യന്‍ നാവികസേന പുലര്‍ത്തുന്ന ഉയര്‍ന്ന നിലവാരത്തിന്റെ തെളിവാണ് ഈ ദൗത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണമെന്നും ഇന്ത്യയുടെ സമുദ്രപൈതൃകവും അന്താരാഷ്ട്ര സമുദ്രസഹകരണത്തോടുള്ള പ്രതിബദ്ധതയും ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ യാത്രയ്ക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026 ജനുവരി 20ന് കൊച്ചിയില്‍നിന്നാണ് ലോകയാന്‍ 26 യാത്രയ്ക്ക് തുടക്കമായത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി 11 രാജ്യങ്ങളിലെ 17 തുറമുഖങ്ങള്‍ കപ്പല്‍ സന്ദര്‍ശിച്ചു.

രണ്ട് അറ്റ്‌ലാന്റിക് സമുദ്രം മുറിച്ചുകടക്കലുകള്‍ ഉള്‍പ്പെട്ട യാത്രയില്‍ വ്യത്യസ്ത സമുദ്രസാഹചര്യങ്ങളിലൂടെയുള്ള ദീര്‍ഘദൂര സഞ്ചാരവും നടന്നു. സമുദ്രയാത്രയിലെ വെല്ലുവിളികള്‍ നേരിട്ട് മനസ്സിലാക്കാനും നാവികപരിശീലനം മെച്ചപ്പെടുത്താനും ഈ യാത്ര ജീവനക്കാര്‍ക്ക് മികച്ച അവസരമായി.

ഫ്രാന്‍സില്‍ നടന്ന 'എസ്‌കാല്‍ ആ സെറ്റ്' സമുദ്ര പൈതൃകോത്സവത്തിലെ പങ്കാളിത്തവും അമേരിക്കയില്‍ നടന്ന 'സെയില്‍ 250', അന്താരാഷ്ട്ര നാവിക അവലോകനം എന്നിവയിലെ സാന്നിധ്യവും യാത്രയിലെ പ്രധാന നേട്ടങ്ങളായി.

പ്രതികൂല കാലാവസ്ഥയെയും കടല്‍ സാഹചര്യങ്ങളെയും അതിജീവിച്ച് 18 ദിവസംകൊണ്ട് 2,200 നോട്ടിക്കല്‍ മൈല്‍ ദൂരം പായക്കപ്പല്‍ ഉപയോഗിച്ച് മാത്രം സഞ്ചരിച്ചതാണ് യാത്രയിലെ ശ്രദ്ധേയമായ നേട്ടം. ജീവനക്കാരുടെ നാവിക വൈദഗ്ധ്യം, സഹനശേഷി, കൂട്ടായ പ്രവര്‍ത്തനം, വെല്ലുവിളി നിറഞ്ഞ സമുദ്രസാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് എന്നിവയുടെ തെളിവായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.

അന്താരാഷ്ട്ര സമുദ്രസഹകരണം ശക്തിപ്പെടുത്തുന്നതിനും ലോകയാന്‍ 26 അവസരമൊരുക്കി. മൊറോക്കോ, പോര്‍ച്ചുഗല്‍, ഇറ്റലി, ഈജിപ്ത്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ നാവികസേനകളുമായി പ്രൊഫഷണല്‍ ആശയവിനിമയം, പരിശീലന കൈമാറ്റം, സംയുക്ത പരിശീലന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി.

വിവിധ രാജ്യങ്ങളിലെ നാവികസേനകളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുതിയ പാലങ്ങള്‍ പണിയാനും ഈ ഇടപെടലുകള്‍ സഹായിച്ചു.

വിവിധ തുറമുഖങ്ങളിലെ സന്ദര്‍ശനങ്ങള്‍, കപ്പലിലെ സന്ദര്‍ശകര്‍ക്കായുള്ള സൗകര്യങ്ങള്‍, ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ആശയവിനിമയം എന്നിവയിലൂടെ ഇന്ത്യയുടെ സമുദ്ര പൈതൃകത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിനിധിയായി ഐഎന്‍എസ് സുദര്‍ശിനി പ്രവര്‍ത്തിച്ചു.

പ്രാദേശിക സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കുമായി പരസ്പരവും സമഗ്രവുമായ സഹകരണം ലക്ഷ്യമിടുന്ന ഇന്ത്യയുടെ 'മഹാസാഗര്‍' കാഴ്ചപ്പാടും 'വസുധൈവ കുടുംബകം' എന്ന ഭാരതീയ ദര്‍ശനവും യാത്രയിലൂടെ ഉയര്‍ത്തിക്കാട്ടി.

അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം നാവിക പരിശീലനത്തിനും യാത്രയില്‍ പ്രത്യേക പ്രാധാന്യം നല്‍കി. യുവ ഉദ്യോഗസ്ഥ പരിശീലകര്‍ക്ക് സമുദ്രനാവിഗേഷന്‍, കപ്പലിലെ കാവല്‍ച്ചുമതലകള്‍, പായ നിയന്ത്രണം, കയറുകളും പായകളും കൈകാര്യം ചെയ്യല്‍, കാലാവസ്ഥാ വിലയിരുത്തല്‍, കപ്പലിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നേരിട്ടുള്ള പരിശീലനം ലഭിച്ചു.

ഇന്ത്യയുടെ സമുദ്രസഹകരണ- ആഗോള ഇടപെടല്‍ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ലോകയാന്‍ 26ന്റെ വിജയകരമായ പൂര്‍ത്തീകരണം. സമുദ്രയാത്രയിലെ മികവ്, പ്രൊഫഷണല്‍ പരിശീലനം, അന്താരാഷ്ട്ര സൗഹൃദം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഈ ദൗത്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img