ത്രിദിന സമുദ്ര ജൈവവൈവിധ്യ അന്താരാഷ്ട്ര സമ്മേളനത്തിന് കുസാറ്റിൽ തുടക്കം

സമ്മേളനം കേന്ദ്ര ദ്രുവ ഗവേഷണ സ്ഥാപന ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത് വിളിക്കു കൊളുത്തി ഉൽഘാടനം ചെയ്യുന്നു. ഇടതു നിന്നു വലത്തോട്ട് : ഡോ. തമ്പാൻ മേലോത്ത്,ഭൂമിശാസ്ത്ര മന്ത്രാലയത്തിലെ ശാസ്ത്രജ്ഞൻ ഡോ. നോബി ഇ.പി., കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. ജുനൈദ് ബുഷിരി, പ്രൊഫ. ഡോ. എ.എ. മുഹമ്മദ് ഹാത്ത, കുസാറ്റ് രജിസ്ട്രാർ പ്രൊഫ. ഡോ. എ. യു. അരുണ്‍, വകുപ്പ് മേധാവി. പ്രൊഫ്. സജീവൻ. ടി. പി., റുഡ്ജർ ബോസ്കോവിക് ഇൻസ്റ്റിറ്റ്യൂട്ട്, ക്രൊയേഷ്യയിലെ മുതിർന്ന ശാസ്ത്രജ്ഞൻ പ്രൊഫ. സാൻഡി ഓർലിച്
കൊച്ചി: സമുദ്ര ജൈവവൈവിധ്യം, ജനിതക ശാസ്ത്രം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം (ICMBGSD-2025) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) സ്കൂൾ ഓഫ് മറൈൻ സയൻസ് ക്യാമ്പസ്സിൽ ഇന്ന് ആരംഭിച്ചു. ഏപ്രിൽ9 മുതൽ 11 വരെയാണ് സമ്മേളനം.
കുസാറ്റിലെ മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വകുപ്പിന്റെ നേതൃത്വത്തിൽ, ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചും (NCPOR), CUSAT–NCPOR പോളാർ സയൻസസ് സെന്ററുമാണ് സംയുക്തമായി ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര ധ്രുവ ഗവേഷണ സ്ഥാപന ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, മറൈൻ ജൈവവൈവിധ്യ സംരക്ഷണത്തിന് നവീന സമീപനങ്ങൾ ആവശ്യമാണെന്നും, രാജ്യത്തിലെ സമുദ്ര ഗവേഷണം കഴിഞ്ഞ അമ്പത് വർഷമായി വളർച്ചയിലാണെന്നും, ഈ മേഖലയിൽ സഹരിച്ചുള്ള ഗവേഷണങ്ങൾ കൂടുതൽ വരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും 30-ത്തിലധികം സ്ഥാപനങ്ങളിൽ നിന്നുള്ള 400-ത്തിലധികം ഗവേഷകർ പങ്കെടുക്കുകയും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. ജൈവവൈവിധ്യവും ജനിതക ഗവേഷണവും, സുസ്ഥിരതയിലേക്കുള്ള മാർഗങ്ങൾക്കായുള്ള ശാസ്ത്രീയ ചർച്ചകൾക്കും ഈ സമ്മേളനം വേദിയാകും.
ഉദ്ഘാടനച്ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവിയും കൺവീനറുമായ പ്രൊഫ. സജീവൻ ടി.പി. സ്വാഗതവും, ഡോ. തമ്പാൻ മേലോത്ത് സമ്മേളന സംഗ്രഹത്തിന്റെ പുസ്തകം പ്രകാശനവും നടത്തി.
ചടങ്ങിൽ സ്കൂൾ ഓഫ് മറൈൻ സയൻസിന്റെ മുൻ ഡയറക്ടറും, വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ. ഡോ. എ.എ. മുഹമ്മദ് ഹാത്തയെ, മറൈൻ ബയോളജിയിലും പോളാർ ഗവേഷണത്തിലും നൽകിയ സമഗ്ര സംഭാവനകൾക്കായി ആദരിച്ചു. ധ്രുവ ഗവേഷണത്തിലും സമുദ്ര ശാസ്ത്രത്തിനും, അതിന്റെ ഭാവിക്കും ഡോ. ഹാത്ത നൽകിയ സംഭാവനകൾ നിസ്തുലമാണ് എന്ന് ഡോ. തമ്പാൻ മേലോത്ത് പരാമർശിച്ചു.
കുസാറ്റ് രജിസ്ട്രാർ പ്രൊഫ. ഡോ. എ. യു. അരുണ്‍, മറൈൻ സയൻസ് ഡീൻ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദൻ, ക്രൊയേഷ്യയിലെ റുഡ്ജർ ബോസ്കോവിക് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ശാസ്ത്രജ്ഞൻ പ്രൊഫ. സാൻഡി ഓർലിച്, ഭൗമശാസ്ത്ര മന്ത്രാലയത്തിലെ ശാസ്ത്രജ്ഞൻ ഡോ. നോബി ഇ.പി. തുടങ്ങിയ പ്രമുഖർ ചടങ്ങിന് ആശംസകൾ അറിയിച്ചു.











