01:18am 04 July 2026
NEWS
രാജഗിരിയിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു
03/07/2026  06:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരിയിൽ  ദീക്ഷാരംഭം  സംഘടിപ്പിച്ചു
HIGHLIGHTS

അരുൺ നാരയൺ തെക്കതിൽ സെൻ്റർ ഹെഡ് ടാറ്റ കൺസർട്ടസി സർവീസസ് ദീക്ഷാരംഭത്തിൽ സംസാരിക്കുന്നു   രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് പ്രിൻസിപ്പിൽ  ഡോ. സാജു എം  ഡി സമീപം

കൊച്ചി: കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും (ഓട്ടോണമസ്), കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് 'ദീക്ഷാരംഭം 2026' സംഘടിപ്പിച്ചു. ബിരുദ പഠനത്തിനായി ആയിരത്തിഅഞ്ഞൂറിലധികം വിദ്യാർഥികളാണ് ഇത്തവണ രാജഗിരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. കാക്കനാട് രാജഗിരി വാലി കാമ്പസിൽ നടന്ന ചടങ്ങിൽ അധ്യാപകർ പുതുബാച്ചിലെ വിദ്യാർഥികൾക്ക് ദീപം പകർന്നു നൽകിയതോടെ ദീക്ഷാരംഭത്തിന് ഔപചാരിക തുടക്കമായി.

തിരുഹൃദയ പ്രൊവിൻസ് വിദ്യാഭ്യാസ-മാധ്യമ വിഭാഗം ജനറൽ കൗൺസിലർ റവ. ബിനോയ് ഇലവുങ്കൽ സി.എം.ഐ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊച്ചിയിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) സെൻ്റർ ഹെഡ് അരുൺ നാരായൺ തെക്കേതിൽ മുഖ്യാതിഥിയായിരുന്നു. ഓരോ നിമിഷവും അർഥപൂർണമായി ചെലവഴിക്കണമെന്നും സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ് വിജയത്തിലേക്ക് നിരന്തരം പരിശ്രമിക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമ്മിപ്പിച്ചു.

സില്ലിസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറും രാജഗിരി പൂർവ്വ വിദ്യാർഥിയുമായ ജോർജ്ജ് കുര്യൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പാളും ആർ.ബി.എസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ. പ്രൊഫ. ഡോ. സാജു എം. ഡി. സ്വാഗതം ആശംസിച്ചു. അസിസ്‌റ്റൻ്റ് ഡയറക്ടർമാരായ റവ. ഡോ. ഷിൻ്റോ ജോസഫ്, റവ. ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

ചടങ്ങിൽ രാജഗിരി കോളേജ് മാഗസിനായ 'നവത'യുടെ പ്രകാശനവും നടന്നു. കൂടാതെ മികച്ച വിദ്യാർഥികൾക്കുള്ള എക്സലൻസ് അവാർഡുകളും വേദിയിൽ വിതരണം ചെയ്തു.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img