
അസോസിയേഷൻ ഓഫ് പ്ലാൻ്റേഴ്സ് ഓഫ് കേരള വാർഷിക പൊതുയോഗം ഉപാസി പ്രസിഡൻ്റ് അജോയ് തിപ്പയ്യ ഉദ്ഘാടനം ചെയ്യുന്നു.എ പി കെ നിയുക്ത ചെയർമാൻ ടി ആർ രാധാകൃഷ്ണൻ, ചെയർമാൻ പ്രിൻസ് തോമസ് ജോർജ്, സെക്രട്ടറി ബി കെ അജിത് എന്നിവർ സമീപം.
കൊച്ചി : തോട്ടം മേഖല കൂടുതൽ മത്സരക്ഷമമാകണമെന്നും ഉപഭോക്തൃ താൽപര്യത്തിനനുസൃതമായി സുസ്ഥിരതയും ഗുണമേൻമയും ഉറപ്പാക്കണമെന്നും ഉപാസി പ്രസിഡൻ്റ് അജോയ് തിപ്പയ്യ. അസോസിയേഷൻ ഓഫ് പ്ലാൻേറഴ്സ് ഓഫ് കേരളയുടെ (എപികെ) വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം മേഖലയിൽ വിവര സങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. ക്ലൈമറ്റ് സ്മാർട്ട് അഗ്രികൾച്ചറിനായി മണ്ണിൻ്റെ ആരോഗ്യം, ജലസംരക്ഷണം, ജൈവ വൈവിധ്യം, പുനരുപയോഗ ഊർജം എന്നിവയിൽ നിക്ഷേപിച്ചാൽ മികച്ച മോഡലുകൾ സാധ്യമാക്കാൻ കഴിയും. കേരളത്തിലെ പ്ലാൻേറഷൻ മേഖലയിൽ ഉത്തരവാദിത്ത ടൂറിസം അടിസ്ഥാന സൗകര്യ സർക്യൂട്ട് സാധ്യമാക്കിയാൽ അനന്തസാധ്യതകളുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനവും വർധിച്ചുവരുന്ന ചെലവുകളും വിപണിയിലെ ചാഞ്ചാട്ടവും തോട്ടം മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് എപികെ ചെയർമാൻ പ്രിൻസ് തോമസ് ജോർജ് പറഞ്ഞു. നയങ്ങളിലെ വ്യക്തതക്കുറവും തോട്ടം മേഖലയുടെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയുയർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തേയിലയുടെ ഉത്പാദനം 8.42% കുറഞ്ഞ് 58.38 ദശലക്ഷം കിലോഗ്രാമായി. ഉത്പാദനക്ഷമത ഹെക്ടറിന് 1,636 കിലോഗ്രാമായി കുറഞ്ഞു. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്. നീണ്ട വരൾച്ച, ക്രമം തെറ്റിയ മഴ, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം തേയിലയെ ബാധിച്ചു. എന്നാൽ 2025-ന്റെ തുടക്കത്തിൽ മെച്ചപ്പെട്ട മഴ ലഭിച്ചതോടെ, തോട്ടങ്ങൾ കൂടുതൽ സജീവമായെന്നും അദ്ദേഹം പറഞ്ഞു.
കേരളം 647,500 ടൺ സ്വാഭാവിക റബ്ബർ ഉത്പാദിപ്പിച്ചതിലൂടെ ദേശീയ ഉത്പാദനത്തിന്റെ 74% വിഹിതം നിലനിർത്താൻ കഴിഞ്ഞു. വില കിലോയ്ക്ക് 199.85 രൂപ എന്ന ശരാശരിയിലെത്തി.വർഷങ്ങൾക്കിടയിലെ ഏറ്റവും മികച്ച വിലയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽ നിനോയുമായി ബന്ധപ്പെട്ട വരൾച്ചയും, ഉത്പാദനക്ഷമത കുറഞ്ഞതും കാരണം ഏലം ഉത്പാദനം 20% കുറഞ്ഞ് 18,310 ടണ്ണായി. എന്നാൽ വില കിലോയ്ക്ക് 2,627 രൂപയായി ഉയർന്നത് ആശാവഹമാണ്.
കാപ്പി ഉത്പാദനം അൽപ്പം വർധിച്ച് 72,825 മെട്രിക് ടൺ ആയെങ്കിലും ദേശീയ ഉത്പാദനത്തിൽ കേരളത്തിന്റെ വിഹിതം കുറയുന്നത്, മത്സരക്ഷമത നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"മികച്ച കാലാവസ്ഥാ ത്രില്ലറിന്" അവാർഡ് ഉണ്ടെങ്കിൽ കേരളം അതിശക്തമായ മത്സരാർത്ഥിയാകുമെന്നും ചെയർമാൻ പറഞ്ഞു. നയപരമായ തീരുമാനങ്ങൾ എടുപ്പിക്കുന്നതിൽ അസോസിയേഷൻ ജാഗ്രതതയോടെ പ്രവർത്തിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വൈവിധ്യവൽക്കരണത്തിന് നിയമപരമായ വ്യക്തത ഉറപ്പാക്കുകയും കേരള ഭൂപരിഷ്കരണ നിയമത്തിലും ഭൂവിനിയോഗ ഉത്തരവിലുമുള്ള മാറ്റങ്ങൾക്കായി പരിശ്രമിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനതല പ്ലാന്റേഷൻ ബിസിനസ് അഡ്വൈസറി കമ്മിറ്റിയിൽ ശബ്ദമുയർത്തിയത് വഴി ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കങ്ങൾ, വനഭൂമി പാട്ടത്തിന് നൽകുന്ന കാര്യങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷം, അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത എന്നിവയിൽ അനുകൂല തീരുമാനം ഉറപ്പാക്കി. 10 കോടി രൂപയുടെ ലേബർ ഹൗസിംഗ് സപ്പോർട്ട് സ്കീമിന് സൗകര്യമൊരുക്കിയത് തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന്റെ വർഷങ്ങളായുള്ള സമ്മർദ്ദഫലമാണ് കേരള പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ രൂപീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ പി കെ നിയുക്ത ചെയർമാൻ ടി ആർ രാധാകൃഷ്ണൻ, പ്രസംഗിച്ചു.








