06:28pm 14 October 2026
NEWS
ദീപാവലിക്ക് ഒരുപെട്ടി മിഠായി ചോദിച്ചു; വീട്ടിലെത്തിയത് ടിവിയും ഫ്രിഡ്ജും വരെ! റീൽ വൈറലായതോടെ വെട്ടിലായി സോഷ്യൽമീഡിയ താരം വീരമണി
13/10/2026  09:28 AM IST
nila
ദീപാവലിക്ക് ഒരുപെട്ടി മിഠായി ചോദിച്ചു; വീട്ടിലെത്തിയത് ടിവിയും ഫ്രിഡ്ജും വരെ! റീൽ വൈറലായതോടെ വെട്ടിലായി സോഷ്യൽമീഡിയ താരം വീരമണി

ദീപാവലിക്ക് ഒരു പെട്ടി മധുരപലഹാരം കഴിക്കണമെന്ന ആഗ്രഹം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ റീലിട്ടതാണ് തമിഴ്‌നാട് മധുരൈ സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വീരമണിക്ക് വിനയായത്. സ്വീറ്റ് ബോക്സ് ഓർഡർ ചെയ്ത് നൽകണമെന്ന അഭ്യർഥനയ്ക്കൊപ്പം സ്വന്തം വിലാസവും ഫോൺ നമ്പറും കൂടി പങ്കുവച്ചതോടെ വീരമണിയുടെ വീട്ടിലേക്ക് ഓർഡറുകളുടെ പ്രവാഹമായി. എന്നാൽ മധുരപലഹാരങ്ങൾക്ക് പകരം വീട്ടിലെത്തിയത് പഴങ്ങളും പച്ചക്കറികളും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മാത്രമല്ല, ടിവിയും ഫ്രിഡ്ജും വരെ. ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വീരമണി.

വീരമണിയുടെ വീഡിയോ കണ്ട് മനസ്സലിഞ്ഞ ചിലർ ആദ്യം സൗജന്യമായി മധുരപലഹാരങ്ങൾ അയച്ചുനൽകി. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി പലതരം സാധനങ്ങൾ വീരമണിയുടെ വിലാസത്തിലേക്ക് ഓർഡർ ചെയ്യപ്പെടാൻ തുടങ്ങി. മധുരപലഹാരങ്ങൾക്കായി കാത്തിരുന്ന വീരമണിക്ക് ലഭിച്ചത് വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇവയിൽ പലതും ക്യാഷ് ഓൺ ഡെലിവറി (സിഒഡി) ഓർഡറുകളായിരുന്നതോടെ പ്രതിസന്ധി രൂക്ഷമായി.

ഓർഡറുകൾ വർധിച്ചതോടെ ഇനി ആരും സാധനങ്ങൾ അയക്കരുതെന്ന് അഭ്യർഥിച്ച് വീരമണി മറ്റൊരു റീലും പങ്കുവച്ചു. എന്നാൽ അതുകൊണ്ടും പ്രശ്നം അവസാനിച്ചില്ല. മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ പോലും വീരമണിയുടെ പേരിൽ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടതായാണ് വിവരം. ഇതിനിടെ സൗജന്യമായി വൃക്ക ദാനം ചെയ്യുന്നതിനായി വീരമണിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതായും പറയുന്നു. വൃക്ക ആവശ്യപ്പെട്ട് ആളുകൾ വിളിക്കാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയെന്ന് വീരമണി തിരിച്ചറിഞ്ഞത്.

തുടർന്ന് ഇനി ആരും ഓർഡറുകൾ നൽകുകയോ തന്റെ വിവരങ്ങൾ ദുരുപയോഗം ചെയ്യുകയോ ചെയ്യരുതെന്ന് അഭ്യർഥിച്ച് വൈകാരികമായ മറ്റൊരു വീഡിയോയും വീരമണി പുറത്തുവിട്ടു. നിലവിലെ സാഹചര്യത്തിൽ വീടുവിട്ട് മാറേണ്ടിവരുമെന്ന അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.

ഓർഡറുകൾ റദ്ദാക്കിയതോടെ ഡെലിവറി ഏജന്റുമാരിൽ ചിലർ കടുത്ത അമർഷം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. സാധനങ്ങൾ എത്തിക്കാൻ ചെലവഴിച്ച സമയവും അധ്വാനവും പാഴായതിനെതിരെ ഓൺലൈൻ ഡെലിവറി രംഗത്തുള്ളവരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്. തമാശയോ പ്രാങ്കോ എന്ന പേരിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് മറ്റുള്ളവരുടെ സമയവും ജോലിയും ബുദ്ധിമുട്ടിലാക്കുമെന്നാണ് വിമർശനം.

രണ്ട് ലക്ഷത്തോളം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള വീരമണിക്ക് യൂട്യൂബ് ചാനലുമുണ്ട്. ദീപാവലിക്ക് ഒരു പെട്ടി മധുരപലഹാരം ലഭിക്കണമെന്ന ആഗ്രഹത്തിൽ പങ്കുവച്ച വീഡിയോ ഒടുവിൽ വലിയ പ്രതിസന്ധിക്ക് കാരണമായതോടെ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img