
കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ സജീവമാകുന്നു. എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴിലാളികൾ സജീവമാകുന്നത്. അവധി ദിവസങ്ങളിൽ മറ്റു ജില്ലകളിൽ നിന്നുപോലും അന്യസംസ്ഥാന തൊഴിലാളികൾ ഇവിടങ്ങളിലേക്ക് എത്തുന്നതായാണ് പ്രദേശവാസികളുടെ പരാതി.
അവധി ദിനങ്ങളിൽ എറണാകുളത്തെ ചില പ്രദേശങ്ങളിൽ മലയാളികൾക്ക് തനിച്ച് യാത്ര ചെയ്യാൻ പോലും പ്രയാസമാണെന്ന പരാതിയും ഉയരുന്നുണ്ട്. ബംഗാളിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഉൾപ്പെടെ യുവതികളെ ഇവിടങ്ങളിലേക്ക് മാംസവ്യാപാരത്തിനായി എത്തിക്കുന്നുണ്ട് എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പരസ്യമായി തെരുവുകളിൽ പുകയില കച്ചവടവും തകൃതിയാണ്. പലരും ലഹരി ഉപയോഗിച്ചാണ് പൊതുസ്ഥലങ്ങളിൽ എത്തുന്നത്.
അതേസമയം, കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും വർധിക്കുകയാണ്. കൊലക്കുറ്റത്തിലും ബലാത്സംഗത്തിലും ഉൾപ്പെടെ പ്രതികളായ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ തങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ട്. വ്യാജ രേഖകളുമായി ബംഗ്ലാദേശികളും കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇവരുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ കേരള പൊലീസിനും ലഭ്യമല്ല. ഈ മാസം മാത്രം ഏഴ് ബംഗ്ലാദേശികളാണ് എറണാകുളത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിലായിരുന്നു. വ്യാജ തിരിച്ചറിയൽ രേഖകളാണ് ഇവർ ഉപയോഗിക്കുന്നത്. സെക്സ് റാക്കറ്റുകൾ ബംഗ്ലാദേശിൽ നിന്നും ഇവിടേക്ക് യുവതികളെ എത്തിക്കുന്നുണ്ട് എന്ന ആരോപണം ശക്തമാണ്.











